കയറ്റുമതിയും ഇറക്കുമതിയും ഇനി നേരിട്ട്; വിഴിഞ്ഞം എക്സിം പ്രവർ‌ത്തനങ്ങൾ ഇന്ന് മുതല്‍

0
6

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി – ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് 10.45ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും

കേരളത്തിൽ നിന്ന് വിദേശ വിപണികളിലേക്ക് ഇനിമുതല്‍ നേരിട്ട് കയറ്റുമതി നടത്താൻ സാധിക്കും. ഇക്കാലമത്രയും മദർ വെസ്സലുകൾ അടുക്കുന്ന കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങളിലേക്ക് ചരക്കുകളെത്തിക്കുകയും അവിടെ നിന്ന് വലിയ കപ്പലുകളിൽ ചരക്ക് കയറ്റി പോകുകയുമാണ് ചെയ്തിരുന്നത്. ഇനിമുതൽ നേരിട്ട് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താൻ സാധിക്കും. കേരളത്തിന്റെ പ്രധാന ഉൽപന്നങ്ങളായ സുഗന്ധവ്യഞ്ജനങ്ങൾ , കശുവണ്ടി , കൈത്തറി തുണികൾ തുടങ്ങിയവയെല്ലാം ഇനിമേൽ വിഴിഞ്ഞത്തു നിന്ന് കയറ്റുമതി ചെയ്യാനാകും. സമാനമായ രീതിയിൽ ഉൽപ്പന്നങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാനും നമുക്കാകും.

20 മുതൽ 24 മീറ്റർ വരെ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞത്തിന് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളെ വരെ ഉൾക്കൊള്ളാൻ കഴിയും. ഇത് ഷിപ്പിങ് മേഖലയിൽ വലിയ സാധ്യതയാണ് തുറന്നു നൽകുന്നത്. കിഴക്ക്-പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം. ഇറാൻ-യുഎസ് യുദ്ധകാലത്ത് ധാരാളം കപ്പലുകൾ വഴിഞ്ഞത്തേക്ക് അടുത്തിരുന്നു. ഇന്ത്യയുടെ തുറമുഖങ്ങളിൽ ഏറ്റവും പ്രമുഖമായ ഒന്നായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരളം.

ഇന്നത്തെ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശന്റെ സ്വപ്നപദ്ധതിയായ ‘മിഷൻ സമുദ്ര’യ്ക്കും തുടക്കമാകും. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും 3 പുതിയ നഗരങ്ങളും ഉൾപ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ ‘പോർട്ട് സിറ്റി’യായി വികസിപ്പിക്കുന്ന പദ്ധതിയാണിത്. കേരളത്തെ ആഗോള മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിനായി 400 കോടിയാണ് ‘മിഷൻ സമുദ്ര’യ്ക്ക് വേണ്ടി ബജറ്റിലെ വകയിരുത്തൽ.

യൂറോപ്പ് അടക്കമുള്ള മേഖലകളിലേക്ക് നേരിട്ട് ചരക്കുകൾ അയയ്ക്കാൻ സാധിക്കുന്നതോടെ ചെലവ് വലിയ തോതിൽ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡ് കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തേക്കുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടും. ഇതോടൊപ്പം വിഴിഞ്ഞത്തേക്കുള്ള തുരങ്ക റെയിൽപ്പാതയുടെ പ്രാഥമി ജോലികളും തുടങ്ങിയിട്ടുണ്ട്.

ഔട്ടർ റിങ് റോഡിനായി ഇതുവരെ 100 ഹെക്ടർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. റെയിൽ തുരങ്കപാതയ്ക്കായി ഇനിയും ഭൂമി ഏറ്റെടുക്കാനുണ്ട്. ഇതിന്റെ പ്രാഥമിക നടപടികൾ ആയിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here