ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്‌സി പ്രതിരോധ താരം റിജോൺ ജോസ് മരിച്ചു

0
4

കോഴിക്കോട്: ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്‌സി പ്രതിരോധ താരം റിജോൺ ജോസ് (Rijon Jose) മരിച്ചു. തൃശ്ശൂർ സ്വദേശിയായ റിജോണിന്റെ വിയോഗം ഫുട്ബോൾ ലോകത്തിനും ആരാധകർക്കും തീരാനഷ്ടമായി.

ഇന്നലെ അർധരാത്രിയോടെ കോഴിക്കോട് ഗാന്ധി റോഡ് മേൽപ്പാലത്തിലായിരുന്നു അപകടം. റിജോൺ ജോസും സഹതാരം ഗനി അഹമ്മദ് നിഗമും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. സഹതാരം ഗനി അഹമ്മദ് നിഗം ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധനിരയിലെ പ്രധാന താരമായിരുന്നു റിജോൺ. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള എന്നീ ക്ലബുകൾക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

അതേസമയം, ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ച താരമാണ്.

കളിക്കളത്തിൽ സ്വപ്നങ്ങളുമായി മുന്നേറിയ റിജോണിന്റെ ജീവിതത്തിന് അപ്രതീക്ഷിതമായി തിരശ്ശീല വീണപ്പോൾ, പ്രിയ താരത്തിന്റെ വിയോഗത്തിൽ കണ്ണീരിലാണ് സഹതാരങ്ങളും ആരാധകരും.

LEAVE A REPLY

Please enter your comment!
Please enter your name here