നമ്മുടെ നാട്ടില്‍ എവിടെയും വളരുന്ന ചെമ്പരത്തി ശരിക്കും നമ്മൾ വിചാരിച്ച ആളല്ല. കടല്‍ കടന്നാല്‍ പേരും പെരുമയുമുള്ള ചെടിയും പൂവുമാണ് ചെമ്പരത്തി. ദക്ഷിണ കൊറിയ, മലേഷ്യ, ഹെയ്‌തി എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്‌പം. മലേഷ്യ, ഫിലിപ്പൈൻസ്, കാമറൂൺ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ തപാൽ സ്‌റ്റാമ്പിലും ചെമ്പരത്തിയാണ് താരം.
പലനിറവും വലിപ്പവുമുള്ള രണ്ടായിരത്തിലേറെ ഇനം ചെമ്പരത്തിയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വളരുന്നത്. ഇത് എന്താണ് ഇവിടെ പറയുന്നത് എന്നല്ലേ ചിന്തിക്കുന്നത്. അവയുടെ ഗുണങ്ങൾ കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ‘വെറുതെ നട്ടാല്‍ മതി വളർന്ന് പന്തലിച്ച് കാടുപോലെയാകും…’അലങ്കാര ചെടിയായി വളർത്തുമെങ്കിലും ഇതാണ് ചെമ്പരത്തിയെ കുറിച്ച് മിക്കവരുടെയും അഭിപ്രായം. എന്നാൽ ഹിബിസ്‌ക്കസ് എന്ന് അറിയപ്പെടുന്ന ചെമ്പരത്തി ചില്ലറക്കാരനല്ല. ചെമ്പരത്തി പൂവിന് മുടി വളർച്ച കൂട്ടുക, രക്തസമ്മർദ്ദം കുറയ്ക്കുക, ദഹനം മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ആരോഗ്യ-സൗന്ദര്യ ഗുണങ്ങളുണ്ട്. അവയൊന്ന് പരിശോധിച്ചാലോ.
ആൻ്റി-ഓക്‌സിഡൻ്റ് ഗുണങ്ങൾ
ആന്തോസയാനിൻ എന്ന ആൻ്റി-ഓക്‌സിഡൻ്റ് അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ചെമ്പരത്തിക്ക് കടുത്ത നിറം വരാൻ കാരണം. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെ ചെറുക്കാനും സഹായിക്കും. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന ഇൻഫെക്‌ഷനുകൾ ചെറുക്കാനും ഇത് സഹായിക്കും.
ചർമത്തിനും മുടിക്കും ഉത്തമം
ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമ സംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കൂടാതെ ഇവ ചർമത്തിൻ്റെ വീക്കം കുറയ്ക്കാനും സഹായിക്കും. കൂടാതെ മുടി വളർച്ച കൂട്ടാനും മുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും ഏറെ പ്രയോജനപ്പെടുന്നു.
കരളിൻ്റെ ആരോഗ്യത്തിന് കേമൻ
കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചെമ്പരത്തി. കോളസ്‌റ്റട്രോൾ കുറയ്‌ക്കാനും ഇത് സഹായിക്കും. രക്ത സമ്മർദ്ദം, അമിത ശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ചെമ്പരത്തി നല്ലതാണ്. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തി ചായ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ചെമ്പരത്തി സുലൈമാനി
- ചെമ്പരത്തി പൂവ് – 20 എണ്ണം
- ഏലയ്‌ക്കാപൊടി – ഒരു നുള്ള്
- പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര ആവശ്യത്തിന്
- വെള്ളം – 3 ഗ്ലാസ്
- ഗ്രാമ്പൂ – 2 എണ്ണം
- ചെറുനാരങ്ങ നീര് – 1 സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്പരത്തി പൂക്കള്‍ ഇടുക. ശേഷം പൂവുകള്‍ ഊറ്റി എടുക്കുക. അപ്പോഴേക്കും വെള്ളത്തിൻ്റെ നിറം ചുവപ്പായിട്ടുണ്ടാക്കും. ഇനി തിളച്ച ചുവന്ന വെള്ളത്തിലേക്ക് ഏലയ്‌ക്ക പൊടിച്ചതും പഞ്ചസാരയും ഗ്രാമ്പൂവും ഇട്ട് കൊടുക്കണം. ചൂടാറി കഴിഞ്ഞാല്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് ഗ്ലാസില്‍ ഒഴിച്ച് കുടിക്കാം. ഇത് ഫ്രിഡ്‌ജില്‍ വച്ച് തണുപ്പിച്ച് കുടിക്കാനാണ് ബെസ്‌റ്റ്. ചെമ്പരത്തി പൂവിൻ്റെ എണ്ണം കൂടിയാല്‍ വെള്ളത്തിൻ്റെ നിറവും ടേസ്‌റ്റും കൂടും.









