വി.വി രാജേഷിനെ പരസ്യമായി പ്രശംസിച്ച് പിഡിപി നേതാവ്.

0
5

തിരുവനന്തപുരം കോർപറേഷൻ മേയറും ബിജെപി നേതാവുമായ വി.വി രാജേഷിനെ പരസ്യമായി പ്രശംസിച്ച് പിഡിപി നേതാവ്. രാജേഷിന് ഒരുതരത്തിലുള്ള വർഗീയതയുമില്ലെന്നും അദ്ദേഹം തികഞ്ഞ മനുഷ്യസ്നേഹിയാണെന്നും മുതിർന്ന പിഡിപി നേതാവ് പറഞ്ഞു. ഒരു ബിജെപിക്കാരന് ഇത്രയേറെ വിശാലമനസ്കതയോടെ പ്രവർത്തിക്കാൻ കഴിയുമോ എന്ന് അത്ഭുതം തോന്നിയെന്നും അദ്ദേഹത്തിന്റെ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളോടും താൻ നൂറു ശതമാനം യോജിക്കുന്നുവെന്നും പിഡിപി നേതാവ് പറഞ്ഞു.

മുസ്ലിം സമുദായത്തിന്റെ തലസ്ഥാനത്തെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളാണ് ബീമാപള്ളിയും വിഴിഞ്ഞവും. രണ്ട് കേന്ദ്രങ്ങളിലും അവിടെയുള്ള മഹല്ലുകളിലും രാജേഷ് മേയർ എന്ന നിലയിൽ നൽകുന്ന പിന്തുണ നേരിട്ട് അനുഭവവേദ്യമാണെന്ന് നവാസ് കുറിച്ചു. ജാതിയോ മതമോ രാഷ്ട്രീയ പശ്ചാത്തലമോ നോക്കാതെ അവിടങ്ങളിലെ ആരാധനാപരമായ ആവശ്യങ്ങളും വികസന കാര്യങ്ങളും മുൻഗണന നൽകി നടപ്പിലാക്കുന്ന സമീപനമാണ് മേയറുടേത്.
മതപരമായ ചടങ്ങുകൾ നടക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കാൻ അദ്ദേഹം കാണിക്കുന്ന താല്പര്യം അങ്ങേയറ്റം അഭിനന്ദനാർഹമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാൻ സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ഭരണമികവായി പൊതുസമൂഹം കാണുന്നതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ നവാസ് വിശദീകരിക്കുന്നു.

വി.വി രാജേഷുമായി വർഷങ്ങൾക്ക് മുൻപ് ഉണ്ടായ വ്യക്തിപരമായ കൂടിക്കാഴ്ചയുടെ ഓർമകളും പിഡിപി നേതാവ് പങ്കുവച്ചു. സഹോദരനായ അഡ്വക്കേറ്റ് ഉമ്മറിനൊപ്പം രാജേഷിന്റെ കുടുംബവീട്ടിൽ പോയ സന്ദർഭമാണ് അദ്ദേഹം ഓർത്തെടുത്തത്. ഉമ്മറും രാജേഷും ഒരുമിച്ച് പഠിച്ച സഹപാഠികളായിരുന്നു. അന്ന് രാജേഷ് എബിവിപിയുടെ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കാലമായിരുന്നു. താൻ അന്ന് പിഡിപിയുടെ ജില്ലാ ഭാരവാഹിയുമായിരുന്നു.
തന്റെ സഹോദരൻ തന്നെ പിഡിപി ജില്ലാ നേതാവായി രാജേഷിന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം കസേരയിൽനിന്ന് എഴുന്നേറ്റുനിന്ന് കൈ നൽകി സ്നേഹത്തോടെ സ്വീകരിക്കുകയും ഇരുത്തുകയും ചെയ്തത് ഇന്നും ഓർമയിലുണ്ട്. രാഷ്ട്രീയമായ ചേരിതിരിവോ മുൻവിധികളോ ഇല്ലാതെ വ്യക്തികളെ ആദരിക്കാനും സ്നേഹിക്കാനും അന്ന് അദ്ദേഹം കാണിച്ച അതേ മനസ്സാണ് ഇപ്പോഴും മേയർ പദവിയിലിരിക്കുമ്പോഴും കാണുന്നത്. അന്ന് തന്നെ ഉമ്മർ തന്നോട് പറഞ്ഞിരുന്നു, വി.വി രാജേഷിന് ഒരുവിധത്തിലുള്ള വർഗീയതയുമില്ലെന്നും അവൻ നല്ലൊരു മനുഷ്യസ്നേഹിയാണെന്നും. ആ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണ് ഇപ്പോൾ തലസ്ഥാനത്ത് കാണുന്നതെന്ന് നവാസ് സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ജനങ്ങൾക്ക് ഗുണകരമായ നല്ല കാര്യങ്ങൾ ആര് ചെയ്താലും അവരെ പിന്തുണയ്ക്കണമെന്ന നിലപാടാണ് തനിക്കുള്ളതെന്ന് നവാസ് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here