കാസർഗോഡ് ട്രെയിനിന് ബോംബ് വെച്ചതായി ഭീഷണി സന്ദേശം

0
49
ജില്ലയിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം പരത്തി മണിക്കൂറുകൾ നീണ്ട പരിഭ്രാന്തി സൃഷ്ടിച്ച പ്രതി പിടിയിൽ. നീലേശ്വരം ബങ്കളം സ്വദേശി പി.വി. രതീഷാണ് മാവുങ്കാലിൽ നിന്ന് പൊലീസിന്റെ കസ്റ്റഡിയിലായത്.
ഹോസ്ദുർഗ്, കാസർഗോഡ് പോലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിലേക്കും രാത്രിയോടെ 112 എമർജൻസി നമ്പറിലേക്കുമാണ് ഭീഷണി സന്ദേശമെത്തിയത്. രാത്രിയിൽ ജില്ലയിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതിനെത്തുടർന്ന് ബോംബ് സ്ക്വാഡും പൊലീസ് നായയും ട്രെയിനുകളിൽ വ്യാപകമായി പരിശോധന നടത്തി.
മലബാർ എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലും, കണ്ണൂർ ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിലും എത്തിയ സമയത്തായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കകം പ്രതിയെ മാവുങ്കാലിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here