ജനസംഖ്യാനുപാതികമായി ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും 75 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള തുല്യ അവസരങ്ങളില്ലാതെ സമത്വസുന്ദരമായ ഒരു സമൂഹം യാഥാർത്ഥ്യമാവില്ലെന്നും, ജാതി സെൻസസ് റിപ്പോർട്ട് നടപ്പിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സ്റ്റേറ്റ് ബാക്ക്വേർഡ് കാസ്റ്റ്സ് ഫെഡറേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും സാമൂഹിക നീതി ലഭിക്കണമെങ്കിൽ കുറഞ്ഞത് 75 ശതമാനം സംവരണം വേണമെന്നും, ലോക്‌സഭയിലും നിയമസഭയിലും ഇതേ രീതിയിലുള്ള സംവരണം നടപ്പിലാക്കേണ്ടത് രാഷ്ട്രീയ സമത്വത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മധുസൂദനൻ നായ്ക് അധ്യക്ഷനായ പിന്നോക്ക വിഭാഗ കമ്മീഷൻ തയ്യാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ചിരുന്നതാണെന്ന് സിദ്ധരാമയ്യ ഓർമ്മിപ്പിച്ചു. എന്നാൽ കോടതി ഉത്തരവുമൂലമാണ് നിലവിൽ ഈ റിപ്പോർട്ട് പുറത്തുവിടാനോ നടപ്പിലാക്കാനോ കഴിയാത്തത്. പിന്നോക്ക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യാ കണക്കുകൾ ഇല്ലാത്തതിനാലാണ് സെൻസസ് ആവശ്യമായി വന്നത്. 2013-ൽ താൻ മുഖ്യമന്ത്രിയായപ്പോഴാണ് ഈ സർവേയ്ക്ക് ഉത്തരവിട്ടത്. എന്നാൽ തന്റെ കാലാവധിക്കുള്ളിൽ അത് പൂർത്തിയായിരുന്നില്ലെന്നും, തുടർന്ന് വന്ന സർക്കാർ ആ റിപ്പോർട്ട് സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.









