ലണ്ടൻ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കി. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയെ ഒരുനോക്ക് കാണാനായി ചൊവ്വാഴ്ച ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദി ഷാർഡിന് പുറത്ത് നൂറുകണക്കിന് ആരാധകർ ഒത്തുകൂടിയിരുന്നു.
മണിക്കൂറുകളോളം കാത്തുനിന്നവരുൾപ്പെടെയുള്ള നിരവധി ആരാധകരെ നിരാശരാക്കുന്നതായിരുന്നു പരിപാടി റദ്ദാക്കിയ നടപടി. സുരക്ഷാ കാരണങ്ങളാൽ പരിപാടി റദ്ദാക്കുകയാണെന്നും ഇതിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലെ ഒരാൾ ലൗഡ്‌സ്‌പീക്കറിലൂടെ അറിയിച്ചു. ടിവികെയുടെ ഐടി വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു.
പാർട്ടി പ്രവർത്തകരും അനുയായികളും മുഖ്യമന്ത്രി വിജയ്‌യെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിൻ്റെ അഭ്യർഥനയും കാരണം യോഗം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. തീരുമാനം ന്യായമാണെന്ന് തോന്നുന്നുണ്ടെങ്കിലും ഇത്രയധികം ആളുകൾ കാത്തിരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വിജയ്‌യുടെ ഹോട്ടലിന് മുന്നിൽ മണിക്കൂറുകളായി കാത്തിരുന്ന യുവ ആരാധകൻ പ്രതികരിച്ചു. തമിഴ്‌നാട്ടിൽ കാണാറുള്ളതുപോലെയുള്ള വലിയ ജനക്കൂട്ടമൊന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട്
തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനാണ് ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യുകെ സന്ദർശിച്ചത്. ഈ സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച നിരവധി ധാരണാപത്രങ്ങളിൽ സംഘം ഒപ്പുവച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.
ഏഷ്യയിലെ പ്രമുഖമായ അത്യാധുനിക ഉത്പാദന സാങ്കേതിക കേന്ദ്രമായി തമിഴ്‌നാടിനെ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിക്ഷേപ പദ്ധതികൾ. ഇതിലൂടെ ഉയർന്ന മൂല്യമുള്ള 9400ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ, ടെക്‌നിക്കൽ കൺസൾട്ടൻസി, ഉപകരണ നിർമാണം തുടങ്ങിയ മേഖലകളും പുതിയ നിക്ഷേപ നീക്കത്തിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്തിൻ്റെ വ്യാവസായിക വളർച്ചയ്ക്ക് കുതിപ്പേകുന്നതാണ് പുതിയ കരാറുകളെന്നാണ് വിലയിരുത്തൽ.
ഓഗസ്റ്റ് 13ന് ചെന്നൈയിൽ വിജയ്‌യുടെ സാന്നിധ്യത്തിൽ നടന്ന വെട്രി തമിഴ്‌നാട് നിക്ഷേപക സംഗമത്തിൽ 97 ധാരണാപത്രങ്ങൾ ഒപ്പുവച്ചതായി വ്യവസായ വകുപ്പ് അറിയിച്ചിരുന്നു. 67,452 കോടി രൂപയുടെ നിക്ഷേപവും 1,06,998 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യവസായ വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്.
അധികാരമേറ്റ് 100 ദിവസത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കാനും 1,21,788 പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനും കഴിഞ്ഞുവെന്ന് ടിവികെ സർക്കാർ വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് സി ജോസഫ് വിജയ് തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച് അധികാരത്തിലെത്തിയത്. ഭരണത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിൻ്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിലെ വ്യവസായികളെ നേരിട്ട് കണ്ട് നിക്ഷേപം ഉറപ്പാക്കാനുള്ള ലണ്ടൻ സന്ദർശനം. യുകെയിലെ പ്രമുഖ വ്യവസായികളുമായും സാങ്കേതിക വിദഗ്ധരുമായും അദ്ദേഹം ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. അതേസമയം ലണ്ടന്‍ സന്ദർശനത്തിൽ കോടികളുടെ നിക്ഷേപം നടത്തിയെന്ന സർക്കാരിൻ്റെ അവകാശവാദത്തെ എതിർത്ത് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. നിക്ഷേപ കണക്കുകളിൽ വ്യക്തത വരുത്തണമെന്നാണ് ഡിഎംകെയുടെ ആവശ്യം.






