പകൽ വെന്തുരുകും, രാത്രി പവർക്കട്ടിനും സാധ്യത;

0
3

തിരുവനന്തപുരം: മഴ മാറിനിൽക്കുന്നതിനൊപ്പം അന്തരീക്ഷ താപനില കുത്തനെ ഉയർന്നതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം വർധിച്ചതിനാൽ രാത്രികാലങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് ആരോഗ്യപ്രശ്‌നങ്ങൾക്കും കാട്ടുതീക്കും കാരണമാകുമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

റെക്കോഡ് താപനില
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം കോട്ടയത്താണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ 35 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഇത് സാധാരണയേക്കാൾ 4.4 ഡിഗ്രി കൂടുതലാണ്. പുനലൂരിൽ 35.2 ഡിഗ്രിയും വെള്ളാനിക്കര, പാലക്കാട് എന്നിവിടങ്ങളിൽ 34.3 ഡിഗ്രി വീതവും ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 33.3 ഡിഗ്രിയും കൊച്ചിയിൽ 34 ഡിഗ്രിയുമാണ് താപനില. സെപ്റ്റംബർ എട്ടുവരെ താപനില സാധാരണയേക്കാൾ മൂന്നുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന നിലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്.

രാത്രികാല നിയന്ത്രണം
ചൂട് കടുത്തതോടെ എയർ കണ്ടീഷണറുകളുടെയും മറ്റ് കൂളിങ് സംവിധാനങ്ങളുടെയും ഉപയോഗം വർധിച്ചു. ഇതോടെ വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത മുൻവർഷങ്ങളേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു. രാജ്യത്താകമാനം 12,000 മെഗാവാട്ടിൻ്റെ വൈദ്യുതി ക്ഷാമമുള്ളതിനാൽ പവർ എക്സ്ചേഞ്ച് വഴി അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സാധിക്കുന്നില്ല.

കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വിഹിതത്തിലും കുറവ് വന്നിട്ടുണ്ട്. വൈകുന്നേരം ആറുമണിക്കും രാത്രി 12 മണിക്കും ഇടയിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വരികയോ ഗ്രിഡ് ഫ്രീക്വൻസി താഴുകയോ ചെയ്‌താൽ ഭാഗിക ലോഡ് ഷെഡിങ് നടപ്പിലാക്കാൻ നിർബന്ധിതരാകുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിനാൽ രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

വരൾച്ചാ ഭീഷണി
കാലാവസ്ഥ വ്യതിയാനവും താപനിലയിലെ അപ്രതീക്ഷിത കുതിച്ചുചാട്ടവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സെപ്റ്റംബറിലെ മഴക്കുറവ് ജലാശയങ്ങളിലെ ജലനിരപ്പ് കുത്തനെ കുറച്ചു. ഇത് വരും മാസങ്ങളിൽ ഭൂഗർഭ ജലനിരപ്പ് താഴാനും കാർഷിക മേഖല തകരാനും വഴിവയ്ക്കും. ജലവൈദ്യുത പദ്ധതികളിൽ വെള്ളമില്ലാതാവുകയും കൽക്കരി കേന്ദ്ര വിഹിതം കുറയുകയും ചെയ്യുന്നത് വരും മാസങ്ങളിൽ കേരളത്തെ ദീർഘകാല പവർക്കട്ടിലേക്ക് തള്ളിവിട്ടേക്കാം. ഉണങ്ങിയ അന്തരീക്ഷവും ഉയർന്ന ചൂടും കാട്ടുതീ വ്യാപിക്കാനും, മാലിന്യ ശേഖരണ കേന്ദ്രങ്ങൾക്കും ചന്തകൾക്കും തീപിടിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു.

അടിയന്തര സുരക്ഷാ നിർദേശങ്ങൾ
ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി പ്രധാന നിർദേശങ്ങൾ നൽകി. പകൽ 11 മണി മുതൽ മൂന്നുമണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പൂർണമായും ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കണം. വിദ്യാർഥികൾക്ക് ശുദ്ധജല ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണം.

വെയിലേൽക്കുന്ന അസംബ്ലികൾ ഒഴിവാക്കുക. വഴിയോര കച്ചവടക്കാർ, നിർമാണത്തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർ ഉച്ചസമയത്ത് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കണം. ചൂട് നിയന്ത്രണാതീതമായി ഉയരുന്നതും കടുത്ത ഊർജ പ്രതിസന്ധിയും വലിയൊരു മുന്നറിയിപ്പാണ്. വരും ദിവസങ്ങളിൽ കെഎസ്ഇബിയുടെ നിർദേശമനുസരിച്ച് വൈകുന്നേരങ്ങളിൽ വൈദ്യുതി മിതമായി ഉപയോഗിക്കുകയും, ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാനിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്‌താൽ മാത്രമേ അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here