റീലുകളുടെയും സോഷ്യല്‍ മീഡിയയുടെയും ഈ ആധുനിക ലോകത്ത് നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാണോ? അല്ല എന്നാണ് ആഗോളതലത്തിൽ നിന്നുള്ള പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ലക്ഷ്യമില്ലാതെ സ്‌മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള സ്ക്രോളിങ്ങും സോഷ്യൽ മീഡിയ അഡിക്ഷനും കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തിന് വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ലോകരാജ്യങ്ങൾ കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.
ഇതിൽ നിയമപരമായി 13 വയസിന് താഴെയുള്ള കുടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടുത്ത വിലക്കുകളുമായി യൂറോപ്യൻ യൂണിയനും, മൊബൈൽ ഫോൺ മാറ്റിവച്ച് പുസ്തകം കൈയിലെടുക്കുന്നവർക്ക് പണം നൽകി സിംഗപ്പൂരും സ്വീകരിച്ചിരിക്കുന്ന വിപ്ലവകരമായ പുതിയ നീക്കങ്ങൾ ഡിജിറ്റൽ യുഗത്തിലെ പുതിയൊരു പോരാട്ടത്തിനും ചര്‍ച്ചകള്‍ക്കും വഴി തുറന്നിരിക്കുകയാണ്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിലും സ്ക്രീൻ ടൈമിലും കൃത്യമായ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ, അത് അവരുടെ മാനസിക, ശാരീരിക, സാമൂഹിക വളർച്ചയെ വലിയ രീതിയില്‍ ബാധിക്കുമെന്ന് പഠനങ്ങളും തെളിയിക്കുന്നു.
13 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഇല്ല! കടുത്ത നിയന്ത്രണങ്ങളുമായി യൂറോപ്യൻ യൂണിയൻ
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉറർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. കുട്ടികളെ സോഷ്യൽ മീഡിയ അഡിക്ഷനിൽ നിന്നും സൈബർ ഭീഷണികളിൽ നിന്നും രക്ഷിക്കാൻ രണ്ട് പ്രധാന നിർദ്ദേശങ്ങളാണ് യൂറോപ്പ് മുന്നോട്ട് വയ്ക്കുന്നത്. 13 വയസ്സിന് താഴെയുള്ളവർക്ക് പൂർണനിരോധനം, 13 വയസ്സ് തികയാത്ത കുട്ടികൾക്ക് യാതൊരു കാരണവശാലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകരുത്. 15 വയസ്സിന് താഴെയുള്ളവർക്ക് ‘മിനി അക്കൗണ്ടുകൾ’: 13-നും 15-നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി ഫീച്ചറുകൾ ചുരുക്കിയ ‘മിനി അക്കൗണ്ടുകൾ’ നിർബന്ധമാക്കും. ഇതിൽ അമിതമായ നോട്ടിഫിക്കേഷനുകളോ, അഡിക്ടീവായ അൽഗോരിതങ്ങളോ, അപകടകരമായ പരസ്യങ്ങളോ ഉണ്ടാകില്ല. കുട്ടികളുടെ ചിന്താശേഷിയെയും ഉറക്കത്തെയും സോഷ്യൽ മീഡിയ തകരാറിലാക്കുന്നു എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം
ബുധനാഴ്ച സ്ട്രാസ്ബർഗിൽ നടത്തിയ വാർഷിക ‘സ്റ്റേറ്റ് ഓഫ് ദി യൂറോപ്യൻ യൂണിയൻ’ പ്രസംഗത്തിലാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഇക്കാര്യം വ്യക്തമാക്കിയത്. 13 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിമുകൾ, ചാറ്റ്‌ബോട്ടുകൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് അവര്‍ നിർദ്ദേശിച്ചു. “ബിഗ് ടെക് കമ്പനികളുടെ സ്വാധീനം അതിശക്തമാണെന്നും അത് പിടിച്ചുകെട്ടാൻ കഴിയില്ലെന്നുമാണ് പലരും കരുതുന്നത് എന്ന് എനിക്കറിയാം. എന്നാൽ ഞാൻ അതിനോട് വിയോജിക്കുന്നു,” യൂറോപ്യൻ യൂണിയൻ മേധാവി പറഞ്ഞു.
