ചുമയ്ക്കുമ്പോഴും ചിരിക്കുമ്പോഴും മൂത്രം പോകുന്നുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

0
3

പ്രായമായ സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് പെൽവിക് ഫ്ലോർ അഥവാ ഇടുപ്പെല്ലിലെ പേശികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്ന ധാരണ തിരുത്തി പുതിയ റിപ്പോർട്ട്. കൗമാരക്കാരിലും യുവാക്കളിലും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരുന്നതായി ബെംഗളൂരു മദർഹുഡ് ആശുപത്രി പുറത്തുവിട്ട ‘ദി മസിൽ നോ വൺ മെൻഷൻസ്’ എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൈനക്കോളജി, ഫെർട്ടിലിറ്റി, ഫിസിയോതെറാപ്പി വിഭാഗങ്ങളിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

വർധിച്ചുവരുന്ന കേസുകൾ
ആശുപത്രിയിലെ ഒപി വിഭാഗങ്ങളിൽ പ്രതിമാസം 20-ലധികം പെൽവിക് ഫ്ലോർ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ഗർഭകാലത്തിന് ശേഷമുള്ള സ്ട്രെസ് ഇൻകോണ്ടിനെൻസ് (മൂത്രം പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥ) അനുഭവിക്കുന്നവരാണ്. 25 മുതൽ 35 വരെ പ്രായമുള്ള പത്തോളം സ്ത്രീകളാണ് ഓരോ മാസവും ഈ പ്രശ്നവുമായി ചികിത്സ തേടുന്നത്.

വിട്ടുമാറാത്ത പെൽവിക് വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന എന്നിവയുമായി അഞ്ച് മുതൽ 10 വരെ ആളുകൾ പ്രതിമാസം എത്തുന്നുണ്ട്. ആർത്തവവിരാമം സംഭവിച്ച രണ്ടോ മൂന്നോ പേരും, ഗർഭപാത്രം താഴേക്ക് ഇറങ്ങുന്ന അവസ്ഥയുമായി ഒന്നോ രണ്ടോ പേരും ഓരോ മാസവും ചികിത്സ തേടുന്നുണ്ട്.

ഇതിനുപുറമെ അർജൻസി ഇൻകോണ്ടിനെൻസ് (പെട്ടെന്ന് മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ) ബാധിച്ച അഞ്ച് മുതൽ 10 വരെ കേസുകളും പ്രതിമാസം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൂത്രം പിടിച്ചുനിർത്താൻ കഴിയാത്തവരിൽ 80 ശതമാനവും 25 മുതൽ 35 വരെ പ്രായമുള്ള യുവതികളാണ്. 50 വയസ്സിന് മുകളിലുള്ളവർ 20 ശതമാനം മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രധാന ലക്ഷണങ്ങളും കാരണങ്ങളും
പ്രായമായവരിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രശ്നങ്ങളെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൗമാരക്കാർ, ഇരുപതുകളിലും മുപ്പതുകളിലും നാൽപതുകളിലുമുള്ള സ്ത്രീകൾ, ആർത്തവവിരാമം നേരിടുന്നവർ തുടങ്ങി എല്ലാ പ്രായക്കാരിലും ലക്ഷണങ്ങൾ കാണുന്നുണ്ട്.

സ്ട്രെസ് ഇൻകോണ്ടിനെൻസ്, വിട്ടുമാറാത്ത പെൽവിക് വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, വജൈനിസ്മസ്, ഗർഭപാത്രം താഴേക്ക് ഇറങ്ങുക, അർജൻസി ഇൻകോണ്ടിനെൻസ് എന്നിങ്ങനെ ആറ് പ്രധാന പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ ശാരീരിക അധ്വാനത്തിലേർപ്പെടുമ്പോഴോ അറിയാതെ മൂത്രം പോകുന്നതാണ് പ്രധാന ലക്ഷണം.

പെട്ടെന്ന് മൂത്രമൊഴിക്കാൻ തോന്നുകയും ശൗചാലയത്തിൽ എത്തുന്നതിന് മുൻപ് തന്നെ മൂത്രം പോവുകയും ചെയ്യുന്ന അവസ്ഥയും പലരിലും കാണുന്നുണ്ട്. കൃത്യസമയത്ത് ശൗചാലയത്തിൽ പോകാൻ കഴിയില്ലെന്ന ഭയം കാരണം പല സ്ത്രീകളും ദൈനംദിന കാര്യങ്ങൾ ഒഴിവാക്കുകയോ ദീർഘനേരം പുറത്തുപോകുന്നത് ഒഴിവാക്കുകയോ ചെയ്യുന്നുണ്ട്.

ചികിത്സയും പ്രതിരോധവും
വാർധക്യത്തിലോ ആർത്തവവിരാമ സമയത്തോ മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല പെൽവിക് ഫ്ലോർ ആരോഗ്യമെന്ന് ബെംഗളൂരു ബനശങ്കരി മദർഹുഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രതിമ എ ഇടിവി ഭാരതിനോട് പറഞ്ഞു. ഗർഭകാലത്തിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ മുതൽ വിട്ടുമാറാത്ത വേദന വരെ അനുഭവിക്കുന്ന യുവതികളെ കാണുന്നുണ്ട്. ഇടയ്ക്കിടെ ശൗചാലയത്തിൽ പോകേണ്ടി വരുമെന്ന ഭയം കാരണം പലരും പുറത്തുപോകുന്നത് ഒഴിവാക്കുകയോ ദിവസവും ഡയപ്പറുകളെ ആശ്രയിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടെന്നും അവർ വ്യക്തമാക്കി.

തുടർച്ചയായ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുകയാണ് ആദ്യം ചെയ്യേണ്ടത്. ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ മൂത്രം പോകുക, പെൽവിക് ഭാഗത്തെ മർദം, നടുവേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്. കീഗൽ വ്യായാമങ്ങൾ മാത്രമല്ല ഇതിന് പരിഹാരം. പെൽവിക് ഫ്ലോർ റീട്രെയിനിങ്, കോർ സ്ട്രെങ്തനിങ്, ബയോഫീഡ്ബാക്ക് തുടങ്ങിയ വിവിധ ചികിത്സാ രീതികൾ ഓരോ വ്യക്തിക്കും അനുസരിച്ച് നൽകാൻ കഴിയും.

ഗർഭധാരണവും പ്രസവവും പ്രധാന കാരണങ്ങളാണെങ്കിലും അമിതവണ്ണം, വ്യായാമമില്ലായ്മ, ദീർഘനേരം ഇരുന്നുള്ള ജോലി, വിട്ടുമാറാത്ത സമ്മർദം, മലബന്ധം, മൂത്രം പിടിച്ചുനിർത്തുക, വെള്ളം കുടിക്കുന്നത് കുറയുക, എൻഡോമെട്രിയോസിസ്, അണുബാധകൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും പെൽവിക് ഫ്ലോർ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. യുവതികളിൽ മൂത്രാശയ അണുബാധകൾ ഇത്തരം ലക്ഷണങ്ങൾക്ക് കാരണമാകാമെന്നതിനാൽ വ്യായാമങ്ങളോ സ്വയം ചികിത്സയോ തുടങ്ങുന്നതിന് മുൻപ് ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here