ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതികൾ പുരോഗമിക്കുന്നതിനിടെ ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി യുഎൻ പ്രതിനിധി. ഗസയിലെ ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ച ബോർഡ് ഓഫ് പീസ് ഹൈ റെപ്രസൻ്റേറ്റീവ് നിക്കോളായ് മ്ലാദെനോവ്, അമേരിക്കയുടെ നിർദേശങ്ങൾ തള്ളിയാൽ മറ്റൊരു യുദ്ധമായിരിക്കും ഫലമെന്നും മുന്നറിയിപ്പ് നൽകി.
ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതികൾ എങ്ങുമെത്താതെ നിൽക്കുകയല്ലെന്നും, ചർച്ചാ മേശയിൽ നിന്ന് അത് പ്രായോഗിക തലത്തിലേക്ക് മാറിയിട്ടുണ്ടെന്നും യുഎൻ രക്ഷാസമിതിയെ മ്ലാദെനോവ് അറിയിച്ചു.
സമാധാന പദ്ധതിയിലെ പ്രധാന വ്യവസ്ഥയായ ആയുധം താഴെവയ്ക്കാൻ സായുധ സംഘമായ ഹമാസ് ഇതിനകം സമ്മതിച്ചിട്ടുണ്ട്. ഗാസയുടെ ഭരണം സിവിലിയൻ സർക്കാരിന് കൈമാറാനും അവർ തയാറാണ്. എന്നാൽ കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും ഇസ്രയേൽ ഗസയിൽ ആക്രമണം തുടരുകയാണ്. കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം കുറവാണെങ്കിലും, സംഘർഷം അവസാനിക്കുന്നില്ലെന്ന തോന്നലാണ് ഗസയിലെ ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വർഷം നീണ്ട യുദ്ധത്തിനും 20 വർഷത്തെ സൈനിക നടപടികൾക്കും ശേഷം ഇസ്രയേൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ കൊണ്ട് എന്ത് നേട്ടമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആയുധപ്പുരകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തിയാൽ ഹമാസ് വീണ്ടും ആയുധമെടുക്കുന്നതോ ഗാസയിൽ പിടിമുറുക്കുന്നതോ തടയാനാകില്ല. ഇത് ഗസയെ സൈനികമുക്തമാക്കാനുള്ള നടപടികൾ വൈകിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. സിവിലിയൻ സർക്കാരിന് അധികാരം കൈമാറുന്നതിനും ഇത് തടസമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാന നീക്കങ്ങളും വെല്ലുവിളികളും
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. ഇത് അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ആയുധം താഴെവയ്ക്കാൻ അമേരിക്കയും ഹമാസും തമ്മിൽ അടുത്തിടെ ഉണ്ടാക്കിയ ധാരണ വലിയൊരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ഹമാസ് പൂർണമായും ആയുധങ്ങൾ കൈമാറാതെ ഗാസയിലെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് തങ്ങളുടെ സൈന്യം പിന്മാറില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
കഴിഞ്ഞയാഴ്ച നെതന്യാഹുവും ട്രംപിൻ്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നറുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നതായി മ്ലാദെനോവ് പറഞ്ഞു. ഇസ്രയേൽ സർക്കാരിൻ്റെ ആശങ്കകൾ ഓരോന്നായി പരിശോധിച്ചെന്നും, സാങ്കേതികമായി പരിഹരിക്കേണ്ട വിഷയങ്ങൾ ചുരുക്കിക്കൊണ്ടുവരാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ട്രംപിൻ്റെ സമാധാന പദ്ധതികളോട് തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്ന് യുഎന്നിലെ ഇസ്രയേൽ ഡെപ്യൂട്ടി അംബാസഡർ നോവ ഫർമാൻ രക്ഷാസമിതിയിൽ ആവർത്തിച്ചു. എന്നാൽ ഹമാസിൻ്റെ കൈവശം ആയുധങ്ങൾ ഉള്ളിടത്തോളം കാലം ഈ പദ്ധതി വിജയിക്കില്ലെന്നും അവർ വ്യക്തമാക്കി. ഹമാസിനെ ആയുധമുക്തമാക്കാൻ അമേരിക്കയുമായി ചേർന്ന് ഇസ്രയേൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ട്രംപിൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിച്ചുവരികയാണെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു. ഹമാസ് ആയുധം താഴെവയ്ക്കുന്നത് അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം തുടർന്നാൽ തിരിച്ചുവരവില്ല
സമാധാന പദ്ധതികളും ഗാസയിലെ നിലവിലെ സാഹചര്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് മ്ലാദെനോവ് മുന്നറിയിപ്പ് നൽകി. വീണ്ടും യുദ്ധം ആരംഭിച്ചാൽ തിരികെ പോകാൻ ഒരു സമാധാന പദ്ധതിയും ബാക്കിയുണ്ടാകില്ല. പുനർനിർമിക്കാൻ ഗസയിൽ ഒന്നും അവശേഷിക്കില്ലെന്നും, അത് എല്ലാവർക്കും തിരിച്ചുവരവില്ലാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ആയുധമുക്തമാക്കി പുനർനിർമിച്ച് ലോകത്തോട് ചേർന്നുനിൽക്കുന്ന ഗസയാണോ, അതോ വീണ്ടും ആയുധമെടുത്ത് വിഭജിക്കപ്പെട്ട് തകർന്നടിഞ്ഞ ഗാസയാണോ വേണ്ടതെന്ന് തീരുമാനിക്കണം. തകർന്ന ഗാസയിൽ തീവ്രവാദ ചിന്തകളുള്ള ഒരു തലമുറ വളർന്നുവരുമെന്നും അടുത്ത യുദ്ധം അടുത്തുതന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിന് പരിഹാരമായി രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയവും ഫലസ്തീനികൾക്ക് വിശ്വസനീയമായ രാഷ്ട്രീയ ഭാവിയും ട്രംപിൻ്റെ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് മ്ലാദെനോവ് പറഞ്ഞു. എന്നാൽ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ നെതന്യാഹു ശക്തമായി എതിർക്കുകയാണ്.





