ഇടുക്കി: കോടമഞ്ഞും തേയിലത്തോട്ടങ്ങളുടെ പച്ചപ്പും മാത്രം കണ്ടുശീലിച്ച മൂന്നാറിലെ മലഞ്ചെരിവുകളിൽ പ്രകൃതി വീണ്ടും തൻ്റെ മാന്ത്രികച്ചായം പൂശുന്നു. പച്ചപ്പിൻ്റെ വെൽവറ്റ് പുതപ്പിനുമീതെ നീലവസന്തം തീർത്ത് ഇക്കാനഗറിലെ മലനിരകളിൽ നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തുലഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ഈ അപൂർവ വിസ്മയത്തിന് വീണ്ടും സാക്ഷ്യം വഹിക്കുന്ന മൂന്നാർ, സഞ്ചാരികൾക്കായി തികച്ചും വേറിട്ടൊരു ദൃശ്യവിരുന്നാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
മൂന്നാർ നല്ലതണ്ണി റോഡ്, ചൊക്കരമുടി, ഇക്കാനഗർ തുടങ്ങി വിവിധ ഭാഗങ്ങളിൽ കുറിഞ്ഞിപ്പൂക്കൾ കണ്ടുതുടങ്ങിയിരുന്നെങ്കിലും ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് ഇപ്പോൾ ഏറ്റവും വ്യാപകമായി പൂത്തുലഞ്ഞിരിക്കുന്നത്. ദൂരക്കാഴ്ചയിൽ പച്ചപ്പിൽ നീലമഷി പടർന്നതുപോലെ തോന്നിക്കുന്ന ഈ പ്രതിഭാസം അടുത്തെത്തുമ്പോൾ ചെറുപൂക്കളുടെ കടലായി മാറുകയാണ്. ആദ്യനാളുകളിൽ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം കണ്ടിരുന്ന പൂക്കൾ ഇപ്പോൾ മലനിരകളാകെ നീലച്ചാർത്തണിഞ്ഞു നിൽക്കുകയാണെന്നും ഈ മനോഹര കാഴ്ച ആസ്വദിക്കാൻ ദിവസവും നൂറുകണക്കിന് ആളുകളാണ് ഇങ്ങോട്ടേക്ക് എത്തുന്നതെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
എന്താണ് നീലക്കുറിഞ്ഞി
12 വർഷം കൂടുമ്പോൾ ജൂലായ്, ഓഗസ്റ്റ് മാസങ്ങൾക്കിടയിലായാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. അവസാനമായി 2018ലാണ് ഇത് പൂവിട്ടത്. കാലചക്രം അനുസരിച്ച് 2030ൽ വീണ്ടും പൂവിടും. കാന്തേസി കുടുംബത്തിലും സ്ട്രോബിലാന്തസ് ജനുസിലും ഉൾപ്പെടുന്ന തനതായ സസ്യമാണ് നീലക്കുറിഞ്ഞി. ഈ ജനുസിൽ ഏകദേശം 250 ഇനമുണ്ട്. അതിൽ 46 ഇനം കുറിഞ്ഞി ചെടികൾ ഇന്ത്യയിലാണ് കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ഷോല വനങ്ങളിൽ കാണപ്പെടുന്ന നീലക്കുറിഞ്ഞി സാധാരണയായി 1300 മുതൽ 2400 മീറ്റർ വരെ ഉയരത്തിലാണ് വളരുന്നത്. ഓരോ 12 വർഷം കൂടുമ്പോഴും ഒരുമിച്ച് പൂവിടുമെന്നതാണ് ഈ അപൂർവ സസ്യത്തിൻ്റെ പ്രധാന സവിശേഷത.
പേരുപോലെ തന്നെ നീലനിറത്തിൽ മനോഹരമായ കാഴ്ചയൊരുക്കുന്ന നീലക്കുറിഞ്ഞിയെ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. മേഖലയിലെ ടൂറിസം വളർച്ചയ്ക്ക് നീലക്കുറിഞ്ഞി വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്ന് നീലക്കുറിഞ്ഞി പലതരത്തിലുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽതന്നെ നീലക്കുറിഞ്ഞി സംരക്ഷണത്തിനായി കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
സഞ്ചാരികൾക്ക് കൗതുകമായി കുറിഞ്ഞിപ്പൂക്കാലം
സാധാരണഗതിയിൽ തണുപ്പുള്ള കാലാവസ്ഥയും തേയിലത്തോട്ടങ്ങളുടെ ഭംഗിയും തേടിയാണ് സഞ്ചാരികൾ മൂന്നാറിലേക്ക് എത്താറുള്ളത്. എന്നാൽ പ്രതീക്ഷിക്കാതെ വഴിയിലുടനീളം കണ്ടുമുട്ടുന്ന ഈ നീലക്കുറിഞ്ഞിയുടെ പൂക്കാലം മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇരട്ടി മനോഹരമായ അനുഭവം സമ്മാനിക്കുന്നു. പ്രകൃതിസ്നേഹികൾ ഈ അപൂർവ നിമിഷം കാമറയിൽ പകർത്തുവാൻ ഇക്കാനഗറിലേക്ക് ഒഴുകിയെത്തുകയാണ്.
മഞ്ഞും കുളിരും നീലച്ചാർത്തും ഒന്നിക്കുന്ന ഇക്കാനഗറിലെ മലഞ്ചെരിവുകൾ ഇപ്പോൾ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. മൂന്നാറിൻ്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഈ കുറിഞ്ഞിവസന്തം കണ്ടുതീർക്കാൻ ഇനിയുള്ള ദിവസങ്ങളിൽ ഇവിടേക്ക് ആൾത്തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളിലും കൂടുതൽ ഇടങ്ങളിൽ കുറിഞ്ഞി പൂക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വിനോദസഞ്ചാരികളും.






