ലോകശ്വാസകോശ ദിനം;

0
9

സിഗററ്റ് പുക അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷമാകുന്നുവെന്നാണ് നാം ഓരോരുത്തരും ധരിക്കുന്നത്. നമ്മുടെ ശരീരത്തിലേക്കും. എന്നാല്‍ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാകുന്നുവെന്ന് നാം കരുതുന്ന ഈ പുകയ്ക്ക് നമ്മുടെ ശ്വാസകോശങ്ങളില്‍ ദീര്‍ഘകാല കേടുപാടുകള്‍ വരുത്താനുള്ള ശേഷിയുണ്ട്.

നിങ്ങള്‍ സിഗററ്റ് പുക ശ്വസിക്കുമ്പോള്‍ ഉള്ളിലേക്ക് നമുക്ക് സുപരിചിതമായ നിരവധി കാര്‍സിനോജനുകള്‍ അടക്കം പതിനായിരക്കണക്കിന് രാസവസ്‌തുക്കളാണ് എത്തിച്ചേരുന്നത്. ഇതിന്‍റെ ആഘാതങ്ങള്‍ ഉടനടി തന്നെ ശ്വാസകോശത്തില്‍ ആരംഭിക്കുന്നു.

പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്ന നിരവധി ഘടകങ്ങള്‍ ശ്വാസനാളത്തെയെല്ലാം തന്നെ അസ്വസ്ഥമാക്കുന്നു. ഇത് മൂക്കളയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മൂക്കിനുള്ളിലെ സ്രവങ്ങളെയും ചെറുവസ്‌തുക്കളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചെറുരോമങ്ങളുമായും ഇത് സമ്പര്‍ക്കത്തില്‍ വരുന്നു. തത്ഫലമായാണ് പുകവലിക്കാരില്‍ ചുമയുണ്ടാകുന്നത്. ഇതിന് പുറമെ തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. ചെറുപ്രായത്തില്‍ തന്നെ കഫത്തിന്‍റെ അളവും വര്‍ദ്ധിപ്പിക്കുന്നു.

ശ്വാസകോശങ്ങള്‍ മോചിതമാകാന്‍ എത്രസമയമെടുക്കും?

ഇതിന് പ്രത്യേക സമയപരിധിയില്ല. എത്രനാള്‍ ഒരാള്‍ പുകവലിച്ചു എന്നതിനെ ആശ്രയിച്ചാണ് ഇത്. എത്രമാത്രം പുകവലിച്ചു എന്നതും വിഷയമാണ്. ഇതിന് പുറമെ നേരത്തെ എന്തെങ്കിലും ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നതും ഇക്കാര്യത്തെ സ്വാധീനിക്കുന്നു. സിഗററ്റ് വലി ഉപേക്ഷിച്ചാലുടന്‍ തന്നെ കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങും. അതേസമയം ശ്വാസനാളവും ശ്ളേഷ്‌മ സ്‌തരവും മറ്റും സാധാരണ നിലയിലാകാന്‍ കുറച്ച് കൂടുതല്‍ സമയമെടുക്കും.

പുകവലി ഉപേക്ഷിച്ചാലുടന്‍ തന്നെ രക്തത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡ് നില താഴാന്‍ തുടങ്ങുന്നു. എന്നാല്‍ ശരീരത്തില്‍ നിന്ന് അതിവേഗം തന്നെ നിക്കോട്ടിന്‍ പോകും. എങ്കിലും നിരന്തരപുകവലിയിലൂടെ ഉണ്ടായ അസ്വസ്ഥതകള്‍ ഉടനെ ഒന്നും വിട്ടുമാറില്ല. ശ്വാസകോശത്തിന് സാധാരണ ശുചീകരണപ്രവൃത്തികള്‍ പുനഃസ്ഥാപിക്കാനും സ്രവങ്ങളുടെ ഉത്പാദനം കുറയ്ക്കാനും നിലവിലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കാനും കൂടുതല്‍ സമയം വേണ്ടി വരും.

സാധാരണയായി ഒരു ദിവസം വളരെ കുറഞ്ഞ തോതില്‍ പുകവലിക്കുന്നവര്‍ക്കും ശ്വാസകോശത്തിലെ എരിച്ചില്‍, ശ്വാസ കോശപ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങള്‍ എന്നിവയുണ്ടാകും. അത് കൊണ്ട് തന്നെ വല്ലപ്പോഴുമുള്ള സിഗററ്റ് വലിയും കുറഞ്ഞ അളവിലുള്ള സിഗററ്റ് വലിയും അപകടകരം തന്നെയാണ്.

