ബാങ്കോക്ക്: മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്ത് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടു. വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ മാർക്കറ്റിന് സമീപമാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 58 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ 22 പേരുടെ നില ഗുരുതരമാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലെയിൽ നിന്ന് 340 കിലോമീറ്റർ അകലെയുള്ള ക്യൗക്ടോ ടൗൺഷിപ്പിലാണ് തിങ്കളാഴ്ച ഉച്ചയോടെ ആക്രമണം നടന്നത്. പ്രദേശത്തിൻ്റെ നിയന്ത്രണമുള്ള അരാകൻ ആർമി എന്ന സായുധ വിമത ഗ്രൂപ്പാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഉച്ചയോടെ എത്തിയ പോർവിമാനം പ്രാദേശിക മാർക്കറ്റിന് സമീപം രണ്ട് ബോംബുകൾ വർഷിക്കുകയായിരുന്നു.
കച്ചവടക്കാരും സാധനങ്ങൾ വാങ്ങാൻ എത്തിയവരും കാൽനടയാത്രക്കാരുമാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. രാഖൈൻ സംസ്ഥാനത്തെ പ്രധാന മൊത്തവ്യാപാര കേന്ദ്രമായതിനാൽ ഇവിടെ വലിയ ജനത്തിരക്കുണ്ടായിരുന്നു. രാഖൈനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിതെന്ന് മുതിർന്ന രക്ഷാപ്രവർത്തകനായ വായ് ഹുൻ ഓങ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കി.
തിരിച്ചടിക്കുമെന്ന് അരാകൻ ആർമി
കൂട്ടക്കുരുതിക്ക് കാരണമായ വ്യോമാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉടൻ തന്നെ ശക്തമായ തിരിച്ചടി നൽകുമെന്ന് അരാകൻ ആർമി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങൾ കത്തിയമരുന്നതും വാഹനങ്ങൾ തകർന്നുകിടക്കുന്നതും സമീപത്തെ പാലത്തിൻ്റെ ഒരു ഭാഗം തകർന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സംഭവത്തോട് മ്യാൻമർ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തീവ്രവാദികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ മാത്രമാണ് തങ്ങൾ നടത്തുന്നതെന്നാണ് സൈന്യത്തിൻ്റെ മുൻകാല വാദങ്ങൾ.
തുടരുന്ന ആഭ്യന്തര സംഘർഷം
2021 ഫെബ്രുവരി ഒന്നിന് ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത് മുതൽ മ്യാൻമർ കടുത്ത ആഭ്യന്തര സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ സൈന്യം അടിച്ചമർത്തൽ നയം സ്വീകരിച്ചതോടെയാണ് രാജ്യത്ത് സായുധ പോരാട്ടങ്ങൾ ശക്തമായത്.
ജനാധിപത്യ അനുകൂല സേനകൾക്കും വംശീയ സായുധ ഗ്രൂപ്പുകൾക്കും നേരെ സൈന്യം നിരന്തരം വ്യോമാക്രമണങ്ങൾ നടത്തുന്നുണ്ട്. രാഖൈനിലെ വംശീയ ന്യൂനപക്ഷങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെട്ട് പോരാടുന്ന അരാകൻ ആർമിക്ക് മികച്ച പരിശീലനവും ആയുധങ്ങളുമുണ്ട്. 2023 നവംബറിൽ രാഖൈനിൽ ഇവർ നടത്തിയ മുന്നേറ്റത്തിൽ തന്ത്രപ്രധാനമായ സൈനിക ആസ്ഥാനവും സംസ്ഥാനത്തെ 17 ടൗൺഷിപ്പുകളിൽ 14 എണ്ണവും പിടിച്ചെടുത്തിരുന്നു.
രാഖൈനിൽ പോരാട്ടം രൂക്ഷമായതോടെ വ്യാപാര പാതകളിൽ സൈന്യം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് പ്രദേശത്ത് വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ രാഖൈനിലെ മ്രൗക്-യു ടൗൺഷിപ്പിലെ ഒരു ആശുപത്രിക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമാനമായ ആക്രമണം ഉണ്ടായിരിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്.





