എറണാകുളം: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി (HUID) മുദ്ര പതിപ്പിക്കുന്നതിനുള്ള ഹാൾമാർക്കിങ് നിരക്ക് വർധിപ്പിച്ചു. ഒരു ആഭരണത്തിന് 45 രൂപയായിരുന്ന നിരക്ക് 75 രൂപയായാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബി.ഐ.എസ് പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് നിരക്ക് വർധനവ് വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണത്തിന് പുറമെ വെള്ളി ആഭരണങ്ങളുടെ ഹാൾമാർക്കിങ് നിരക്കുകളും ബി.ഐ.എസ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വെള്ളി ആഭരണങ്ങളുടെ നിരക്കിൽ മാറ്റമില്ല. ഒരു വെള്ളി ആഭരണത്തിന് 35 രൂപയാണ് നിലവിലെ നിരക്ക്. സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിനുള്ള കുറഞ്ഞ കൺസൈൻമെൻ്റ് നിരക്ക് 200 രൂപയായും വെള്ളിക്ക് 150 രൂപയായും തുടരും. ഈ നിരക്കുകൾക്ക് പുറമെ ബാധകമായ നികുതികളും വ്യാപാരികൾ നൽകേണ്ടതുണ്ട്. അംഗീകൃത അസ്സേയിങ് ആൻഡ് ഹാൾമാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് ബി.ഐ.എസ് ഈടാക്കുന്ന നിരക്കുകളിലും മാറ്റമുണ്ട്. സ്വർണത്തിന് ഒരു ആഭരണത്തിന് 7.5 രൂപയും വെള്ളിക്ക് 3.5 രൂപയുമാണ് ബി.ഐ.എസ് ഈടാക്കുക.
സ്വർണത്തിൻ്റെ ശുദ്ധത ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കുന്നതിനും ഹാൾമാർക്കിങ് സംവിധാനം അനിവാര്യമാണ്. ആറക്ക ആൽഫാന്യൂമെറിക് കോഡായ എച്ച്.യു.ഐ.ഡി വഴി ഓരോ ആഭരണത്തിൻ്റെയും വിവരങ്ങൾ കൃത്യമായി അറിയാൻ സാധിക്കും. രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കിയതിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ തോതിൽ ഗുണം ലഭിച്ചിരുന്നു. വ്യാജ സ്വർണം വിപണിയിൽ എത്തുന്നത് തടയാൻ ഇതിലൂടെ സാധിച്ചു. എന്നാൽ ഒറ്റയടിക്ക് 30 രൂപയുടെ വർധനവാണ് സ്വർണാഭരണങ്ങളുടെ എച്ച്.യു.ഐ.ഡി നിരക്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് ഏകദേശം 67 ശതമാനത്തോളം വരും. പുതിയ നിരക്ക് വർധനവ് സ്വർണം വാങ്ങുന്ന സാധാരണക്കാർക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
വ്യാപാരികൾക്ക് ഇരുട്ടടി
ഹാൾമാർക്കിങ് നിരക്ക് 45 രൂപയിൽ നിന്ന് 75 രൂപയായി വർധിപ്പിച്ച നടപടി സ്വർണ വ്യാപാര മേഖലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. വലിയ തോതിൽ ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യേണ്ടി വരുന്ന ചെറുകിട, ഇടത്തരം ജ്വല്ലറികൾക്ക് പുതിയ നിരക്ക് ഗണ്യമായ അധിക ചെലവായി മാറും. സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലകളിൽ തുടരുകയും വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ നിരക്ക് വർധിപ്പിച്ചത് പുനഃപരിശോധിക്കണം.
ഹാൾമാർക്കിങ് സംവിധാനത്തിൻ്റെ പേരിൽ വ്യാപാരികൾക്ക് മേൽ തുടർച്ചയായി അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അധിക ചെലവ് ഒടുവിൽ ഉപഭോക്താക്കളുടെ മേൽ എത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എച്ച്.യു.ഐ.ഡി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം, നിരക്ക് കുറയ്ക്കുകയും ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് ആശ്വാസം നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാൽ നിലവിലെ 75 രൂപ എന്ന നിരക്ക് പുനഃപരിശോധിച്ച് പഴയ നിരക്കായ 45 രൂപയിലേക്ക് തന്നെ തിരികെ കൊണ്ടുവരണമെന്നും കെ.ജി.എസ്.എം.എ ആവശ്യപ്പെട്ടു.








