കേരളത്തിൽ വരുന്നു കൂറ്റൻ ജ്വല്ലറി പാർക്ക്,

0
4

തിരുവനന്തപുരം: കേരളത്തിലെ സ്വർണാഭരണ മേഖലയെ ആധുനിക വ്യവസായമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ജ്വല്ലറി പാർക്കിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) മുഖ്യമന്ത്രി വി.ഡി സതീശന് സമർപ്പിച്ചു. കെജിഎസ്എംഎ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്. രണ്ടായിരം കോടിയിലേറെ രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ പദ്ധതിക്കായി ഏകദേശം 30 ഏക്കർ ഭൂമിയാണ് ആവശ്യമായി വരുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ആഭരണ നിർമാണം, ഡിസൈൻ, റിഫൈനിങ്, ഹാൾമാർക്കിങ്, ടെസ്റ്റിങ്, പാക്കേജിങ്, ലോജിസ്റ്റിക്സ്, കയറ്റുമതി തുടങ്ങി സ്വർണാഭരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഒരൊറ്റ വ്യവസായ കേന്ദ്രത്തിൽ ഏകോപിപ്പിക്കാൻ സാധിക്കും. ജ്വല്ലറി പാർക്ക് പ്രവർത്തനസജ്ജമാകുമ്പോൾ ഏകദേശം 24,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമെ അനുബന്ധ മേഖലകളിൽ വലിയ തോതിൽ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

കെജിഎസ്എംഎ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും ചേർന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നു (Special Arrangement)

കേരളത്തിൻ്റെ പരമ്പരാഗത സ്വർണാഭരണ നിർമാണ വൈദഗ്ധ്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനും ചെറുകിട, ഇടത്തരം ആഭരണ നിർമാതാക്കൾക്കും വ്യാപാരികൾക്കും പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ജ്വല്ലറി പാർക്ക് സഹായകമാകുമെന്ന് കെജിഎസ്എംഎ ഭാരവാഹികൾ പറഞ്ഞു. സ്വർണാഭരണ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭകർക്ക് ആധുനിക സൗകര്യങ്ങൾ പങ്കുവച്ച് ഉപയോഗിക്കാനുള്ള അവസരവും പാർക്കിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിർമാണവും കയറ്റുമതിയും ഒരിടത്ത്
ആഭരണ നിർമാണ യൂണിറ്റുകൾക്ക് പുറമെ ആധുനിക ഡിസൈൻ സെൻ്ററുകൾ, ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, ഹാൾമാർക്കിങ് സൗകര്യങ്ങൾ, റിഫൈനിങ് യൂണിറ്റുകൾ, ഗോൾഡ് റീസൈക്ലിങ് സംവിധാനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, വെയർഹൗസിങ്, ലോജിസ്റ്റിക്സ്, കയറ്റുമതി സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളത്തിലെ ആഭരണ വ്യവസായത്തിന് ദേശീയ, അന്തർദേശീയ വിപണികളിൽ കൂടുതൽ മത്സരക്ഷമത നേടാനും കയറ്റുമതി വർധിപ്പിക്കാനും ഇതുവഴി സാധിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകും
കേരളത്തിൽ ശക്തമായ സ്വർണാഭരണ വിപണിയും പരമ്പരാഗത ആഭരണ നിർമാണ മേഖലയും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ മേഖലയെ സംഘടിത വ്യവസായമായി വികസിപ്പിക്കുന്നത് സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകൾ തുറക്കും. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് ഇത്തരം ഒരു വ്യവസായ പാർക്ക് വലിയ മുതൽക്കൂട്ടാകും. സ്വർണ വ്യാപാര രംഗത്ത് നിലവിലുള്ള പ്രതിസന്ധികൾ മറികടക്കാനും പുതിയ സംരംഭകരെ ആകർഷിക്കാനും ഈ പദ്ധതി വഴിതെളിക്കും.

സ്വർണാഭരണ നിർമാണം, മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി, റീസൈക്ലിങ്, ഡിസൈൻ, സാങ്കേതികവിദ്യ, പരിശീലനം എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ കേരളത്തെ രാജ്യത്തെ പ്രധാന ജ്വല്ലറി വ്യവസായ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാൻ പദ്ധതിക്ക് കഴിയും. പദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള സർക്കാർ പിന്തുണയും തുടർനടപടികളും സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കെജിഎസ്എംഎ ഭാരവാഹികൾ ചർച്ച നടത്തി. വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൻ്റെ ആഭരണ വ്യവസായത്തിൻ്റെ അടുത്ത ഘട്ട വികസനത്തിന് നിർണായകമായ അടിസ്ഥാന സൗകര്യ പദ്ധതിയായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here