ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ സാധാരണയായി ഉണ്ടാകാറുള്ള തെറ്റിദ്ധാരണകളിൽ ഒന്നാണ് ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയ തകരാർ എന്നീ വാക്കുകൾ ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രമുഖ കാർഡിയോവാസ്കുലാർ സർജൻ ഡോ.കൗശൽ പാണ്ഡെ മാധ്യമപ്രവർത്തക ഫെയ് ഡിസൂസയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ വ്യക്തമാക്കിയത്, “യഥാർത്ഥത്തിൽ ഈ മൂന്ന് അവസ്ഥകളും തികച്ചും വ്യത്യസ്തമാണ്” എന്നാണ്.
“ശരീരത്തിന്റെ ആവശ്യത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് സാധിക്കാതെ വരുന്ന അവസ്ഥയാണ് ഹൃദയ തകരാർ. ഉദാഹരണത്തിന്, നമ്മുടെ ശരീര വലിപ്പമുള്ള ഒരു സാധാരണ മനുഷ്യനിൽ ഹൃദയം മിനിറ്റിൽ 5.5 മുതൽ 6.5 ലിറ്റർ വരെ രക്തം പമ്പ് ചെയ്യുന്നുണ്ട്,” ഹൃദയ തകരാറിനെക്കുറിച്ച് ഡോ.പാണ്ഡെ വിശദമാക്കി.
“മുമ്പ് ഉണ്ടായ ഹൃദയാഘാതം മൂലമോ, വാൽവിലുണ്ടാകുന്ന രോഗങ്ങൾ മൂലമോ, മറ്റ് പല കാരണങ്ങൾ കൊണ്ടോ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകാം. അങ്ങനെ വരുമ്പോൾ ഹൃദയത്തിന് മിനിറ്റിൽ 3 ലിറ്റർ രക്തം മാത്രമേ പമ്പ് ചെയ്യാൻ സാധിക്കൂ. ബാക്കി രക്തം ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്നു. ഇതിനെയാണ് ഹൃദയ തകരാർ എന്ന് വിളിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
“കൊറോണറി ആർട്ടറി (രക്തധമനി) അടഞ്ഞുപോകുന്നത് മൂലം ഹൃദയപേശികൾ നശിച്ചുപോകുന്ന അവസ്ഥയാണ് ഹൃദയാഘാതം. എന്നാൽ എന്താണ് ഹൃദയ സ്തംഭനം? ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണത്. ഉടനടി ഹൃദയത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചില്ലെങ്കിൽ അത് മരണത്തിലേക്ക് നയിക്കും,” മറ്റ് രണ്ട് അവസ്ഥകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയ തകരാർ: ഇവ എങ്ങനെ വ്യത്യസ്തമാകുന്നു?
മുംബൈ സെൻട്രൽ വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.പരീൻ സംഗോയിയുടെ അഭിപ്രായത്തിൽ, ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. “ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയും ഇത് ഹൃദയപേശികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.”
എന്നാൽ ഹൃദയ സ്തംഭനം എന്നത് ഒരു ഇലക്ട്രിക്കൽ തകരാറാണ്. “ഹൃദയ സ്തംഭനം വ്യത്യസ്തമാണ്, കാരണം ഹൃദയത്തിലെ ഇലക്ട്രിക്കൽ സിസ്റ്റത്തിലുണ്ടാകുന്ന തകരാറ് മൂലം ഹൃദയമിടിപ്പ് കാര്യക്ഷമമല്ലാതെയാകുകയും, അത് തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യുന്നു.”
അതേസമയം, ഹൃദയ തകരാർ സാധാരണയായി ദീർഘകാലമായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. “രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയാത്തവിധം ഹൃദയം വളരെ ബലഹീനമാകുകയോ കഠിനമാകുകയോ ചെയ്യുന്ന ഒരു ദീർഘകാല അവസ്ഥയാണ് ഹൃദയ തകരാർ.”
ഈ മൂന്ന് അവസ്ഥകളും വ്യത്യസ്തമാണെങ്കിലും, അവ പരസ്പരം അടുത്ത ബന്ധമുള്ളവയാണ്. “ഹൃദയാഘാതം ഹൃദയത്തെ ബലഹീനമാക്കുകയും ഹൃദയ തകരാറിലേക്ക് നയിക്കുകയും ചെയ്യാം, അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ഇത് ഹൃദയ സ്തംഭനത്തിന് കാരണമാകാം. എന്നിരുന്നാലും, ഈ ഓരോ അവസ്ഥയ്ക്കും വ്യത്യസ്ത കാരണങ്ങളും ലക്ഷണങ്ങളും ചികിത്സകളുമാണുള്ളത്,” ഡോ.സംഗോയ് വ്യക്തമാക്കി.
നിസാരമാക്കാൻ പാടില്ലാത്ത മുന്നറിയിപ്പ് ലക്ഷണങ്ങൾ ഏതെല്ലാം?
ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ഡോ.സംഗോയ് പറയുന്നതനുസരിച്ച്, ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
- നെഞ്ചുവേദന, നെഞ്ചിന് ഭാരം അല്ലെങ്കിൽ മുറുക്കം അനുഭവപ്പെടുക
- വേദന കൈകൾ, താടിയെല്ല്, കഴുത്ത്, അല്ലെങ്കിൽ പുറംഭാഗം എന്നിവിടങ്ങളിലേക്ക് പടരുക
- ശ്വാസംമുട്ടൽ
- തണുത്ത വേർപ്പ്
- ഓക്കാനം
- അസാധാരണമായ ക്ഷീണം
സ്ത്രീകൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവരിൽ കഠിനമായ നെഞ്ചുവേദന പോലെയുള്ള സാധാരണ ലക്ഷണങ്ങൾക്ക് പകരം നേരിയതോ വ്യത്യസ്തമായതോ ആയ ലക്ഷണങ്ങൾ കാണപ്പെടാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൃദയാഘാത്തിൽ നിന്ന് വ്യത്യസ്തമായി, ഹൃദയ സ്തംഭനം സാധാരണയായി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സംഭവിക്കുന്നത്. ഡോ.സംഗോയ് പറയുന്നതനുസരിച്ച് ഇതിന്റെ ലക്ഷണങ്ങൾ ഇവയാണ്.
- പെട്ടെന്ന് കുഴഞ്ഞുവീഴുക
- ബോധം നഷ്ടപ്പെടുക
- സാധാരണ രീതിയിൽ ശ്വാസമെടുക്കാൻ സാധിക്കാതെ വരിക
- ഹൃദയമിടിപ്പ് ഇല്ലാതിരിക്കുക
ഉടനടിയുള്ള സിപിആറും ഡിഫിബ്രിലേഷനും വളരെ അത്യാവശ്യമാണ്, കാരണം ഓരോ മിനിറ്റും വൈകുന്തോറും ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറയുന്നു.
ഹൃദയ തകരാർ പലപ്പോഴും പതുക്കെയാണ് വികസിച്ചുവരുന്നത്. ഡോ.സംഗോയിയുടെ അഭിപ്രായത്തിൽ ഇതിന്റെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്.
- സാധാരണ ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടൽ
- പാദങ്ങളിലോ കണങ്കാലുകളിലോ ഉണ്ടാകുന്ന വീക്കം
- മാറാത്ത തളർച്ചയും ക്ഷീണവും
- ശ്വാസംമുട്ടൽ കാരണം നിവർന്നു കിടക്കാനുള്ള ബുദ്ധിമുട്ട്
“പലരും അമിതമായ ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത, ശ്വാസംമുട്ടൽ എന്നിവ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ കൊണ്ടോ, വാർധക്യം കൊണ്ടോ, വ്യായാമത്തിന്റെ കുറവുകൊണ്ടോ ഉണ്ടാകുന്നതാണെന്ന് കരുതി ചികിത്സ വൈകിപ്പിക്കാറുണ്ട്,” ഡോ.സംഗോയ് മുന്നറിയിപ്പ് നൽകി.
ഒരു അവസ്ഥ മറ്റൊരു അവസ്ഥയിലേക്ക് നയിക്കുമോ?
അതെ. ഡോ.സംഗോയിയുടെ അഭിപ്രായത്തിൽ ഈ അവസ്ഥകൾ പ്രത്യേകമായി നിൽക്കുന്നവയല്ല. “ഹൃദയാഘാതം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഹൃദയപേശികൾക്ക് സ്ഥിരമായ കേടുപാടുകൾ വരുത്താം. ഇത് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി കുറയ്ക്കുകയും ഹൃദയ തകരാറിലേക്ക് നയിക്കുകയും ചെയ്യാം. കൂടാതെ, ഇത് ഗുരുതരമായ ഹൃദയമിടിപ്പ് വ്യതിയാനങ്ങൾക്ക് കാരണമാകുകയും ഹൃദയ സ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യാം.”
താഴെ പറയുന്ന വിഭാഗത്തിലുള്ള ആളുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്:
- ഹൃദയാഘാതത്തിനു ശേഷം ചികിത്സ വൈകിയവർ
- പ്രമേഹ രോഗികൾ
- ഉയർന്ന രക്തസമ്മർദമുള്ളവർ (ഹൈ ബിപി)
- വൃക്കരോഗികൾ
- മുൻപ് ഹൃദ്രോഗം വന്നിട്ടുള്ളവർ
- ഹൃദയപേശികൾക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചവർ
എന്നാൽ സന്തോഷകരമായ വാർത്ത എന്തെന്നാൽ, ഈ സങ്കീർണതകളിൽ ഭൂരിഭാഗവും തടയാൻ സാധിക്കും എന്നതാണ്. “രക്തയോട്ടം വേഗത്തിൽ പുനഃസ്ഥാപിക്കുക, നിർദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കുക, കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക എന്നിവയിലൂടെ ഇതിനുള്ള സാധ്യത വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും,” ഡോ.സംഗോയ് പറഞ്ഞു.








