മലയോരമേഖലയിൽ കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

0
4

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദം ശക്തിപ്രാപിച്ചതോടെയാണ് മലയോരമേഖലയിൽ ഉൾപ്പെടെ മഴ കനത്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് രാവിലെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രം വിവിധയിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരുന്നു.

വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങളിലുമുള്ള ചക്രവാതചുഴിയാണ് ന്യൂനമർദമായി മാറിയത്. ഇന്നത്തോടെ ന്യൂനമർദം മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായും നാളെയോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാനാണ് സാധ്യത.

സെപ്റ്റംബർ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്നത്തെ മഴ മുന്നറിയിപ്പ് അറിയാം.

  • 21/09/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
  • 24/09/2026: കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പ്രധാന റോഡുകളിൽവെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതുകൊണ്ട് ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ഇടുക്കിയിൽ ഇന്നലെ രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ചിരുന്നു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയായിരുന്നു നിയന്ത്രണം. അലേർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടും.

മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. നേര്യമംഗലം – വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here