കൊച്ചി പാലാരിവട്ടത്ത് ഓണാഘോഷത്തിന്റെ ഭാഗമായി സ്ഥാപനത്തിന് മുന്നിൽ ഒരുക്കിയ അത്തപ്പൂക്കളം യുവതി കാൽകൊണ്ട് ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ ബി.ജെ.പി നേതാവ് സി.ജി. രാജഗോപാൽ. മെട്രോ പില്ലർ 545-ന് സമീപമുള്ള സ്ഥാപനത്തിന് മുന്നിലെ പൂക്കളം യുവതി മനഃപൂർവ്വം നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സമൂഹത്തിൽ മതസ്പർദ്ധയും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ പാലാരിവട്ടം പോലീസ് ഇതിനോടകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ തനിക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടായിരുന്നെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും കാണിച്ച് നിയമവിദ്യാർത്ഥിനിയായ യുവതി മാപ്പപേക്ഷിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ മാപ്പപേക്ഷ ആത്മാർത്ഥതയില്ലാത്തതാണെന്നും, ബോധപൂർവ്വം ആചാരങ്ങളെയും സംസ്കാരത്തെയും അവഹേളിക്കാനുള്ള നീക്കമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ നിലപാടിൽ ഉറച്ചുനിൽക്കുന്നത്. തുടക്കത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ലെന്നും, പിന്നീട് ഇത് ബാംഗ്ലൂരിലാണ് നടന്നതെന്നുമുള്ള തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തി സംഭവത്തെ വഴിതിരിച്ചുവിടാൻ ശ്രമം നടന്നിരുന്നു. വ്യക്തമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും മുന്നറിയിപ്പുണ്ട്.








