‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയ്‌ക്ക് പിന്നാലെ പുതിയ പുതിയ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. സ്‌ത്രീകള്‍ക്ക് പ്രതിവർഷം മൂന്ന് സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന പദ്ധതിയ്‌ക്കാണ് തുടക്കം കുറിച്ചത്. 2027 പൊങ്കൽ മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചു.
തമിഴ്‌നാട് നിയമസഭയിൽ ഓഗസ്റ്റ് 17 മുതൽ ധനസഹായത്തിനായുള്ള ആവശ്യത്തിന്മേലുള്ള ചർച്ചകൾ നടന്നു വരികയാണ്. രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് (ഓഗസ്റ്റ് 24) രാവിലെ 9.30-ഓടെയാണ് നിയമസഭാ സമ്മേളനം പുനരാരംഭിച്ചത്. സമ്മേളനത്തിൽ നിയമസഭയിലെ 110-ാം ചട്ടപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വീട്ടമ്മമാർക്കായി സൗജന്യ പാചക വാതക സിലിണ്ടർ പദ്ധതി പ്രഖ്യാപിച്ചു.
വീട്ടമ്മമാർക്ക് പ്രതിവർഷം മൂന്ന് സിലിണ്ടറുകൾ സൗജന്യമായി ലഭിക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു. 2027 പൊങ്കൽ മുതൽ പദ്ധതി നടപ്പിലാക്കും. ‘അന്നപൂർണ സൂപ്പർ 6’ പദ്ധതി എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പദ്ധതിക്കായി 4,000 കോടി രൂപ അനുവദിക്കുമെന്നും വിജയ് നിയമസഭ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ പറയുന്നതനുസരിച്ച് 1,38,16,104 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, ചെറുകിട, കർഷകർ, 2.5 ലക്ഷം രൂപ വരുമാനമുള്ള ഭിന്നശേഷിയുള്ള കുടുംബങ്ങൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഈ സേവനം ലഭിക്കാൻ വളരെ എളുപ്പമാണ്. സാധാരണ ചെയ്യുന്നത് പോലെ ഗ്യാസ് സിലണ്ടർ രജിസ്‌റ്റർ ചെയ്യുക. അവ ലഭിച്ച ശേഷം കമ്പനിയിൽ നിന്ന് ലഭിക്കുന്ന ലിസ്‌റ്റ് അനുസരിച്ച് അന്നത്തെ സിലണ്ടറുടെ കാശ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ആവും.
പദ്ധതി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും വിജയ് പറഞ്ഞു. ടിവികെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ പാചക സിലിണ്ടർ. അതാണ് അടുത്ത വർഷം നടപ്പിലാക്കാൻ പോകുന്നത്. രണ്ട് ദിവസം മുമ്പാണ് തായ് മാമൻ തങ്ക മോതിരം പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ട് പുറത്തിറങ്ങിയത്. മുൻ മുഖ്യമന്ത്രിയും ദ്രാവിഡ നേതാവുമായ പേരറിജ്ഞർ അണ്ണായുടെ ജന്മദിനമായ സെപ്റ്റംബർ 15നാണ് പദ്ധതി ആരംഭിക്കുക. 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്കും മുൻകാല പ്രാബല്യത്തോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സ്ത്രീകൾക്കായി കൂടുതൽ സൗജന്യ ബസുകൾ
സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ യാത്രക്കാരുടെയും സാമൂഹിക സുരക്ഷയും യാത്രാസൗകര്യവും ശക്തമാക്കുന്നതിൻ്റെ ഭാഗമായി, സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ‘വെട്രി പയണം’ പദ്ധതി പ്രഖ്യാപിച്ചു.
നിയമസഭയിലെ 110-ാം ചട്ടപ്രകാരമുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രി വിജയ് ഈ പ്രഖ്യാപനം നടത്തിയത്. “സ്ത്രീകൾക്ക് ‘വെട്രി പയണം’ പദ്ധതിയിലൂടെ സൗജന്യ ബസ് യാത്ര ആസ്വദിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണത്തിലോ യാതൊരുവിധ നിബന്ധനകളും ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഈ പദ്ധതി രാജ്യത്ത് നിലവിൽ വരും.
ഈ വിപുലീകരിച്ച യാത്രാ പദ്ധതി പ്രകാരം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും മെട്രോപൊളിറ്റൻ, നഗര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന സർക്കാർ എക്‌സ്‌പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ്, ഡീലക്സ് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. അന്തർ ജില്ലാ യാത്രകൾ സുഗമമാക്കുന്നതിനായി, മൊഫ്യൂസിൽ (ഗ്രാമീണ/നഗരപ്രാന്ത പ്രദേശങ്ങൾ), മലയോര മേഖലകൾ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിലേക്കും ഈ ആനുകൂല്യം വ്യാപിപ്പിക്കും.
‘വെട്രി പയണം’ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം ഏകദേശം 6,000 കോടി രൂപയുടെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ വരുമാന പരിധിയോ യാത്രകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
‘വെട്രി വിഷൻ ഡോക്യുമെൻ്റിൽ’ വിഭാവനം ചെയ്തിട്ടുള്ള സ്ത്രീ ശാക്തീകരണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി വീണ്ടും ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെ സുരക്ഷ, സാമൂഹിക പുരോഗതി, ഉപജീവന സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി ‘സിംഗ പെൺ’ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, ‘തായ്മാമൻ തങ്കമോതിരം’, ‘വെട്രി മകൾ ആടുകൾ വളർത്തൽ’ എന്നീ ലക്ഷ്യാധിഷ്ഠിത പദ്ധതികൾക്കായി ഇതിനകം തന്നെ ആവശ്യമായ ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







