വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും അമേരിക്കയിൽ തുടരുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ വിസ നയത്തിന് താത്കാലിക വിലക്ക്. പുതിയ നയം നടപ്പിലാക്കുന്നത് യുഎസ് ഫെഡറൽ കോടതി തടഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ (ഡിഎച്ച്എസ്) പുതിയ വിസ ചട്ടങ്ങൾ പ്രാബല്യത്തിൽ വരാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ഡിസ്ട്രിക്ട് ജഡ്ജി ഡെന്നിസ് സെയ്‌ലർ ഉത്തരവ് പുറപ്പെടുവിച്ചത്.
വിസ കാലാവധി വെട്ടിച്ചുരുക്കി
നിർദിഷ്ട പുതിയ ചട്ടങ്ങൾ അനുസരിച്ച്, സ്റ്റുഡൻ്റ് വിസയിലുള്ള വിദേശികൾക്ക് പരമാവധി നാല് വർഷം വരെ മാത്രമേ രാജ്യത്ത് തുടരാൻ സാധിക്കൂ. ഇതിനുശേഷം അവർ വിസ നീട്ടിക്കിട്ടുന്നതിനായി വീണ്ടും അപേക്ഷ നൽകണം. നേരത്തെ പഠനം പൂർത്തിയാകുന്നതുവരെ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടരാൻ അനുമതിയുണ്ടായിരുന്നു. വിദേശ മാധ്യമ പ്രവർത്തകർക്ക് 240 ദിവസം അഥവാ എട്ട് മാസം വരെ മാത്രമേ രാജ്യത്ത് തുടരാൻ സാധിക്കൂ.
സമാനമായ കാലയളവിലേക്ക് വിസ നീട്ടിക്കിട്ടാൻ ഇവർക്ക് അപേക്ഷിക്കാം. എന്നാൽ നിലവിൽ അഞ്ച് വർഷം വരെ ഇവർക്ക് അമേരിക്കയിൽ തുടരാൻ സാധിക്കുമായിരുന്നു. ചൈനീസ് മാധ്യമ പ്രവർത്തകർക്ക് വെറും 90 ദിവസത്തെ വിസ മാത്രമാണ് ലഭിക്കുക. ഇത് 90 ദിവസത്തേക്ക് കൂടി നീട്ടിക്കിട്ടാൻ അപേക്ഷിക്കാം. സർവകലാശാലകൾ, അധ്യാപകർ, മാധ്യമ പ്രവർത്തകർ എന്നിവരെ പ്രതിനിധീകരിക്കുന്ന വിവിധ യൂണിയനുകൾ ചേർന്നാണ് വിസ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് കോടതിയിൽ ഹർജി നൽകിയത്.
കോടതിയുടെ രൂക്ഷവിമർശനം
കേസിൻ്റെ മെറിറ്റ് പരിശോധിക്കാതെയാണ് പുതിയ ഡിഎച്ച്എസ് ചട്ടങ്ങൾ നടപ്പിലാക്കുന്നത് ജഡ്ജി ഡെന്നിസ് സെയ്‌ലർ താൽക്കാലികമായി തടഞ്ഞത്. കേസിൽ ഒക്ടോബർ രണ്ടിന് വീണ്ടും വാദം കേൾക്കും. വിദേശ വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ ജഡ്ജി സംശയം പ്രകടിപ്പിച്ചു. നിലവിലെ സംവിധാനം കോടിക്കണക്കിന് വിദേശ വിദ്യാർഥികളെ അമേരിക്കയിലേക്ക് വരാൻ അനുവദിച്ചിട്ടുണ്ടെന്നും, ഇത് ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ മികച്ച ഗവേഷണങ്ങൾക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ ഗണ്യമായ സാമ്പത്തിക വളർച്ചയും മറ്റ് നിരവധി നേട്ടങ്ങളും രാജ്യത്തിന് ഉണ്ടായിട്ടുണ്ട്.
ഈ സംവിധാനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം, വിദേശ വിദ്യാർഥികൾ, ഗവേഷകർ, പ്രൊഫസർമാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ എണ്ണം ഗണ്യമായി പരിമിതപ്പെടുത്തുന്ന പുതിയ പ്രോഗ്രാം കൊണ്ടുവരാനാണ് ഡിഎച്ച്എസ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചട്ടങ്ങൾ പ്രകാരം, വിസ നീട്ടിനൽകുന്നത് നിരസിക്കാനുള്ള ഡിഎച്ച്എസിൻ്റെ തീരുമാനം പൂർണ്ണമായും അവരുടെ വിവേചനാധികാരമാണെന്നും ഇതിനെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്നും ജഡ്ജി വ്യക്തമാക്കി. പരിമിതവും അവ്യക്തവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, അപ്പീൽ നൽകാനുള്ള യാതൊരു സാധ്യതയുമില്ലാതെ, അമേരിക്കൻ പൗരനല്ലാത്ത ഏതൊരാളുടെയും അക്കാദമിക്, ഗവേഷണ, അധ്യാപന പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാൻ ഒരു ഡിഎച്ച്എസ് ഉദ്യോഗസ്ഥന് അധികാരം ലഭിക്കും.
വിസ നീട്ടിക്കിട്ടാൻ അപേക്ഷിക്കുന്ന വിദേശ മാധ്യമ പ്രവർത്തകർക്ക് അപേക്ഷ നിരസിക്കപ്പെട്ടാൽ മറ്റ് മാർഗങ്ങളോ അപ്പീൽ നൽകാനുള്ള അവസരങ്ങളോ ഉണ്ടാകില്ല. ഇത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുമെന്നും, സർക്കാരിനെയോ ഡിഎച്ച്എസ് ഉദ്യോഗസ്ഥരെയോ വിമർശിക്കുന്ന വിദേശ മാധ്യമ പ്രവർത്തകരുടെ വിസ പുതുക്കി നൽകില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷാ വാദം അസംബന്ധം
പുതിയ ചട്ടം കൊണ്ടുവന്നപ്പോൾ ദേശീയ സുരക്ഷാ കാരണങ്ങളാണ് ഡിഎച്ച്എസ് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഈ വാദം അസംബന്ധമാണെന്നും, കേവലം ചില സംഭവങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും ജഡ്ജി വിമർശിച്ചു. പ്രധാന നഗരങ്ങളിലെ കർശനമായ എൻഫോഴ്സ്മെൻ്റ് ഓപ്പറേഷനുകളും പൗരത്വത്തിലേക്കുള്ള നിയമപരമായ വഴികളിലെ പുതിയ നിയന്ത്രണങ്ങളും ഉൾപ്പെടെ, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് പുതിയ വിസ നിയന്ത്രണങ്ങളും കൊണ്ടുവന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2023-24 അധ്യയന വർഷത്തിൽ 11 ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർഥികളാണ് അമേരിക്കയിൽ എത്തിയത്. ലോകത്ത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണിത്.