ചിലരില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ലക്ഷണങ്ങള്‍ ഉടലെടുക്കുന്നു. രാവിലെയുണ്ടാകുന്ന നിര്‍ത്താത്ത ചുമ, വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍, ആവര്‍ത്തിച്ചുള്ള ശ്വാസകോശത്തിലെ അണുബാധകള്‍ പോലുള്ള ലക്ഷണങ്ങള്‍ കാണും വരെ പുകവലിക്കാര്‍ കരുതുന്നത് പുകവലി കൊണ്ട് തങ്ങളുടെ ശ്വാസ കോശത്തിന് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ലെന്നാണ്. യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാത്തത് കൊണ്ട് രക്ഷപ്പെട്ടെന്ന് കരുതേണ്ട. ഇതും ശ്വാസകോശങ്ഹള്‍ ആരോഗ്യകരമാണന്നതിന്‍റെ സൂചനയല്ല.

ശുഭകരമായ ഒരു കാര്യമെന്നത് പുകവലി ഉപേക്ഷിക്കുന്നതോടെ ഭേദമാകാനുള്ള ശേഷി ശ്വാസകോശങ്ങള്‍ക്കുണ്ടെന്നതാണ്. പുകവലി ഉപേക്ഷിച്ചാല്‍ കുറഞ്ഞൊരു സമയം കൊണ്ട് തന്നെ ശരീരം കാര്‍ബണ്‍ മോണോക്‌സൈഡ് അടക്കമുള്ളവ ശുചീകരിക്കാന്‍ തുടങ്ങുന്നു. ആഴ്‌ചകളും മാസങ്ങളും പിന്നിടുന്നതോടെ ചുമ, ശ്വാസംമുട്ട് പോലുള്ള പ്രശ്‌നങ്ങള്‍ കുറയുന്നു. മൂക്കിനുള്ളിലെ രോമങ്ങള്‍ വായുവിലൂടെ ഉള്ളില്‍ കടക്കുന്ന വസ്‌തുക്കള്‍ വൃത്തിയാക്കാനുള്ള ശേഷി തിരികെ കിട്ടുന്നു. ദീര്‍ഘകാലം ഒരാള്‍ക്ക് പുകവലിക്കാതെ ഇരിക്കാനാകുന്നുണ്ടെങ്കില്‍ വലിയ ആരോഗ്യ നേട്ടങ്ങളുണ്ടാകും.

ഒരു ശ്വാസ തടസം ഉണ്ടാകും വരെ നടപടി എടുക്കാന്‍ വേണ്ടി കാത്തിരിക്കരുത്. ഓരോ സിഗററ്റും ശ്വാസകോശങ്ങളെ നശിപ്പിക്കാം. വിട്ടുമാറാത്ത ശ്വാസകോശരോകങ്ങളും ശ്വാസകോശാര്‍ബുദവും സമ്മാനിക്കാം. വര്‍ഷങ്ങളായി പുകവലിക്കുന്നവരിലും പുകവലി ഉപേക്ഷിക്കുന്നതോടെ മാറ്റങ്ങളുണ്ടാകാം.

കേവലം ഇച്‌ഛാശക്തി കൊണ്ട് മാത്രം പുകവലി ഉപേക്ഷിക്കാനാകുമെന്ന് കരുതരുത്. ഘടനാപരമായ ഒരു സമീപനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. പുകവലി ഉപേക്ഷിക്കാനുള്ള ദിവസം നിശ്ചയിക്കുക, പ്രഭാത ചായ, തൊഴിലിലെ ഇടവേളകള്‍, മദ്യം പോലുള്ള ഇതിന് ആക്കം കൂട്ടുന്ന കാരണങ്ങള്‍ കണ്ടെത്തുക. ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിച്ച് കൃത്യമായ ചികിത്സ ഉറപ്പാക്കുക. നിക്കോട്ടിന്‍ ആശ്രിതാക്കളില്‍ റിക്കോട്ടിന്‍ മാറ്റി വയ്ക്കല്‍ ചികിത്സയും കൗണ്‍സിലിങ്ങും സഹായകമാകും.

പുക നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാകും. പക്ഷേ ശ്വാസകോശത്തിന് സാധാരണ നിലയിലാകണമെങ്കില്‍ ദീര്‍ഘകാലം വേണ്ടി വരും. എത്രയും നേരത്തെ പുകവലി ഉപേക്ഷിക്കുന്നുവോ നിങ്ങളുടെ ശ്വാസകോശങ്ങള്‍ക്ക് വീണ്ടെടുപ്പിനുള്ള അത്രയും അവസരം കിട്ടുകയാണ്. ഒപ്പം ഭാവിക്കായി നിങ്ങളുടെ ശ്വാസത്തെ സംരക്ഷിക്കുകയും.

ചെന്നൈയിലെ ഗ്ലെനീജീയല്‍സ് ആശുപത്രിയിലെ ശ്വാസ കോശവിഭാഗം കണ്‍സള്‍ട്ടന്‍റാണ് ലേഖകനായ ഡോ.സുരേഷ് സഗദേവന്‍. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മെഡിക്കല്‍ ജേര്‍ണലുകളില്‍ അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനത്തിലെ അഭിപ്രായങ്ങള്‍ ലേഖകന്‍റേത് മാത്രമാണ്. ലേഖനത്തിലെ കാഴ്‌ചപ്പാടുകള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളുമായി യാതൊരു ബന്ധവുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here