കൊച്ചി: വികസനക്കുതിപ്പിൽ തുടരുന്ന കൊച്ചി നഗരത്തിൻ്റെ ഗതാഗത സംവിധാനത്തിൻ്റെ അഭിമാനമായ കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ മെട്രോ ശൃംഖലയുടെ പ്രവർത്തനവും പരിപാലനവും ഏറ്റെടുക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ( ഡിഎംആർസി ) താൽപ്പര്യം പ്രകടിപ്പിച്ചു. രാജ്യത്തെ വൻ നഗരങ്ങളായ മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ മെട്രോയുടെ പ്രവർത്തനവും പരിപാലനവും ഡിഎംആർസി നിർവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊച്ചി മെട്രോയിലേക്ക് ഡിഎംആർസിയുടെ ശ്രദ്ധയെത്തിയത്.
കൊച്ചി മെട്രോ ശൃംഖലയുടെ പ്രവർത്തനവും പരിപാലനവും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് മുതിർന്ന ഡിഎംആർസി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. “ഡിഎംആർസി മുൻപ് ഇതുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിച്ചിരുന്നുവെങ്കിലും കെഎംആർഎൽ ഒന്നാം ഘട്ട മെട്രോ പാത മാത്രമാണ് പ്രവർത്തിപ്പിച്ചിരുന്നത് എന്നതിനാൽ അത് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ഇന്ന് കൊച്ചി പുറമേ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ മറ്റ് നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കെഎംആർഎൽ പദ്ധതിയിടുന്നുണ്ട്. ഈ നഗരങ്ങളിലെ മെട്രോ സംവിധാനങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് പരിചയസമ്പന്നരായ ഡിഎംആർസിയെ സമീപിക്കാനുള്ള ആലോചനകൾ കെഎംആർഎല്ലിൽ നടക്കുന്നത്.
കൊച്ചി മെട്രോ ശൃംഖലയുടെ പ്രവർത്തനവും പരിപാലനവും ഡിഎംആർസി ഏറ്റെടുക്കാനായാൽ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമാക്കാനും സഹായിക്കും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയും മൂന്നാം ഘട്ടത്തിനുള്ള നിർദേശം സമർപ്പിച്ചതുമായ സാഹചര്യത്തിൽ എല്ലാ പാതകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നത് കെഎംആർഎല്ലിനെ സംബന്ധിച്ചിടത്തോളം വലിയൊരു ദൗത്യമായിരിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻപ് കൊച്ചി മെട്രോയുടെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച് ഡിഎംആർസിയിൽ നിന്ന് ഒരു നിർദേശം ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. എന്നാൽ നിരവധി പദ്ധതികൾ വരാനിരിക്കുന്ന സാഹചര്യത്തിൽ പുതിയ മാനേജ്‌മെന്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ചെന്നൈ മെട്രോയ്ക്ക് പുറമെ മുംബൈയിലെ ഒരു മെട്രോ പാതയുടെയും പ്രവർത്തന – പരിപാലന ചുമതല ഡിഎംആർസി നിർവഹിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കെഎംആർഎൽ സാങ്കേതിക പ്രവർത്തനങ്ങൾ ആഭ്യന്തരമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ജീവനക്കാരെ നിയമിക്കുകയും അവർക്ക് പരിശീലനം നൽകിയ ശേഷം ജോലിയിൽ പ്രവേശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇക്കാര്യത്തിലടക്കം പലവിധത്തിലുള്ള വെല്ലുവിളി നേരിടുന്നുണ്ട്.
33.5 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ പാതയായ കൊളാബ – ബാന്ദ്ര-സീപ്സ് (Colaba – Bandra – SEEPZ) ഇടനാഴിയുടെ പ്രവർത്തനങ്ങൾ, സ്റ്റേഷൻ പ്രവർത്തനങ്ങൾ, ഒസിസി (OCC)/ഡിപ്പോ മാനേജ്‌മെന്റ്, ആസ്തികളുടെ പരിപാലനം എന്നിവയ്ക്കായി മുംബൈ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് ഡിഎംആർസിക്ക് 10 വർഷത്തെ കരാർ നൽകിയിരുന്നു. 116.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട ശൃംഖലയുടെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡുമായി 12 വർഷത്തെ കരാറും നേടി.







