ന്യൂഡൽഹി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ എ (H1N1) പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രോഗലക്ഷണങ്ങൾ ഗുരുതരമായാൽ മടിക്കാതെ ഉടൻ തന്നെ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടണമെന്ന് ഐ എം എ വ്യക്തമാക്കി. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
വൻനഗരങ്ങളിൽ രോഗവ്യാപനം ശക്തം
മൺസൂൺ കാലയളവിൽ സാധാരണയായി കണ്ടുവരാറുള്ള പനിമഹാമാരി ഇത്തവണ ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായിട്ടുണ്ട്. ഡൽഹിയിൽ മാത്രം ഇതുവരെ 1,770-ലധികം പേർക്ക് ലബോറട്ടറി പരിശോധനയിലൂടെ H1N1 സ്ഥിരീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) നിരീക്ഷണ പ്രകാരം നിലവിൽ പടരുന്നത് സാധാരണ സീസണൽ H1N1 വൈറസ് തന്നെയാണെന്നും, അതിൽ പുതിയ ജനിതകമാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഐ എം എ അറിയിച്ചു. ഭൂരിഭാഗം കേസുകളും നിസാരമായതിനാൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നു.
പ്രധാന ലക്ഷണങ്ങളും അപകടസൂചനകളും
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, വിറയൽ, വരണ്ട ചുമ, തൊണ്ടവേദന, കഠിനമായ പേശിവേദന, ക്ഷീണം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. കുട്ടികളിൽ ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയും കാണപ്പെടാം.
എന്നാൽ താഴെ പറയുന്ന അപകടസൂചനകൾ കണ്ടാൽ ഉടൻ അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം
- ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ശ്വാസതടസ്സം.
- നെഞ്ചുവേദന, ചുണ്ടുകളിലോ വിരലുകളിലോ നീലനിറം പടരൽ.
- ചുമയ്ക്കുമ്പോൾ രക്തം വരിക.
- അമിതമായ ഉറക്കം, തലകറക്കം, അപസ്മാരലക്ഷണങ്ങൾ.
- കുട്ടികളിൽ പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, കടുത്ത തളർച്ച, ശ്വാസമെടുക്കുമ്പോൾ നെഞ്ച് കുഴിഞ്ഞുപോകൽ.
ആൻ്റിബയോട്ടിക് ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്
H1N1 ഒരു വൈറൽ രോഗമായതിനാൽ അസിത്രോമൈസിൻ, അമോക്‌സിസിലിൻ, സെഫിക്സൈം തുടങ്ങിയ ആൻ്റിബയോട്ടിക്കുകൾ സ്വയം വാങ്ങി കഴിക്കരുതെന്ന് ഐ എം എ കർശനമായി നിർദ്ദേശിക്കുന്നു. അനാവശ്യ ആൻ്റിബയോട്ടിക് ഉപയോഗം ശരീരത്തിലെ നല്ല ബാക്‌ടീരിയകളെ നശിപ്പിക്കുകയും ‘ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ്’ എന്ന ഗുരുതര ആരോഗ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. സെക്കൻഡറി ബാക്‌ടീരിയൽ ഇൻഫെക്ഷൻ ഉണ്ടെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചാൽ മാത്രമേ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ.
പ്രതിരോധ മാർഗ്ഗങ്ങൾ
കൈകൾ ഇടയ്ക്കിടെ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക എന്നിവ ശീലമാക്കണം. പനിയുള്ളവർ പനി മാറി 24 മണിക്കൂർ കഴിയുന്നതുവരെ സ്‌കൂളുകളിലും ഓഫീസുകളിലും പോകാതെ വിശ്രമിക്കണം. ഗർഭിണികൾ, വയോധികർ, മറ്റിതര രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർ സീസണൽ ഫ്ലൂ വാക്‌സിൻ എടുക്കുന്നത് സുരക്ഷിതമായിരിക്കും.







