ചെറുപ്പത്തിലേ കഷണ്ടിയാകുന്നോ? വില്ലൻ ഷാംപൂവല്ല, ഈ ശീലങ്ങൾ മാറ്റാം

0
6

ചെറുപ്പത്തിൽ തന്നെ മുടികൊഴിച്ചിൽ വന്ന് കഷണ്ടിയാകുന്നത് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. മുടി കൊഴിയാൻ തുടങ്ങുമ്പോൾ ഷാംപൂവോ എണ്ണയോ മാറ്റിയാൽ പ്രശ്നം തീരുമെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് വെറുമൊരു തലയോട്ടിയിലെ പ്രശ്നമല്ലെന്നും, നമ്മുടെ മാറിയ ജീവിതശൈലിയും മാനസിക സമ്മർദവുമാണ് ഇതിന് പിന്നിലെ പ്രധാന വില്ലനെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

രാജ്യത്തെ പ്രമുഖ കേശസംരക്ഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യയിലുടനീളമുള്ള 5.61 ലക്ഷത്തോളം പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഉത്തരേന്ത്യക്കാരെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ പുരുഷന്മാരിലാണ് മുടികൊഴിച്ചിൽ അതിരൂക്ഷമെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. തമിഴ്‌നാട്, തെലങ്കാന, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പുരുഷന്മാരുടെ മുടിയുടെ ആരോഗ്യം വലിയ ആശങ്കയുണ്ടാക്കുന്നതാണ്.

ഐടി മേഖലയിലുൾപ്പെടെ ജോലി ചെയ്യുന്ന യുവാക്കളിലെ വർധിച്ച ജോലിഭാരവും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുടികൊഴിച്ചിൽ വെറുമൊരു ബാഹ്യപ്രശ്നമല്ലെന്നും, ബാധിക്കപ്പെട്ട വ്യക്തികളിലെ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്നും പഠനം വിശദീകരിക്കുന്നു. ശ്രദ്ധേയമായ കാര്യം, മുടികൊഴിച്ചിൽ അനുഭവപ്പെടുന്ന പുരുഷന്മാരുടെ ശരാശരി പ്രായം 29 ആണ് എന്നതാണ്. 55.2 ശതമാനം ആളുകളിലും പ്രശ്നം ഗുരുതരമായതിന് ശേഷം മാത്രമാണ് അവർ വിദഗ്ധരെ സമീപിക്കുന്നത്.

വില്ലനായി മാറുന്ന ജീവിതശൈലി
ചെറുപ്പത്തിൽ തന്നെയുള്ള മുടികൊഴിച്ചിലിന് പ്രധാന കാരണം മാറിയ ജീവിതശൈലിയാണെന്ന് പഠനം അടിവരയിടുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കുകയും ആന്തരിക സമ്മർദം വർധിക്കുകയും ചെയ്യുമ്പോൾ, അതിൻ്റെ ആഘാതം ആദ്യം പ്രകടമാകുന്നത് മുടിയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായ മാനസിക സമ്മർദം കോർട്ടിസോളിൻ്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു. ഇത് മുടിയുടെ വളർച്ചാ ചക്രത്തെ സാരമായി തടസ്സപ്പെടുത്തും. മാനസിക സമ്മർദത്തിൻ്റെ ദേശീയ ശരാശരി 54.6 ശതമാനമാണെങ്കിൽ, തമിഴ്‌നാട്ടിൽ ഇത് 64.3 ശതമാനവും തെലങ്കാനയിൽ 63.6 ശതമാനവും കർണാടകയിൽ 61.3 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉറക്കമില്ലായ്മയും പോഷകക്കുറവും
വീടുകളിൽ മൊബൈൽ ഫോണുകളുടെയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും അമിതമായ ഉപയോഗം ആളുകളുടെ ഉറക്കത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഉറക്കമില്ലായ്മ തമിഴ്‌നാട്ടിൽ 42.3 ശതമാനം ആളുകളെയും തെലങ്കാനയിൽ 36.7 ശതമാനം ആളുകളെയും കർണാടകയിൽ 33.4 ശതമാനം ആളുകളെയും ബാധിക്കുന്നുണ്ട്. ഇത് 29.5 ശതമാനം എന്ന ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. കൂടാതെ, പോഷകങ്ങളുടെ കുറവ് ശരീരത്തിൻ്റെ ഉപാപചയ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും, മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് തടയുകയും ചെയ്യുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരം വ്യാപകമായതും ഇതിനൊരു കാരണമാണ്.

ഷാംപൂ മാറ്റിയാൽ പ്രശ്നം തീരില്ല
എണ്ണയോ ഷാംപൂവോ മാറ്റുന്നത് കൊണ്ട് മാത്രം മുടികൊഴിച്ചിൽ എന്ന പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക ഫലപ്രദമായ മാർഗം. മാനസിക സമ്മർദം കുറയ്ക്കുക, കൃത്യമായ ഉറക്കം ഉറപ്പാക്കുക എന്നിവയിലൂടെ ചെറുപ്പത്തിൽ തന്നെയുള്ള ഈ പ്രശ്നം ഒരു പരിധിവരെ തടയാനാകും.

ഇതിനൊപ്പം മുട്ട, മത്സ്യം, ചിക്കൻ, ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടതും അനിവാര്യമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശീലമാക്കിയാൽ മുടികൊഴിച്ചിൽ വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here