ഇന്ത്യയുമായുള്ള ആദ്യ അങ്കത്തിന് വിൻഡീസ് പട തിരുവനന്തപുരത്ത്,തലസ്ഥാനം ക്രിക്കറ്റ് ലഹരിയിൽ!

0
4

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി സന്ദർശകരായ വെസ്റ്റ് ഇൻഡീസ് ടീം തിരുവനന്തപുരത്തെത്തി. ക്യാപ്റ്റൻ ഷായ് ഹോപ്പിന്‍റെ നേതൃത്വത്തിലുള്ള വിൻഡീസ് സംഘം ഇന്ന് രാവിലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. പരമ്പരയിലെ ആവേശകരമായ ഒന്നാം ഏകദിന മത്സരം സെപ്‌റ്റംബര്‍ 27നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും.

വിമാനത്താവളത്തിൽ എത്തിയ കരീബിയൻ താരങ്ങൾക്ക് ഊഷ്‌മളമായ വരവേൽപ്പാണ് അധികൃതർ നൽകിയത്. തുടർന്ന് കനത്ത സുരക്ഷാ വലയത്തിൽ താരങ്ങളെ താമസസ്ഥലത്തേക്ക് എത്തിച്ചു. വെസ്റ്റ് ഇൻഡീസ് ടീം ഹയാത്ത് റീജൻസി ഹോട്ടലിലാണ് താമസിക്കുന്നത്. വൈകാതെ തലസ്ഥാനത്തെത്തുന്ന ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, താരങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ സിറ്റി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും സിറ്റി പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.

പരിശീലനവും മത്സരക്രമവും

മത്സരത്തിന് മുന്നോടിയായി ഇരു ടീമുകൾക്കും കാര്യവട്ടത്ത് കൃത്യമായ പരിശീലന സമയക്രമം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 24, 25 തീയതികളിൽ ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെ വെസ്റ്റ് ഇൻഡീസ് ടീമും, വൈകുന്നേരം 5:30 മുതൽ രാത്രി 8:30 വരെ ഇന്ത്യൻ ടീമും തിരുവനന്തപുരത്ത് പരിശീലനം നടത്തും. തുടർന്ന് 26-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെ ഇന്ത്യൻ ടീമും, വൈകുന്നേരം 5:30 മുതൽ രാത്രി 8:30 വരെ വെസ്റ്റ് ഇൻഡീസ് ടീമുമായിരിക്കും അവസാനഘട്ട പരിശീലനത്തിന് ഇറങ്ങുക. സെപ്റ്റംബർ 27-ന് പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബർ 3-ന് മൊഹാലി പി.സി.എ സ്റ്റേഡിയത്തിൽ നടക്കും.

കാര്യവട്ടം സ്റ്റേഡിയത്തിലെ മൂന്നാം ഏകദിനം

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. വലിയൊരു ചരിത്രപരമായ പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 2018 നവംബർ ഒന്നിന് ഇതേ സ്റ്റേഡിയത്തിൽ നടന്ന ചരിത്രത്തിലെ ആദ്യ ഏകദിന മത്സരത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. ഏകദേശം എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീം വീണ്ടും ഒരു ഏകദിനത്തിനായി തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിന മത്സരം. അന്ന് വിരാട് കോലി പുറത്താകാതെ നേടിയ 166 റൺസിന്‍റെ മികവിൽ ഇന്ത്യ 390 റൺസ് നേടുകയും ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്‍റെ റെക്കോർഡ് വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്‌തിരുന്നു.

കാണികൾക്ക് 1.25 ലക്ഷം ലിറ്റർ സൗജന്യ കുടിവെള്ളം

മത്സരം വീക്ഷിക്കാനായി ഏകദേശം 35,000 കാണികളെയാണ് സ്റ്റേഡിയത്തിലേക്ക് പ്രതീക്ഷിക്കുന്നത്. ഇവർക്കായി വിപുലമായ ക്രമീകരണങ്ങളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. കാണികൾക്ക് ആവശ്യത്തിന് സൗജന്യ കുടിവെള്ളം ഉറപ്പാക്കുന്നതിനായി ഒരാൾക്ക് മൂന്ന് ലിറ്റർ എന്ന നിലയിൽ 1,05,000 ലിറ്റർ കുടിവെള്ളം സ്റ്റേഡിയത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യും. കൂടാതെ 21,000 ലിറ്റർ അധിക ബഫർ സ്റ്റോക്കും സജ്ജമാക്കും. പവലിയനുകളിൽ യു.വി ഫിൽറ്റേഡ് വാട്ടറും ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ കുടിവെള്ളത്തിന് പുറമെ പ്രത്യേക വാട്ടർ സെയിൽ കൗണ്ടറുകളും അംഗീകൃത ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും. മെഡിക്കൽ സഹായം, അടിയന്തര സേവനങ്ങൾ, കാണികളുടെ സുഗമമായ പ്രവേശന-പുറത്തിറക്കൽ ക്രമീകരണങ്ങൾ എന്നിവയ്ക്കും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും.

ടിക്കറ്റിൽ അറിയാം പാർക്കിങ് വിവരങ്ങൾ

മത്സരദിവസം സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് വാഹന പാർക്കിങ് സുഗമമാക്കാൻ ഡിജിറ്റൽ സംവിധാനമുണ്ട്. മാച്ച് ടിക്കറ്റിൽ തന്നെ പാർക്കിങ് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഒരു പ്രത്യേക ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാണികൾക്ക് തങ്ങൾക്കായി അനുവദിച്ചിട്ടുള്ള വിവിധ പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യാം. പ്രവേശന കവാടങ്ങൾ, സ്റ്റാൻഡുകൾ, ട്രാഫിക് നിയന്ത്രണങ്ങൾ തുടങ്ങിയ വിശദമായ നിർദ്ദേശങ്ങൾ മത്സരത്തിന് മുൻപായി കെ.സി.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ അറിയിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here