എറണാകുളം: കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ശ്വാസകോശ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കുന്നതായി ശ്വാസ കോശ വിദഗ്‌ധരുടെ മുന്നറിയിപ്പ്. മാറുന്ന കാലാവസ്ഥ മനുഷ്യൻ്റെ ആന്തരിക അവയവങ്ങളിൽ അന്തരീക്ഷവുമായി നേരിട്ട് ബന്ധപ്പെടുന്ന ശ്വാസകോശത്തെയാണ് ഏറ്റവും വേഗത്തിൽ ബാധിക്കുന്നത്. അതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗബാധകൾ തടയാൻ വ്യക്തിഗത ജാഗ്രതയ്‌ക്കൊപ്പം സർക്കാരിൻ്റെ ശക്തമായ മുൻകരുതൽ നടപടികളും അടിയന്തരമായി ഉണ്ടാകണമെന്ന് കൊച്ചിയിലെ പ്രമുഖ ശ്വാസകോശ രോഗ വിദഗ്‌ധനും അപെക്‌സ് പൾമണോളജി ക്ലിനിക്കിൻ്റെ മാനേജിങ് ഡയറക്‌ടറുമായ ഡോ. സുബിൻ അഹമ്മദ് ഇ ടിവി ഭാരതിനോട് വ്യക്തമാക്കി.
ഭൂമിയിലെ താപനില ഉയരുന്നതും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂട്ടുന്ന ഹരിതഗൃഹ പ്രഭാവവും ശ്വാസകോശ വ്യവസ്ഥയെ നേരിട്ട് തകരാറിലാക്കുന്നുണ്ട്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കഴിഞ്ഞ മൂന്ന് മാസമായി അതീവ തീവ്രതയോടെയും എളുപ്പത്തിലും പടർന്നുപിടിക്കുന്ന ഇൻഫ്ലുവൻസ (ഫ്ലൂ) പോലുള്ള വൈറൽ അണുബാധകൾ വർധിച്ചതിന് പിന്നിൽ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ്. ഇതിനുപുറമേ ആഗോളതാപനവും വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു.
ശ്വാസകോശാർബുദത്തിലും വർധനവ്
കേരളത്തിൽ ശ്വാസകോശ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാണ്. ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഒഴികെയുള്ള മറ്റ് എല്ലാത്തരം ചികിത്സാരംഗത്തും കേരളം രാജ്യത്ത് തന്നെ മുൻപന്തിയിലുമാണ്. എന്നാൽ, മാറുന്ന ജീവിതശൈലിയും പരിസ്ഥിതി മലിനീകരണവും രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാക്കുന്നത്. പുതിയ തലമുറയിൽ പുകവലി മൂലമുള്ള രോഗങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങൾ മറ്റ് രോഗങ്ങളെപ്പോലെ തന്നെ ശ്വാസകോശത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
ശ്വാസകോശാർബുദത്തിൻ്റെ പ്രധാന കാരണം ഇപ്പോഴും പുകവലി തന്നെയാണ്. എന്നാൽ പുകവലിക്കാത്ത നിരവധി ആളുകളും നിലവിൽ ശ്വാസകോശ അർബുദത്തിന് ചികിത്സ തേടുന്നുണ്ടെന്ന് ഡോക്‌ടർ ചൂണ്ടിക്കാട്ടുന്നു. ജനിതക ഘടകങ്ങൾക്ക് പുറമേ, വീടുകളിൽ വിറകടുപ്പിൽ പാചകം ചെയ്യുന്ന സ്ത്രീകളിലും ചില വ്യാവസായിക മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിലും ശ്വാസകോശ അർബുദം കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഡോക്‌ടർ പറഞ്ഞു.
സർക്കാർ തലത്തിൽ ഉണ്ടാകേണ്ട അടിയന്തര ഇടപെടലുകൾ
അന്തരീക്ഷ മലിനീകരണം തടയുന്നതിനും കാർബൺ ഫൂട്ട്പ്രിൻ്റ് കുറയ്ക്കുന്നതിനും സർക്കാർ തലത്തിൽ ശക്തമായ നിയമനിർമാണങ്ങൾ അത്യന്താപേക്ഷിതമാണ്. ലോകത്ത് കാർബൺ ഫൂട്ട്പ്രിൻ്റെ നെഗറ്റീവായ ഏക രാജ്യം ഭൂട്ടാനാണ്. ആ മാതൃക ഉൾക്കൊണ്ട് വനനശീകരണം പൂർണമായി തടയുകയും വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിക്കുകയും വേണം. നഗരപ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക പ്രദർശിപ്പിക്കുന്നത് ജനങ്ങൾക്ക് ഏറെ സഹായകരമാകും. ഉദാഹരണത്തിന് കൊച്ചി എംജി റോഡ് പോലുള്ള തിരക്കേറിയ ഭാഗങ്ങളിൽ ദിനംപ്രതിയുള്ള എയർ ക്വാളിറ്റി വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ഇത് പരസ്യപ്പെടുത്തുകയാണെങ്കിൽ, അലർജിയും ശ്വാസകോശ രോഗങ്ങളുമുള്ളവർക്ക് വായുമലിനീകരണം കൂടിയ ദിവസങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും മുൻകരുതലുകൾ എടുക്കാനും സാധിക്കും. നിലവിൽ ദേശീയപാതയുടെയും കൊച്ചി മെട്രോയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ നിന്നാണ് കൂടുതൽ പേർ ശ്വാസകോശ തകരാറുകളുമായി ചികിത്സ തേടിയെത്തുന്നതെന്നാണ് ഡോക്‌ടർ പറയുന്നത്.
വ്യക്തികൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
ശ്വാസകോശ സംരക്ഷണത്തിനായി ഓരോ വ്യക്തിയും ദൈനംദിന ജീവിതത്തിൽ കൃത്യമായ മുൻകരുതലുകൾ പാലിക്കേണ്ടതുണ്ട്. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ശ്വാസകോശത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്. കൃത്യസമയത്ത് മിതമായ അളവിൽ പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, വായുമലിനീകരണവും പൊടിയും കൂടുതലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കുക, ശ്വാസകോശ ശേഷി വർധിപ്പിക്കുന്നതിനായി ദിവസവും പതിവായി വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും വ്യക്തിഗത ശ്രദ്ധ വേണമെന്ന് നിർദേശിക്കുന്നു.
ശ്വാസകോശം മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾ, കേരളം മുന്നേറേണ്ടതുണ്ട്
ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ് കേരളം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ശ്വാസകോശ പരാജയം ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരാളിൽ നിന്ന് ഉടൻ തന്നെ സ്വീകരിക്കുന്ന ശ്വാസകോശം കൊണ്ട് മാത്രമേ മറ്റൊരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ. മണ്ണിലേക്ക് ജീർണിച്ചുപോകുന്ന ഒരു അവയവം മറ്റൊരാൾക്ക് പുതുജീവൻ നൽകുമെന്നതിനെക്കുറിച്ച് സമൂഹത്തിൽ വലിയ തോതിലുള്ള ബോധവത്ക്കരണം അനിവാര്യമാണ്. കൂടാതെ അവയവ ലഭ്യതയിലെ സുതാര്യത ഉറപ്പുവരുത്താൻ കഴിഞ്ഞാൽ ശ്വാസകോശം മാറ്റിവെക്കൽ ചികിത്സാരംഗത്തും കേരളത്തിന് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് ഡോ. സുബിൻ അഹമ്മദ് കൂട്ടിച്ചേർത്തു.





