മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
എം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസ് കുറ്റപത്രത്തില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. എം ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തി. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചാണ് സന്ദേശം. പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മൗനം പാലിച്ചുവെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു.സ്വപനയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 303 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളുടെ പക്കല്‍ അനധികൃത സ്വത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. വരവില്‍ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ട്. രേഖകള്‍ ഇല്ലാതെയാണ് ഇവയെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം കള്ളപ്പണ ഇടപാടുകള്‍ നടന്നതിന് തെളിവാണെന്ന് ഇ.ഡി വാദിക്കുന്നു. പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞുവെന്ന് കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. മൂന്ന് പേര്‍ക്കും ജാമ്യം കൊടുക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് കോടതി ശിക്ഷാനടപടി സ്വീകരിക്കണം എന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.