പ്രശസ്ത പിന്നണി ഗായകൻ നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷട്രയിലെ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. നരേഷിനും വധുവിനും ആശംസ നേർന്നുകൊണ്ട് ക്ഷേത്രത്തിന്റെ ഔദ്യേഗിക പേജിൽ പോസ്റ്റ് വന്നപ്പോഴാണ് ആരാധകർ ഗായകന്റെ വിവാഹ വാർത്ത അറിയുന്നത്. വിവാഹ ചടങ്ങുകളുടെ ചിത്രവും വിഡിയോയും അടങ്ങിയതായിരുന്നു പോസ്റ്റ്.
‘മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഇന്ത്യൻ പിന്നണി ഗായകൻ ശ്രീ നരേഷ് അയ്യർക്ക് അദ്ദേഹത്തിന്റെ വിവാഹമംഗള വേളയിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ മനോഹരമായ പുതിയ അധ്യായത്തിന് ഞങ്ങളുടെ ക്ഷേത്രത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ അഭിമാനവും സന്തോഷവുമുണ്ട്.
ഈശ്വരന്റെ അനുഗ്രഹം നവദമ്പതികൾക്ക് സ്നേഹവും സന്തോഷവും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം സമ്മാനിക്കട്ടെ. അവർക്ക് അനുഗ്രഹീതവും സന്തോഷകരവുമായ ദാമ്പത്യജീവിതം ആശംസിക്കുന്നു!’- എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്ഷേത്രത്തിന്റെ പോസ്റ്റിൽ നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ നേരുന്നത്. ഈ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടും ആരാധകർ സന്തോഷം പങ്കുവച്ചു.
ബോളിവുഡ് ഗായകനായ നരേഷ് അയ്യർ മലയാളികൾക്കും പ്രിയങ്കരനാണ്. ‘അൻവർ’ സിനിമയിലെ ‘കണ്ണിനിമനീളെ’ എന്ന ഗാനമാണ് ഗായകനെ മലയാളികൾക്കിടയിൽ പ്രശസ്തനാക്കിയത്. ജോർജ് പീറ്റർ എന്ന സംഗീത സംവിധായകന്റെ ‘ഹാർട്ട് ബീറ്റ്സ്’ എന്ന സിനിമയ്ക്കുവേണ്ടിയാണ് നരേഷ് ആദ്യമായി മലയാളത്തിൽ പാടുന്നത്. ചിത്രത്തിൽ ‘ഹേയ് മൊഴി തോർന്നുവോ’ എന്ന പാട്ടാണ് അദ്ദേഹം ആലപിച്ചത്. പിന്നീട് ഗോപി സുന്ദർ, ദീപക് ദേവ്, ജൊനാഥാൻ തുടങ്ങിയവരുമായി ചേർന്നും പാട്ടുകൾ പാടി. ‘ടൂർണമെന്റ്’ എന്ന ചിത്രത്തിലെ ‘മനസ്സിൻ മുറിയുടെ’, ‘ഉസ്താദ് ഹോട്ടലി’ലെ ‘മേൽ മേൽ മേൽ’, ‘ഹാപ്പി സർദാറി’ലെ ‘മേരി മേരി ദിൽറുബ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ ശബ്ദമാണ് നരേഷ്.






