നിയമസഭയിൽ ഡ്രൈവറായി നിയമിച്ച യദുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടന

0
3

നിയമസഭയിൽ ഡ്രൈവറായി നിയമിച്ച യദുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടന; വിവാദം വീണ്ടും സജീവം

മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള റോഡ് തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ ജോലി നഷ്ടപ്പെട്ട ഡ്രൈവർ യദുവിനെ നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമിച്ചതിനെതിരെ ഇടത് ജീവനക്കാരുടെ സംഘടന രംഗത്ത്.

കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനാണ് യദുവിന്റെ നിയമനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രവർത്തന റിപ്പോർട്ടിലാണ് ഈ ആവശ്യം ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുള്ളത്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് നിയമസഭയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി യദുവിന് താത്കാലിക നിയമനം നൽകിയത്.

നേരത്തെ എൽഡിഎഫ് ഭരണകാലത്താണ് ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ യദു നടത്തിയ വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ വിവാദമായത്.

പാളയത്ത് വെച്ച് മേയറുടെ സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നടുറോഡിൽ മേയറും യദുവും തമ്മിൽ വാക്പോര് ഉണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബസ് അപകടകരമായി ഓടിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള മേയറുടെ പരാതിയിൽ പോലീസ് യദുവിനെതിരെ കേസെടുക്കുകയും കെഎസ്ആർടിസി യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു.

എന്നാൽ, മേയർക്കും എംഎൽഎയ്ക്കും എതിരെ യദു നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ, കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയാണ് യദു അവർക്കെതിരെ കേസെടുപ്പിച്ചത്.

തനിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിൽ ഒന്നുകിൽ ജോലിയിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ ഔദ്യോഗികമായി പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് മുൻ ഗതാഗതമന്ത്രിക്ക് യദു കത്ത് നൽകിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിരുന്നില്ല.

നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ നിയമസഭയിൽ ജോലിയിൽ പ്രവേശിച്ച യദുവിനെതിരെ ഇപ്പോൾ ഇടത് സർവീസ് സംഘടന തന്നെ തിരിഞ്ഞതോടെ വിഷയം വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. യദുവിനെ സർവീസിൽ നിന്ന് നീക്കണമെന്ന സംഘടനയുടെ സമ്മർദ്ദത്തിന് പിന്നിൽ സിപിഎമ്മിലെ ചില ഉന്നതരുടെ രാഷ്ട്രീയ താല്പര്യങ്ങളാണെന്ന ആരോപണവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here