കൊച്ചി: ഓണം എത്തിയതോടെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( സിയാൽ ) വഴിയുള്ള കാർഗോ കയറ്റുമതിയിൽ കുതിപ്പ്. ഓണം വിപണിയുമായി ബന്ധപ്പെട്ട വിവിധതരം ഉത്പന്നങ്ങൾ വ്യാപകമായി കയറ്റുമതി ചെയ്യാൻ ആരംഭിച്ചതോടെയാണ് കാർഗോ കയറ്റുമതിയിൽ കുതിപ്പുണ്ടായത്. പച്ചക്കറി മുതൽ വാഴ ഇലവരെയുള്ള ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.
പഴം, ചെറിയ ഉള്ളി, ബീൻസ്, ട്യൂറി (പീച്ചിങ്ങ), മുരിങ്ങ, ടിൻഡ്ലി, പഴങ്ങൾ, പപ്പായ, പടവലം, പച്ച മാങ്ങ, വാഴയില എന്നിവയാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. ഓണം അടുക്കുന്നതോടെ കയറ്റുമതി കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള കാലയളവിൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ വഴി 1,173 മെട്രിക് ടൺ (എംടി) കാർഗോ കൈകാര്യം ചെയ്യുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച 260 മെട്രിക് ടൺ ആവശ്യസാധനങ്ങളും, വെള്ളി, ശനി ദിവസങ്ങളിൽ 300 മെട്രിക് ടൺ ആവശ്യസാധനങ്ങളും ഞായറാഴ്ച 200 മെട്രിക് ടൺ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുമെന്നാണ് സിയാൽ അധികൃതർ അറിയിക്കുന്നത്. ഓണം എത്തിയതോടെ വിദേശ രാജ്യങ്ങളിൽ ഓണം ആഘോഷിക്കാനുള്ള ആവശ്യ വസ്തുക്കളുടെ കുറവ് ഉണ്ടായതോടെയാണ് കയറ്റുമതി വർധിച്ചത്.
ഷെഡ്യൂൾ ചെയ്ത പാസഞ്ചർ ഫ്ലൈറ്റുകൾക്ക് പുറമേ നാഷണൽ എയർലൈൻസും ഇൻഡിഗോയും നടത്തുന്ന ഷെഡ്യൂൾ ചെയ്യാത്ത ചരക്ക് സർവീസുകളിലൂടെയും ചരക്കുനീക്കം നടക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റ് മേഖലകളിലേക്ക് ചരക്ക് നീക്കം വ്യാപകമാക്കുകയാണ്. ഓണം വിപണിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾക്ക് വിദേശ മലയാളികളിൽ ഡിമാൻഡ് വർധിച്ച സാഹചര്യത്തിലാണ് കയറ്റുമതി വർധിച്ചത്.








