തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം . വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ഭാഗിക നിയന്ത്രണത്തിന് സാധ്യത. നിലവിൽ വൈദ്യുതി ആവശ്യകതയിൽ 700 മുതൽ 900 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രിഡിൽ അധിക വൈദ്യുതി ലഭ്യമായതോടെ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു.
ഗ്രിഡ് ഫ്രീക്വൻസിയിൽ പ്രശ്നമുണ്ടാകുകയും പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
ഇന്നലെ (17.09.2026) സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽത്തന്നെ ആയിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ വൈദ്യുതി ലഭ്യത താരതമ്യേനെ മെച്ചപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ഡിമാൻഡിൽ ഏകദേശം 200 മെഗാവാട്ടോളം കുറവ് അനുഭവപെട്ടു. ഗ്രിഡ് ഫ്രീക്വൻസി മെച്ചപ്പെട്ട സാഹചര്യമായതിനാൽ ഗ്രിഡിൽ പവർ ലഭ്യതയും ഉണ്ടായിരുന്നു. ഇക്കാരണങ്ങളാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചുവെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച സംസ്ഥാനത്ത് വൈദ്യുത ഉപയോഗം ഉയർന്ന നിലയിൽത്തന്നെ ആയിരുന്നു. പവർ എക്സ്ചേഞ്ച്-ൽനിന്നുള്ള വൈദ്യുതി ലഭ്യത പീക്ക് സമയങ്ങളിൽ കുറവായിരുന്നു. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിൻ്റെ കുറവാണുണ്ടായത്.
സംസ്ഥാനത്ത് പവർ കട്ട് തുടരുന്ന സാഹചര്യത്തിൽ വിമർശനം ശക്തമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം വൈദ്യുതി വാങ്ങാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കേരളത്തിൻ്റെ ആവശ്യകത ഉയർന്നതിനാൽ വൈദ്യുതി തികയാത്ത സാഹചര്യമാണുള്ളത്. തുടർന്നുള്ള ദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന സൂചനകളാണ് അധികൃതർ നൽകുന്നത്.
പമ്പ് സെറ്റ്, വാട്ടർഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും വൈദ്യുത വാഹന ചാർജിംഗും വൈകുന്നേരം 6 മണിക്ക് ശേഷം ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റിയാൽ വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്. എന്നാൽ, രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും. പീക് സമയ വൈദ്യുതി ആവശ്യകത കുറച്ചാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനും സഹായകമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.






