ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായ പരിശോധനയെന്ന് രമേശ് ചെന്നിത്തല,

0
5

തൃശൂർ: സംസ്ഥാനത്ത് ഓണക്കാലത്ത് ലഹരിമരുന്നുകളുടെയും കഞ്ചാവിൻ്റെയും ഒഴുക്ക് തടയുന്നതിനായി ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകൾ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി, സ്പിരിറ്റ് കടത്തുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും എക്സൈസും പൊലീസും മറ്റ് സർക്കാർ വകുപ്പുകളും സംയുക്തമായാണ് ഇതിനായി പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാൻ കർശനമാക്കും
സംസ്ഥാനത്ത് ലഹരി കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓണക്കാലത്ത് കർശന പരിശോധന നിർബന്ധമാക്കിയത്. അതിർത്തി ചെക്ക് പോസ്റ്റുകളിലുൾപ്പെടെ വാഹന പരിശോധന ശക്തമാക്കും. ഓപ്പറേഷൻ്റെ ഭാഗമായി വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ലഹരി മാഫിയയുടെ വേരറുക്കാനായി കേരള സർക്കാരും പൊലീസും എക്സൈസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ വൻ വിജയത്തോടെ എഴുപത്തഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള ജനങ്ങളുടെ പൂർണ പിന്തുണ എടുത്തുപറയേണ്ടതാണെന്നും മന്ത്രി ഓർമിപ്പിച്ചു. ഈ പദ്ധതിയിൽ യാതൊരു രാഷ്ട്രീയവുമില്ല.

ഭാവി തലമുറയെ ലഹരിവിപത്തിൽ നിന്ന് രക്ഷിക്കുക എന്നത് നമ്മുടെ കടമയാണെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. കഴിഞ്ഞ ജൂൺ രണ്ടിന് ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ അയ്യായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും അയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം പൂർണമായി തടയുക, സ്കൂളുകൾ, കോളജുകൾ, ലേബർ ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയും വിതരണവും ഇല്ലാതാക്കുക, പൊതുജന പങ്കാളിത്തത്തോടെ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

എസ്.എച്ച്.ഒമാരുടെ മാറ്റത്തിൽ ആശയക്കുഴപ്പമില്ല
പൊലീസ് സേനയിലെ എസ്.എച്ച്.ഒമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു. രണ്ടുദിവസത്തിനകം തന്നെ എസ്.ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകും. എസ്.എച്ച്.ഒമാരുടെ നിയമനം നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാ ജില്ലകളിലും ഇത് നിയമാനുസൃതമായി തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലടി സർവകലാശാലയിലെ സമരം
കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ വിദ്യാർഥികൾ ശവമഞ്ചം ഒരുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒരാൾക്കെതിരെ ഇത്തരം പ്രാകൃതമായ സമരം നടത്തുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത ആഭാസകരമായ കാര്യമാണ് കാമ്പസിൽ നടന്നത്. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം അങ്ങേയറ്റം ഗൗരവമുള്ളതായതുകൊണ്ടാണ് ഗവർണറെയും ഡി.ജി.പിയെയും നേരിട്ട് വിളിച്ച് സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here