കേരളത്തിലെ വാഹനങ്ങൾക്ക് ഇനി “വേഗപ്പൂട്ട്” നിർബന്ധം,

0
3

തൃശൂര്‍: മലപ്പുറം കുറ്റിപ്പുറത്തുണ്ടായ ദാരുണമായ ബസ് അപകടത്തിൻ്റെ ഞെട്ടലിലാണ് ഇപ്പോഴും കേരളക്കര. കനത്ത മഴയും റോഡിലെ വളവുകളും വില്ലനായെങ്കിലും, ഒരു ചെറുപ്പക്കാരൻ്റെ ജീവനപഹരിക്കുകയും നിരവധി പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ആ ദുരന്തത്തിന് പിന്നിലെ പ്രധാന വില്ലൻ അമിതവേഗത തന്നെയായിരുന്നു എന്ന് പ്രാഥമിക നിഗമനങ്ങൾ വ്യക്തമാക്കുന്നു.

ഓരോ വലിയ ദുരന്തമുണ്ടാകുമ്പോഴും ചർച്ച ചെയ്യുന്ന, എന്നാൽ പിന്നീട് മറന്നുപോകുന്ന ‘വേഗപ്പൂട്ട്’ സംവിധാനം വീണ്ടും ചർച്ചയാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് വലിയ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമാക്കിക്കൊണ്ട് ഗതാഗതമന്ത്രി കർശന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ പോസ്റ്റ് ക്രാഷ് എൻക്വയറി പുരോഗമിക്കുകയാണെന്നും ഇത്തരം ദാരുണമായ സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും സി.പി. ജോൺ തൃശൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഗതാഗത മന്ത്രി സിപി ജോണ്‍ മാധ്യമങ്ങളോട്

മഴക്കാലത്ത് റോഡപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉടനീളം കർശനമായ വേഗനിയന്ത്രണം ഏർപ്പെടുത്തും. വേഗപ്പൂട്ട് ഇല്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എന്താണ് വേഗപ്പൂട്ട്?

ലളിതമായി പറഞ്ഞാൽ വാഹനങ്ങളുടെ അമിതവേഗതയ്ക്ക് തടയിടുന്ന ഒരു ‘ഡിജിറ്റൽ ബ്രേക്ക്’ ആണിത്. ഡ്രൈവർ എത്രതന്നെ ആക്സിലറേറ്റർ കൊടുത്താലും, വാഹനം നിശ്ചിത കിലോമീറ്ററിനപ്പുറം വേഗത കൈവരിക്കില്ല എന്ന് ഉറപ്പാക്കാൻ ഈ ഉപകരണം സഹായിക്കുന്നു.

വാഹനത്തിൻ്റെ എഞ്ചിനിലേക്ക് പോകുന്ന ഇന്ധനത്തിൻ്റെയോ വായുവിൻ്റെയോ അളവ് നിയന്ത്രിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വേഗത നിശ്ചിത പരിധിയിലെത്തിയാൽ സിഗ്നലുകൾ വഴി ഇന്ധന വിതരണം ക്രമീകരിച്ച് വേഗത അത്രയായിത്തന്നെ നിലനിർത്തുന്നു. ഹെവി വാഹനങ്ങളായ ബസുകൾ, ലോറികൾ എന്നിവയിൽ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നത് നിയമപ്രകാരം നിർബന്ധമാണ്.

പലപ്പോഴും സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും, സമയക്രമം പാലിക്കാനുള്ള നെട്ടോട്ടവുമാണ് റോഡുകളെ മരണക്കെണിയാക്കുന്നത്. കുറ്റിപ്പുറം അപകടത്തിൽ പെട്ട ബസ് റോഡിലൂടെ തെന്നിമാറി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൃത്യമായ വേഗപ്പൂട്ടുകൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ വാഹനത്തെ നിയന്ത്രണവിധേയമാക്കാൻ ഡ്രൈവർക്ക് സാധിക്കുമായിരുന്നു. ഇതിന് പിന്നാലെയാണ് വേഗപ്പൂട്ട് നിയമം കര്‍ശനമാക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്പീഡ് ഗവർണറുകളിൽ കൃത്രിമം കാണിക്കുന്ന വലിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഓണവും ശബരിമല സീസണും മുന്നിൽക്കണ്ട് ലക്ഷ്വറി ബസുകൾ വാടകക്ക് എടുക്കും

അതേസമയം, കെ.എസ്.ആർ.ടി.സിയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സാധാരണ ബസുകൾക്ക് പകരം ലക്ഷ്വറി ബസുകൾ വാടകക്ക് എടുക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗതമന്ത്രി അറിയിച്ചു. വരാനിരിക്കുന്ന ഓണം, ശബരിമല തീർത്ഥാടന കാലം എന്നിവ മുന്നിൽക്കണ്ടാണ് ഈ നടപടി. അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന നിലവാരമുള്ള ലക്ഷ്വറി ബസുകളാകും ഇതിനായി തെരഞ്ഞെടുക്കുക. ബസുടമകൾക്ക് ആകർഷകമായ ദിവസ വാടക നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എൽ.എ, തദ്ദേശ ഫണ്ടുകൾ വിനിയോഗിക്കാം

കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കുന്നതിനായി ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം സർക്കാർ തേടും. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും, ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ എന്നിവയുടെ ഫണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സിക്ക് വാഹനങ്ങൾ വാങ്ങി നൽകാൻ തയ്യാറാണെങ്കിൽ അതിനുള്ള അനുമതിയും സഹായവും സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here