കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻ്റിൽ; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്‌ച വരെ നിർത്തിവച്ചു

0
4

ന്യൂഡൽഹി: പ്രതിപക്ഷ വിമർശനങ്ങള്‍ക്കും പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻ്റിൽ. ഉച്ചയ്ക്ക് ശേഷം പാർലമെൻ്റ് നടപടികൾ പുനരാരംഭിച്ചതിന് മിനിറ്റുകൾക്ക് ശേഷമാണ്, അമിത് ഷാ എത്തിയത്. എന്നാൽ പ്രതിപക്ഷ എം പിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്‌ച വരെ നിർത്തിവച്ചു.

അതേസമയം സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ, 2026 ലോക്‌സഭ ചർച്ചയില്ലാതെ പാസാക്കി. ലോക്‌സഭാ കാര്യപരിപാടിയിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ, 2026യും മറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, 2026യും പരിഗണിച്ച് പാസാക്കുന്നതിനുള്ള നടപടികളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭയുടെ പ്രവർത്തനം തടസപ്പെട്ടിരുന്നു. പിന്നീട് ബില്ല് ചർച്ചയില്ലാതെ പാസാക്കുകയായിരുന്നു.

രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാണ് പുതിയ ഭേദഗതി ബിൽ. വ്യവസായ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധ പ്രകടനവുമായി പ്രതിപക്ഷം

ജൂലൈ 20 ന് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചാണ് സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ എംപിമാർ പ്രതിഷേധം ശക്തമാക്കിയത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകൾ മോഷ്‌ടിക്കപ്പെട്ടെന്ന ആരോപണവും പ്രതിപക്ഷം സഭയിൽ ഉയർത്തി. ഈ വിഷയത്തിലും അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ പ്രതിഷേധ പ്രകടനം നടത്തി.

ആരാണ് വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്ക് പ്രയോഗിക്കാൻ ഉത്തരവിട്ടത്?. ആരാണ് വിദ്യാർഥികൾക്കെതിരെ കണ്ണീർ വാതക പ്രയോഗിക്കാൻ ഉത്തരവിട്ടത്? ഇതിനെല്ലാം ആഭ്യന്തരമന്ത്രി ഉത്തരം പറയണം. രാജ്യത്തിന് ഇതിനെല്ലാം ഉത്തരങ്ങൾ വേണം. വിദ്യാർഥികൾക്ക് ഇതിന് ഉത്തരം വേണം. പക്ഷെ ആഭ്യന്തര മന്ത്രി ഇതിൽ നിന്നെല്ലാം അപ്രത്യക്ഷനാവുകയാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

വിഷയത്തിൽ പാർലമെൻ്ററിക്കാര്യ മന്ത്രിക്ക് നിർദേശം നൽകണമെന്ന് ലോക്‌സഭാ സ്‌പീക്കറോട് പ്രതിപക്ഷം അഭ്യർഥിച്ചു. പാർലമെൻ്റ് സമ്മേളനം അവസാനിപ്പിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽകെ അമിത് ഷാ പാർലമെൻ്റിൽ വരാത്തത് എന്തുകൊണ്ടാണെന്നായിരുന്നു പ്രധാന ചോദ്യം. എന്നാൽ ഉച്ചകഴിഞ്ഞ് അമിത് ഷാ സഭയിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here