കുട്ടികളെ അടിമപ്പെടുത്തുന്ന ഇത്തരം ഫീച്ചറുകൾ നമ്മൾ അംഗീകരിക്കേണ്ടതില്ല. കുട്ടികൾ കൂടുതൽ കടുത്ത ഉള്ളടക്കങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് നമ്മൾ കണ്ടുനിൽക്കേണ്ടതില്ല. പെൺകുട്ടികളുടെ ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് ലൈംഗികവൽക്കരിച്ച ചിത്രങ്ങളാക്കി മാറ്റുന്നത് നമുക്ക് അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾ ഇനി ഈ നിർദ്ദേശത്തിൽ വോട്ട് രേഖപ്പെടുത്തും. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഘട്ടം ഘട്ടമായി മാത്രമേ ലഭ്യമാക്കാവൂ എന്ന് ഈ വർഷം ആദ്യം വോൺ ഡെർ ലെയ്ൻ സൂചിപ്പിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി അവർ പ്രസംഗത്തിൽ അവതരിപ്പിച്ചത്. കുട്ടികളെ ഓൺലൈൻ ലോകത്ത് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ആഗോളതലത്തിൽ നടക്കുന്ന വിപുലമായ ചർച്ചകളുടെ ഭാഗമാണ് കമ്മീഷൻ്റെ ഈ നിർദേശം.
അതേസമയം, യൂറോപ്പിലെ ചില രാജ്യങ്ങളും ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും കൗമാരക്കാരെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കാൻ സ്വന്തം നിലയിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ശ്രമങ്ങളിൽ ചിലത് നിയമപരമായ തടസങ്ങൾ നേരിടുന്നുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഫ്രാൻസിലെ നിയമം മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അവിടുത്തെ പരമോന്നത കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. എന്നാൽ ഈ നിർദ്ദേശം പരിഷ്കരിച്ച് വീണ്ടും കൊണ്ടുവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവര്‍ത്തിച്ചിരുന്നു.
സ്ക്രോളിങ് നിർത്തൂ, പുസ്തകം വായിക്കൂ! വായനയ്ക്ക് പണം നൽകി സിംഗപ്പൂർ
യൂറോപ്പ് നിയമം വഴി സോഷ്യൽ മീഡിയയെ തടയുമ്പോൾ, സിംഗപ്പൂർ ജനങ്ങളെ സ്മാർട്ട്‌ഫോണിൽ നിന്ന് പിന്തിരിപ്പിക്കാൻ വളരെ രസകരവും ആകർഷകവുമായ മറ്റൊരു വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ മാറ്റിവച്ച് ഒരു പുസ്തകം കൈയിലെടുക്കുന്നവർക്ക് സിംഗപ്പൂർ സർക്കാർ പണം (ക്യാഷ് റിവാർഡുകൾ അല്ലെങ്കിൽ വൗച്ചറുകൾ) നൽകുന്നു.
‘ഡൂംസ്ക്രോളിങ്’ എന്ന രോഗതുല്യമായ ശീലത്തിനെതിരെയുള്ള സിംഗപ്പൂരിൻ്റെ ഈ പോരാട്ടം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ലൈബ്രറികളിൽ പോയി പുസ്തകം വായിക്കുന്നവർക്കും, വായനാ ശീലം ഡിജിറ്റൽ ഡിറ്റോക്സിനായി ഉപയോഗിക്കുന്നവർക്കും പ്രോത്സാഹനമായി പണം നൽകുന്നതിലൂടെ ഒരു പുതിയ സാംസ്കാരിക വിപ്ലവത്തിനാണ് അവർ തുടക്കമിട്ടിരിക്കുന്നത്. ഇന്നത്തെ തലമുറയെ വീണ്ടും പുസ്തക വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരാൻ സിംഗപ്പൂർ നാഷണൽ ലൈബ്രറി ബോർഡ് ആണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ‘readSG’ ജനങ്ങളുടെ വായനാശീലം വളർത്താൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ പ്രസ്ഥാനമാണിത്.
