വിജയവാഡ: ഒരു ട്രെയിനിന് മുകളിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോകുന്ന കാഴ്ച കണ്ടിട്ടുണ്ടോ? ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വൈകാതെ ഈ അപൂർവ കാഴ്ച യാഥാർഥ്യമാകും. ലെവൽ ക്രോസുകൾ ഒഴിവാക്കി ഒരു റെയിൽവേ ട്രാക്കിന് മുകളിലൂടെ മറ്റൊരു ട്രാക്ക് നിർമിക്കുന്ന ‘റെയിൽ ഓവർ റെയിൽ’ (ആർ.ഒ.ആർ) സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്.
ദക്ഷിണ മധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ ജംക്ഷനുകളിലൊന്നാണ് വിജയവാഡ. ചരക്കുഗതാഗതത്തിൽ നിന്നാണ് വിജയവാഡ ഡിവിഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. എന്നാൽ നിലവിൽ സ്റ്റേഷനിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം ട്രെയിനുകൾക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല.
പാസഞ്ചർ ട്രെയിനുകൾ കടന്നുപോകാൻ ചരക്കുവണ്ടികൾ മണിക്കൂറുകളോളം പിടിച്ചിടേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായാണ് പുതിയ ബൈപാസ് നിർമിക്കുന്നത്. കാസിപ്പേട്ട്, സെക്കന്തരാബാദ് ഭാഗങ്ങളിൽ നിന്ന് വരുന്ന ചരക്കുതീവണ്ടികൾ വിജയവാഡ നഗരത്തിൽ പ്രവേശിക്കാതെ തിരിച്ചുവിടാനാണ് ഈ ബൈപാസ് വഴി ലക്ഷ്യമിടുന്നത്.
രായനപ്പാടിനും മുസ്തബാദയ്ക്കും ഇടയിൽ 22 കിലോമീറ്റർ ദൈർഘ്യത്തിലാണ് പുതിയ ബൈപാസ് റെയിൽവേ ലൈൻ ഒരുങ്ങുന്നത്. ഏകദേശം 500 കോടി രൂപ ചെലവിൽ ഒരു വർഷം മുൻപ് ആരംഭിച്ച റെയിൽ ഓവർ റെയിൽ ഘടനകളുടെ നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. എല്ലാം പദ്ധതി പ്രകാരം നടന്നാൽ ഈ വർഷം അവസാനത്തോടെ തന്നെ പുതിയ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇതോടെ ചരക്കുഗതാഗതം സുഗമമാവുകയും വിജയവാഡ ഡിവിഷൻ്റെ വരുമാനം ഗണ്യമായി വർധിക്കുകയും ചെയ്യും.
നിർമാണം മൂന്ന് ഘട്ടങ്ങളിൽ
മൊത്തം 22 കിലോമീറ്റർ വരുന്ന പാത മൂന്ന് ഭാഗങ്ങളായാണ് വികസിപ്പിക്കുന്നത്. രായനപ്പാടിനും വിജയവാഡ നോർത്ത്, ഈസ്റ്റ് കാബിനുകൾക്കും ഇടയിലുള്ള 10 കിലോമീറ്റർ പാതയാണ് ഇതിൽ ആദ്യത്തേത്. വിജയവാഡ നോർത്ത്, ഈസ്റ്റ് കാബിനുകൾക്കും ഗുണദലയ്ക്കും ഇടയിലുള്ള ആറ് കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയാക്കി 2023ൽ തന്നെ ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ബൈപാസിൻ്റെ ഏറ്റവും നിർണായകമായ ഭാഗമാണിത്. ഗുണദലയ്ക്കും മുസ്തബാദയ്ക്കും ഇടയിലുള്ള ബാക്കി ആറ് കിലോമീറ്റർ പാതയുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മൂന്ന് ഭാഗങ്ങളും പൂർണമായി ബന്ധിപ്പിക്കുന്നതോടെ രായനപ്പാടിൽ നിന്ന് മുസ്തബാദയിലേക്ക് മികച്ചൊരു ബദൽ റെയിൽ പാത യാഥാർഥ്യമാകും.
സാറ്റലൈറ്റ് സ്റ്റേഷനുകളായി മാറ്റം
ബൈപാസ് പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ രായനപ്പാട്, ഗുണദല സ്റ്റേഷനുകൾ സമ്പൂർണ സാറ്റലൈറ്റ് സ്റ്റേഷനുകളായി മാറും. കഴിഞ്ഞ കൃഷ്ണ പുഷ്കര സമയത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഈ രണ്ട് സ്റ്റേഷനുകളും സാറ്റലൈറ്റ് സ്റ്റേഷനുകളായി വികസിപ്പിച്ചത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന അടുത്ത പുഷ്കരത്തിന് മുൻപായി ഇവ പൂർണമായും പ്രവർത്തനസജ്ജമാകും.
ഇതോടെ യാത്രക്കാർക്ക് വിജയവാഡ പ്രധാന റെയിൽവേ സ്റ്റേഷനിൽ പോകാതെ തന്നെ ഈ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയും. അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ 150 കോടി രൂപ ചെലവഴിച്ച് ഇരു സ്റ്റേഷനുകളിലും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ വികസിപ്പിച്ചിട്ടുണ്ട്.




