ലോകമെമ്പാടും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും നിർമിത ബുദ്ധിയുടെ (എ.ഐ) അതിവേഗത്തിലുള്ള വളർച്ചയുടെയും പശ്ചാത്തലത്തിൽ ആഗോള സുരക്ഷാ നയങ്ങളിൽ മാറ്റം അനിവാര്യമെന്ന് വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്). ഇതിനായി സർക്കാരുകളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും ഡബ്ല്യു.ഇ.എഫ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആഗോള സുരക്ഷ ഉറപ്പാക്കുന്നതിൽ സ്വകാര്യ മേഖലയ്ക്ക് നിർണായക പങ്കുണ്ടെങ്കിലും നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ അവർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അതിനാൽ, പ്രതിസന്ധികൾ ഒഴിവാക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനുമായി പൊതു-സ്വകാര്യ മേഖലകൾ തമ്മിൽ വ്യവസ്ഥാപിതമായ പങ്കാളിത്തം ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള സാമ്പത്തിക വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിൽ അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന കമ്പനികൾക്ക് വലിയ പങ്കുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമുള്ള ഇടപെടലുകൾക്ക് പകരം, സുരക്ഷാ നയങ്ങളുടെ തന്ത്രപ്രധാനമായ ഭാഗമായി സ്വകാര്യ മേഖലയെ സർക്കാരുകൾ പരിഗണിക്കണം. ഇത് ആഗോള സ്ഥിരത വർധിപ്പിക്കാനും കൂടുതൽ മികച്ച സുരക്ഷാ നയങ്ങൾ രൂപീകരിക്കാനും സർക്കാരുകളെ സഹായിക്കും.
വെല്ലുവിളികളും സാധ്യതകളും
എന്നാൽ, ഇത്തരം സഹകരണങ്ങളിൽ ചില വെല്ലുവിളികളുമുണ്ട്. വിവരങ്ങൾ കൈമാറുമ്പോൾ തന്ത്രപ്രധാനമായ ഡാറ്റയും ബൗദ്ധിക സ്വത്തവകാശവും സംരക്ഷിക്കുക, സൽപ്പേരിന് കളങ്കം വരാതെ നോക്കുക, വാണിജ്യ-നിയമപരമായ ബാധ്യതകൾ കൈകാര്യം ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ അടുത്ത സഹകരണം പുതിയ ആശ്രിതത്വങ്ങൾക്കും വ്യവസ്ഥാപിതമായ വീഴ്ചകൾക്കും കാരണമായേക്കാം.
കൂടാതെ, രാജ്യങ്ങളുടെ സുരക്ഷാ താത്പര്യങ്ങളും കമ്പനികളുടെ ആഗോള വാണിജ്യ താത്പര്യങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ, ഭൗമരാഷ്ട്രീയ വിശകലനം, പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കം, മികച്ച ഭരണനിർവഹണം, വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വിശ്വസനീയമായ സംവിധാനങ്ങൾ എന്നിവയിൽ ബിസിനസ് സ്ഥാപനങ്ങൾ നിക്ഷേപം നടത്തണമെന്നും ഡബ്ല്യു.ഇ.എഫ് നിർദേശിക്കുന്നു.
എ.ഐ കാലഘട്ടത്തിലെ സുരക്ഷ
നിർമിത ബുദ്ധിയുടെ കടന്നുവരവോടെ ആഗോള സുരക്ഷാ സഹകരണത്തിന് പുതിയ മാതൃകകൾ ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എ.ഐ മേഖലയിൽ സ്വകാര്യ കമ്പനികൾക്കാണ് കൂടുതൽ നിയന്ത്രണമുള്ളത്. ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, കമ്പ്യൂട്ടിങ് ശേഷി, ഡാറ്റ പൈപ്പ്‌ലൈനുകൾ എന്നിവ നിയന്ത്രിക്കുന്നത് ചുരുക്കം ചില വൻകിട കമ്പനികളാണ്.
സർക്കാരുകൾക്ക് ഈ നൂതന സാങ്കേതികവിദ്യകളുടെ പൂർണ നിയന്ത്രണമില്ലെങ്കിലും അവർ അതിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കാറുണ്ട്. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങളെ തുടർന്ന് ആന്ത്രോപിക് കമ്പനിക്ക് അവരുടെ ഫേബിൾ, മിത്തോസ് എന്നീ എ.ഐ മോഡലുകളുടെ സേവനം താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നത് ഇതിനൊരു ഉദാഹരണമായി ഡബ്ല്യു.ഇ.എഫ് ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഈ സേവനം പുനഃസ്ഥാപിച്ചിരുന്നു.
എ.ഐ സാങ്കേതികവിദ്യകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ പരമ്പരാഗത സുരക്ഷാ സംവിധാനങ്ങൾക്ക് ഇത് വലിയ വെല്ലുവിളിയാണ്. പ്രതിരോധത്തിനും ആക്രമണത്തിനും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് എ.ഐ മോഡലുകൾ. അതിർത്തികൾ കടന്നുള്ള സൈബർ ആക്രമണങ്ങൾ, വ്യാജവാർത്തകളുടെ പ്രചാരണം, സ്വയം പ്രവർത്തിക്കുന്ന എ.ഐ ഏജൻ്റുകൾ എന്നിവ കാരണം കുറ്റക്കാരെ കണ്ടെത്തുക എന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു. ഉത്തരവാദിത്തം പലരിലായി വിഭജിക്കപ്പെട്ടിരിക്കുമ്പോഴും, അപകടങ്ങൾ വലിയ തോതിൽ സംഭവിക്കുന്നുവെന്നും കുറ്റക്കാരെ കണ്ടെത്താൻ കഴിയാത്തതിനാൽ ആരെ ശിക്ഷിക്കണം അല്ലെങ്കിൽ നിയന്ത്രിക്കണം എന്നത് അവ്യക്തമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഈ വെല്ലുവിളികൾ നേരിടാൻ സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും മുൻകൈയെടുത്ത് സഹകരണത്തിനുള്ള അടിസ്ഥാനം ഒരുക്കണമെന്ന് ഡബ്ല്യു.ഇ.എഫ് നിർദേശിക്കുന്നു. എല്ലാവരുടെയും റോളുകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവചിക്കണം. വിവരങ്ങൾ പങ്കുവയ്ക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ ആശയവിനിമയം നടത്താനുമുള്ള സംവിധാനങ്ങൾ, സംയുക്ത ആസൂത്രണം, പൊതുവായ മാനദണ്ഡങ്ങൾ എന്നിവ രൂപീകരിക്കണമെന്നും വിശ്വസനീയമായ കൂട്ടായ്മകളിലൂടെ പുതിയ സഹകരണ മാതൃകകൾ പരീക്ഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.








