ആർട്ടിക്, വടക്കൻ അറ്റ്‌ലാൻ്റിക് മേഖലകളുടെ സുരക്ഷ ശക്തമാക്കുന്നതിനായി അമേരിക്ക, ഡെന്മാർക്ക്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭയുടെ സമ്മേളനത്തിനിടയിലാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ എന്നിവർ ഈ നിർണായക കരാറിൽ ഒപ്പുവെച്ചത്.
ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ട്രംപിൻ്റെ മുൻകാല ആവശ്യങ്ങളെച്ചൊല്ലി നാറ്റോ (NATO) സഖ്യകക്ഷികൾക്കിടയിൽ നിലനിന്നിരുന്ന കടുത്ത നയതന്ത്ര പിരിമുറുക്കങ്ങൾക്ക് ഇതോടെ താല്‍ക്കാലിക ശമനമായി. “ഇത് യൂറോപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സിനും മറ്റെല്ലാവർക്കും വളരെ മികച്ചൊരു കാര്യമാണ്,” കരാറിൽ ഒപ്പുവെക്കുന്നതിന് തൊട്ടുമുമ്പ് ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡിനെ സംബന്ധിച്ചിടത്തോളം ഇത് വിശ്വസിക്കാൻ കഴിയാത്തവിധം മികച്ചതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 മുതൽ തന്നെ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിരുന്നു. തൻ്റെ രണ്ടാം ഔദ്യോഗിക കാലാവധിയിൽ, നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിൽ നിന്ന് ഈ സ്വയംഭരണ പ്രദേശം പിടിച്ചെടുക്കുമെന്ന ഭീഷണിയും അദ്ദേഹം ഉയർത്തിയിരുന്നു. ഗ്രീൻലാൻഡ് അമേരിക്ക സ്വന്തമാക്കുന്ന കാര്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ടോ എന്ന ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
ഗ്രീൻലാൻഡിലെ നിലവിലുള്ള പിറ്റുഫിക് സ്പേസ് ബേസ് നവീകരിക്കുന്നതിനൊപ്പം, തെക്കൻ മേഖലയിലെ നർസാർസുവക്, കിഴക്കൻ മേഖലയിലെ മെസ്റ്റേഴ്സ്വിഗ് എന്നിവിടങ്ങളിൽ പുതിയ പ്രതിരോധ മേഖലകൾ സ്ഥാപിക്കാൻ യു.എസിന് അനുമതി ലഭിക്കും. പുതിയ താവളങ്ങൾ വരുമ്പോഴും ദ്വീപിൻ്റെ പരമാധികാരം ഡെന്മാർക്കിന്റെ കൈകളിൽ തന്നെയായിരിക്കും.
ഭാവിയിൽ ഗ്രീൻലാൻഡ് ഒരു സ്വതന്ത്ര രാജ്യമാകാൻ തീരുമാനിച്ചാൽ പോലും ഈ കരാർ അതേപടി തുടരും. അങ്ങനെയുണ്ടായാൽ ഗ്രീൻലാൻഡ് നാറ്റോയിൽ തുടരുകയും ഡെന്മാർക്കിൻ്റെ അവകാശങ്ങളും ബാധ്യതകളും ഏറ്റെടുക്കുകയും ചെയ്യും. താവളങ്ങളുടെ നിർമ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട കരാറുകൾ പരമാവധി ഗ്രീൻലാൻഡിലെ പ്രാദേശിക സ്രോതസ്സുകൾക്ക് തന്നെ നൽകും. നാറ്റോ ഇതര രാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനോ സ്ഥിരമായ സൈനിക സാന്നിധ്യം ഉറപ്പിക്കുന്നതിനോ അനുവാദമുണ്ടായിരിക്കില്ല. ട്രംപിൻ്റെ നിർദ്ദിഷ്ട മിസൈൽ പ്രതിരോധ സംവിധാനമായ “ഗോൾഡൻ ഡോം” ഉൾപ്പെടെയുള്ളവയ്ക്ക് ഇതിലൂടെ വഴിതുറക്കുമെന്നും കരാറില്‍ ചൂണ്ടിക്കാട്ടുന്നു.
നേതാക്കളുടെ പ്രതികരണങ്ങൾ
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ കരാറിനെ സ്വാഗതം ചെയ്തു. “ഈ കരാറും ഈ സുപ്രധാന മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നാറ്റോയുടെ വർധിച്ചുവരുന്ന പങ്കും നമ്മുടെ കൂട്ടായ സുരക്ഷ വർധിപ്പിക്കുകയും ഏവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഭാവി പ്രദാനം ചെയ്യുകയും ചെയ്യുന്നു,” അദ്ദേഹം എക്സിൽകുറിച്ചു.
എങ്കിലും ഈ പ്രതിസന്ധി ഘട്ടം അത്ര പെട്ടെന്ന് ആരും മറക്കില്ല. ഒരുപാട് വിശ്വാസ്യത പരീക്ഷിക്കപ്പെട്ട നാളുകളായിരുന്നു അതെന്ന് ഡാനിഷ് പാർലമെൻ്റിലെ ഗ്രീൻലാൻഡിൻ്റെ ജനപ്രതിനിധി നാജ നഥാനിയേൽസൺ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
“ഗ്രീൻലാൻഡിലെ ജനങ്ങൾക്ക് അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. രാജ്യം നഷ്ടപ്പെടുമോ എന്ന ഭയം മുതൽ ജീവനോപാധി ഇല്ലാതാകുമോ എന്നതുവരെയുള്ള കാര്യങ്ങളിൽ ആളുകൾ പൊതുവെ ആശങ്കാകുലരായിരുന്നു.” എന്നിരുന്നാലും, കരാറിനെ ശരിയായ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പ് എന്ന് വിശേഷിപ്പിച്ച നഥാനിയേൽസൺ, ഒരു രാജ്യമെന്ന നിലയിൽ ഗ്രീൻലാൻഡ് ഒപ്പുവെക്കുന്ന ആദ്യത്തെ നിയമപരമായ കരാറാണിതെന്ന് പ്രശംസിച്ചു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ സ്വയംഭരണാവകാശത്തിനും അന്താരാഷ്ട്ര തലത്തിൽ വലിയൊരു പങ്കാളിത്തത്തിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ വലിയൊരു ചുവടുവെപ്പാണിത്,” അവർ പറഞ്ഞു. തങ്ങളുടെ രാജ്യം നഷ്ടപ്പെടുമോ എന്ന ഭീതിയിലായിരുന്ന ഗ്രീൻലാൻഡിലെ 56,000-ത്തോളം വരുന്ന ജനങ്ങൾക്കും, റഷ്യയുടെയും ചൈനയുടെയും കടന്നുകയറ്റത്തെ ഭയപ്പെട്ടിരുന്ന നാറ്റോ സഖ്യകക്ഷികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ നീക്കമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഒരു രാജ്യമെന്ന നിലയിൽ ഗ്രീൻലാൻഡ് ഒപ്പുവെക്കുന്ന ആദ്യത്തെ ബൈൻഡിംഗ് കരാറാണിതെന്ന പ്രത്യേകതയുമുണ്ട്.