ചെറിയതും കൈവരിക്കാൻ സാധിക്കുന്നതുമായ ചുവടുകളിലൂടെയാണ് സുസ്ഥിരമായ വായനാശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയുകയെന്ന് നാഷണൽ ലൈബ്രറി ബോർഡ് മേധാവി മെലിസ്സ ടാം പറഞ്ഞു. ‘കണ്ണഞ്ചിപ്പിക്കുന്ന വിവരങ്ങളുടെയും ഉള്ളടക്കങ്ങളുടെയും പ്രേരണകളുടെയും ഒരു അതിപ്രസരമുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഞങ്ങൾ ലളിതമായ ഒരു ലക്ഷ്യത്തോടെയാണ് ആരംഭിക്കുന്നത്. ദിവസത്തിൽ വെറും 15 മിനിറ്റ് മാത്രം വായിക്കുക. ബസിലിരിക്കുമ്പോഴോ, ഉറങ്ങാൻ പോകുന്നതിന് മുൻപോ അല്ലെങ്കിൽ ഉച്ചഭക്ഷണ സമയത്തോ ആകാം അത്” അവര്‍ വ്യക്തമാക്കി
യുവതലമുറയിലെ സിംഗപ്പൂർകാർക്ക് സോഷ്യൽ മീഡിയ ഹാനികരമാകുന്നത് കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് സർക്കാർ ആലോചിച്ചുവരികയാണ്, ഇതിൽ പ്രതിദിന സമയപരിധി ഏർപ്പെടുത്തുന്നതും ഉൾപ്പെടുന്നു. ലക്ഷ്യമില്ലാതെയുള്ള സ്ക്രോളിങ്ങും ഇതിനോടുള്ള അടിമത്തവുമാണ് യുവാക്കൾക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നതെന്ന് അടുത്തിടെ നടന്ന ഒരു പഠനം കണ്ടെത്തിയിരുന്നു.
ദിവസം 15 മിനിറ്റ് വായന
രാവിലെയുള്ള ട്രെയിൻ യാത്രയിലോ, ചായ കുടിക്കുന്ന സമയത്തോ, അല്ലെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പോ ആകാം, ദിവസത്തിൽ വെറും 15 മിനിറ്റ് വായനയ്ക്കായി മാറ്റിവെക്കുക എന്നത് മാത്രമാണ് ഇതിൻ്റെ ലക്ഷ്യം. വായനയെ വളരെ എളുപ്പമുള്ളതും അതേസമയം പ്രതിഫലം ലഭിക്കുന്നതുമായ ഒരു ശീലമാക്കി മാറ്റാൻ ഈ ചലഞ്ചിലൂടെ സാധിക്കുന്നു.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
സിംഗപ്പൂർ സർക്കാരിന്റെ ഔദ്യോഗിക ക്രൗഡ്സോഴ്സിംഗ് പോർട്ടലായ CrowdTaskSG (Singpass വഴി ലോഗിൻ ചെയ്യാവുന്നത്) വഴിയാണ് ഈ വായനാ മത്സരം ഏകോപിപ്പിക്കുന്നത്. ഒരു ഗെയിം കളിക്കുന്ന അനുഭൂതിയാണ് ഇത് വായനക്കാർക്ക് നൽകുന്നത്. ഒരു പുസ്തകം തുറന്ന് കുറഞ്ഞത് 15 മിനിറ്റ് വായിച്ച ശേഷം ആപ്പിൽ സെഷൻ ലോഗ് ചെയ്ത് സബ്മിറ്റ് ചെയ്യുക. ഓരോ 15 മിനിറ്റ് സെഷനും നിങ്ങൾക്ക് 20 വെർച്വൽ കോയിനുകൾ സമ്മാനമായി നൽകും.
