ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

0
25
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പഞ്ചാബിൽ‌ ചോദ്യപേപ്പർ ചോർച്ച ആയുധമാക്കി ബിജെപി. പഞ്ചാബിലെ പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച വിവാദത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹർജോത് സിം​ഗ് ബെയിൻസ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പഞ്ചാബ് വിഷയത്തിൽ എഎപിയുടേത് ഇരട്ടത്താപ്പ് നയമാണെന്ന് ബിജെപി ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച സാഹചര്യത്തിൽ അതേ നിയമം പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിക്കും ബാധകമല്ലേയെന്ന് ബിജെപി ചോദിച്ചു.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. പരീക്ഷാ ക്രമക്കേട് വിവാദം നിലനിൽക്കുമ്പോഴും ഹർജോത് സിം​ഗ് ബെയിൻസ് സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടെന്ന് അമിത് മാളവ്യ ചോദിച്ചു. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി എപ്പോഴാണ് രാജിവെക്കുന്നതെന്നായിരുന്നു മാളവ്യയുടെ ചോദ്യം.

നിയമം എല്ലാ സർക്കാരുകൾക്കും ഒരുപോലെ ബാധകമാകണമെന്നും ഒരു പാർട്ടിക്ക് മാത്രം വ്യത്യസ്ത നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെയും മാളവ്യ വിമർശിച്ചു. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന് പരിഹാരമുണ്ടെന്ന് കെജ്‌രിവാൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് മാളവ്യ പരിഹസിച്ചു.
ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും ഹർജോത് സിങ് ബെയിൻസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പേപ്പർ ചോർച്ച ആരോപണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.ബിജെപിയുടെ ആരോപണങ്ങൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തള്ളി. എഎപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള നാലര വർഷത്തിനിടെ ഒരു പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചോദ്യപേപ്പർ ചോർച്ചയിലല്ല അറസ്റ്റ് നടന്നതെന്നും കോപ്പിയടിയുമായി ബന്ധപ്പെട്ട കേസാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here