പണമയയ്ക്കാൻ ഇന്റർനെറ്റ് വേണ്ട, യുപിഐ ആപ്പ് തുറക്കേണ്ട; പുതിയ എൻഎഫ്സി പേയ്മെന്റ് സംവിധാനം ഇങ്ങനെ

0
5

മുംബൈ: എൻഎഫ്സി അധിഷ്ഠിത പേയ്മെന്റ് സംവിധാനം രാജ്യത്ത് നിലവിൽ വന്നു. ഈ സൗകര്യമുള്ള സ്മാർട്ട്‌ഫോൺ അൺലോക്ക് ചെയ്ത് പിഒഎസ് ടെർമിനലിൽ ടാപ്പ് ചെയ്ത് പേയ്‌മെന്റ് നടത്താമെന്നതാണ് പ്രത്യേകത. ഉപയോക്താവിന്റെ ഫോണിൽ മൊബൈൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലും പിഒഎസ് ടെർമിനലിന്റെ ഇന്റർനെറ്റ് ഉപയോഗിച്ച് ഇടപാട് പൂർത്തിയാകും.

5,000 വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ പരിധിക്കുള്ളിലുള്ള തുക വെറുമൊരു ടാപിലൂടെ കൈമാറ്റം ചെയ്യാനാകും. അതെസമയം 5,000-ന് മുകളിലുള്ള തുകയ്ക്ക് പിഒഎസ് ടെർമിനലിൽ പിൻ നമ്പർ നൽകണം.

മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (GFF) 2026-ൽ വെച്ചാണ് ഈ സൗകര്യം ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്രയാണിത് പുറത്തിറക്കിയത്.

ഇതോടൊപ്പം MyUPI അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് സംവിധാനവും സഞ്ജയ് മൽഹോത്ര ഉദ്ഘാടനം ചെയ്തു. വിവിധ ബാങ്കുകളിലെയും ആപ്പുകളിലെയും യുപിഐ ഇടപാടുകളും ഓട്ടോപേ മാൻഡേറ്റുകളും ഒറ്റ പ്ലാറ്റ്‌ഫോമിൽ കാണാൻ സൗകര്യം ലഭിക്കുന്ന സംവിധാനമാണിത്. എന്തെങ്കിലും തട്ടിപ്പ് നടക്കുന്നതായി സംശയിക്കുന്ന സാഹചര്യങ്ങളിൽ യുപിഐ ഡെബിറ്റ് ഇടപാടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ഇതിൽ സാധിക്കും. റൂപേ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ ഈ പുതിയ സംവിധാനത്തിൽ‌ പ്രവർത്തിക്കും. എൻപിസിഐ വികസിപ്പിച്ച FiMI എന്ന സ്‌മോൾ ലാംഗ്വേജ് മോഡൽ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

ഇടപാട് പൂർത്തിയാക്കുന്നതിന് മുമ്പ് പണം സ്വീകരിക്കുന്നയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ സംവിധാനത്തിൻകീഴിൽ കാണിക്കും. അബദ്ധത്തിൽ നടന്നുപോയ ഇടപാടുകൾക്ക് ഉടൻ തന്നെ പരാതി നൽകാനും വേഗത്തിൽ പരിഹാരം കാണാനും സാധിക്കും. നിലവിൽ‌ ഇത്തരം പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടാതെ പോകുകയോ, ഉപഭോക്താവിനെ പരമാവധി ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വലിയ മാറ്റം വരുത്തും പുതിയ സംവിധാനം.

മുൻപ് ചെയ്ത ഇടപാടുകൾ ഏത് യുപിഐ ആപ്പ് വഴിയും എളുപ്പത്തിൽ വീണ്ടും ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here