ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി മലയാളി ഷൂട്ടർ വിദർശ കെ. വിനോദ്.

0
3

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി മലയാളി ഷൂട്ടർ വിദർശ കെ. വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ വിദർശ, ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി. വിദർശ ഉൾപ്പെടെ മൂന്ന് താരങ്ങളടങ്ങിയ ടീമാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്.

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശയുടെ ആദ്യ ഏഷ്യൻ ഗെയിംസ് കൂടിയാണിത്. അരങ്ങേറ്റത്തിൽ തന്നെ മെഡൽ നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കുടുംബത്തിന്റെയും പരിശീലകന്റെയും പിന്തുണയാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും വിദർശ പറഞ്ഞു. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. വെള്ളി മെഡൽ തുടർന്നുള്ള മത്സരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായും താരം വ്യക്തമാക്കി.

2018ൽ എൻസിസിയിലൂടെയാണ് വിദർശ ഷൂട്ടിംഗിലേക്ക് എത്തുന്നത്. 2019ൽ ഷൂട്ടിംഗ് പ്രൊഫഷണൽ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി കേന്ദ്രീകരിച്ചാണ് പ്രധാന പരിശീലനം. കേരളത്തിൽ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും പരിശീലനത്തിനുള്ള സൗകര്യമുണ്ടെന്ന് വിദർശ പറയുന്നു.

കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാനത്ത് ജോലി ലഭിച്ചാൽ അത് സ്വീകരിക്കുമെന്നും വിദർശ വ്യക്തമാക്കി. എല്ലാ ജില്ലകളിലും ഷൂട്ടിംഗ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും താൽപര്യമുള്ളവർക്ക് അംഗത്വമെടുത്ത് പരിശീലനം ആരംഭിക്കാമെന്നും വിദർശ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here