ന്യൂഡൽഹി: വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്, കുട്ടികൾക്കുള്ള സുരക്ഷാ സംവിധാനങ്ങൾ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. നിലവിൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമങ്ങളുണ്ടെന്നും അവ കർശനമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിയമങ്ങൾ കർശനമാക്കണം
ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് പുറമെ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാഹനങ്ങൾ ഓടുമ്പോൾ സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിലവിലെ നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പാലിക്കാത്ത യാത്രക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് നിയമപാലകരാണെന്നും, ഇത് ക്രമസമാധാന പാലനത്തിൻ്റെയും ഗതാഗത അച്ചടക്കത്തിൻ്റെയും ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരന് തൻ്റെ നിർദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറാമെന്നും, മന്ത്രാലയം ഈ വിഷയത്തിൽ രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ഹർജിക്ക് പിന്നിൽ
പ്രശസ്ത പ്രമേഹരോഗ വിദഗ്ധനും ഗവേഷകനുമായ മലയാളിയായ ഡോ. ജ്യോതിദേവ് കേശവദേവാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോക്ടറാണ് അദ്ദേഹമെന്ന് കോടതി പ്രത്യേകം പരാമർശിച്ചു. അഭിഭാഷകനായ വിൽസ് മാത്യു മുഖേനയാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. 2026 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിന് അദ്ദേഹം ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്.
ടാക്സി യാത്രയ്ക്കിടെയുണ്ടായ ചില അനുഭവങ്ങളാണ് ഇത്തരമൊരു ഹർജി നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിൻസീറ്റിലെ സീറ്റ് ബെൽറ്റ് പ്രവർത്തിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, മുൻസീറ്റിൽ മാത്രമേ സീറ്റ് ബെൽറ്റ് ആവശ്യമുള്ളൂ എന്നായിരുന്നു ഒരു ടാക്സി ഡ്രൈവറുടെ മറുപടി. പലപ്പോഴും കാറുകളുടെ സീറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അധികമായി സീറ്റ് കവറുകൾ ഇടാറുണ്ട്. ഇത് സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത് തടയുകയും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു. വാഹന ഉടമകൾ കാറിനെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ യാത്രക്കാരുടെ ജീവന് വിലകൽപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷാ മാനദണ്ഡങ്ങൾ
ഒരു ഡോക്ടർ എന്ന നിലയിൽ രോഗങ്ങൾ ചികിത്സിക്കുന്നതിനേക്കാൾ അവ വരാതെ തടയുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് ഡോ. ജ്യോതിദേവ് വ്യക്തമാക്കി. പ്രമേഹരോഗികളിൽ പലരും മരിക്കുന്നത് തടയാൻ കഴിയുന്ന സങ്കീർണതകൾ കാരണമാണ്. അതുപോലെ തന്നെ വാഹനാപകടങ്ങളിലെ മരണങ്ങളും കൃത്യമായ സുരക്ഷാ സംവിധാനങ്ങളിലൂടെ തടയാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ സീറ്റുകൾ വാഹനങ്ങളിൽ നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 194ബി, 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 138(3) എന്നിവ പ്രകാരം സീറ്റ് ബെൽറ്റ് ധരിക്കാത്തത് ശിക്ഷാർഹമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