നിങ്ങളുടെ അക്കൗണ്ടിൽ 1,000 കോയിനുകൾ തികയുമ്പോൾ അത് 1 സിംഗപ്പൂർ ഡോളർ (ഏകദേശം 65 രൂപ) ആയി മാറ്റി ക്യാഷ് ഔട്ട് ചെയ്യാം. ഒരു ദിവസം ഒരു സെഷൻ മാത്രമേ ലോഗ് ചെയ്യാൻ സാധിക്കൂ. അതായത്, ആദ്യത്തെ ഒരു ഡോളർ നേടാൻ നിങ്ങൾ തുടർച്ചയായി 50 ദിവസം 15 മിനിറ്റ് വീതം വായിച്ചിരിക്കണം.
വെറും പണം മാത്രമല്ല സമ്മാനം!
ലഭിക്കുന്ന ചെറിയ തുകയേക്കാൾ ഉപരിയായി, വായനക്കാരെ പ്രോത്സാഹിപ്പിക്കാൻ മറ്റ് പല ഘടകങ്ങളും ഈ ആപ്പിലുണ്ട്. കൂടുതൽ വായിക്കുന്നതിലൂടെ ലീഡർബോർഡുകളിൽ മുന്നിലെത്താം. ഇ-റീഡറുകൾ സ്വന്തമാക്കാനുള്ള ലക്കി ഡ്രോകളിൽ പങ്കെടുക്കാം. ഇതുകൂടാതെ, പണത്തിൽ താൽപ്പര്യമില്ലാത്തവർക്കായി ഒക്ടോബർ മാസം വരെ ലോഗ് ചെയ്യുന്ന സെഷനുകൾ ഒരു ചാരിറ്റി ഡ്രൈവിലേക്കാണ് സംഭാവനയായി നൽകുന്നത്. ഇതൊരു ചെറിയ തുകയാണെങ്കിൽ പോലും, റീൽസുകളിലും ഷോർട്ട്സുകളിലും മുഴുകി ശ്രദ്ധാകേന്ദ്രങ്ങൾ നഷ്ടപ്പെടുന്ന ആധുനിക മനുഷ്യനെ വീണ്ടും അറിവിൻ്റെ ലോകത്തേക്ക് വഴിനടത്താൻ ഈ ‘സിംഗപ്പൂർ പദ്ധതി’ തീർച്ചയായും വലിയൊരു മാതൃകയാണ്.
നടന്നാലും പണം
സിംഗപ്പൂരിൽ ദിവസവും നടക്കുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും സർക്കാർ പ്രതിഫലം നൽകുന്നുണ്ട്. ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സിംഗപ്പൂർ ഗവൺമെൻ്റ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഹെൽത്തി 365 ആപ്പ് വഴി സിംഗപ്പൂർ ഹെൽത്ത് പ്രൊമോഷൻ ബോർഡിൻ്റെ ഈ ആപ്പ് വഴി ആളുകൾ ദിവസവും നടക്കുന്ന സ്റ്റെപ്പുകളും വ്യായാമ മുറകളും ട്രാക്ക് ചെയ്യാം. നിശ്ചിത ലക്ഷ്യങ്ങൾ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ‘ഹെൽത്ത് പോയിൻ്റുകൾ’ ഉപയോഗിച്ച് സൂപ്പർമാർക്കറ്റ് വൗച്ചറുകളോ പൊതുഗതാഗതത്തിനുള്ള യാത്രാ ആനുകൂല്യങ്ങളോ നേടിയെടുക്കാം.
വില്ലേജുകൾ/സിഡിസി വാക്കിംഗ് ട്രെയിലുകൾ
ഗവൺമെൻ്റ് ഏജൻസിയായ ഗോവ്‌ടെക്കും (GovTech) കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് കൗൺസിലുകളും ചേർന്ന് രാജ്യത്തുടനീളം പ്രത്യേക നടത്ത പാതകൾ ഒരുക്കിയിട്ടുണ്ട്. സിങ്പാസ് വഴി ലോഗിൻ ചെയ്ത്, ഈ 5 കിലോമീറ്റർ പാതകളിലെ ഡിജിറ്റൽ ചെക്ക്‌പോസ്റ്റുകൾ പൂർത്തിയാക്കുന്നവർക്ക് 50 ഡോളർ വരെയുള്ള വൗച്ചറുകൾ സമ്മാനമായി ലഭിക്കും.







