കൊടിത്തൂവ- കാന്താരി ഇലത്തോരന്‍ കഴിച്ചിട്ടുണ്ടോ? ഒരിക്കല്‍ കഴിച്ചാല്‍ നാവില്‍ നിന്നും രുചി വിട്ടുമാറില്ല. കണ്ണൂര്‍ മലപ്പട്ടം ചൂളിയാട്ടെ കുടുംബശ്രീ അംഗമായ കെആര്‍ മിനിയാണ് ഇത്തരമൊരു കോമ്പിനേഷന്‍ തോരന്‍ ഒരുക്കുന്നത്. മുറ്റത്തോ പറമ്പിലോ അവഗണിക്കപ്പെട്ട് കഴിയുന്ന കൊടിത്തൂവ അഥവാ ചൊറിയണം ഔഷധ ഗുണമുളള ഭക്ഷ്യ വസ്‌തുവാക്കി മാറ്റാന്‍ പരമ്പരാഗതമായി കൈമാറി ലഭിച്ചതാണ് ഇങ്ങനെയുള്ള തോരന്‍.
സ്‌പര്‍ശിച്ചാല്‍ ചൊറിയുന്ന ചൊറിയണം പ്രാദേശികമായി കൊടികുത്ത, കൊടിത്തൂവ, കടിത്തുമ്പ, തൂവക്കൊടിച്ചി എന്നീ പേരുകളില്‍ അറിയപ്പെടുന്നുണ്ട്. മഴക്കാലത്ത് മാത്രം കാണുന്ന ഈ ചെടിയെ സാധാരണ രീതിയില്‍ പറിച്ച് നശിപ്പിച്ച് കളയുകയാണ് പതിവ്. ഇതിന്‍റെ ഇലയും തണ്ടും തൊട്ടുപോയാല്‍ ചൊറിയുന്നതാണ് പ്രശ്‌നം. കര്‍ക്കടക മാസം കഴിക്കേണ്ട പത്ത് ഇലകളില്‍ പ്രധാനിയാണ് കൊടിത്തൂവ എന്നത് തന്നെ ഈ ഇലത്തോരന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.
കൊടിത്തൂവ- കാന്താരി ഇലത്തോരന്‍
ദേഹത്ത് തട്ടിയാല്‍ അസഹ്യമായ ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നതാണ് അധികം പേരും ഇതിനെ അകറ്റി നിര്‍ത്തുന്നതിനുള്ള കാരണം. എന്നാല്‍ ചെടിയുടെ ചുവട്ടില്‍ നിന്നും ഇലകള്‍ അവസാനിക്കുന്ന ഭാഗത്ത് വച്ച് ശ്രദ്ധയോടെ പറിച്ച് വെള്ളത്തില്‍ മുക്കിയാല്‍ ചൊറിയാതെ എടുക്കാം. പുറം കൈയില്‍ തട്ടാതെ പേനക്കത്തിയെടുത്ത് വീട്ടാവശ്യത്തിനുളള കൊടിത്തൂവ അരിഞ്ഞെടുക്കണം. അത്ര തന്നെ കാന്താരി ഇലകളും അരിഞ്ഞ് യോജിപ്പിച്ച് കഴിഞ്ഞാല്‍ ഇലകള്‍ തയ്യാറായി.
ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ അനായാസം ഇത് പറിച്ചെടുത്ത് തോരനവുണ്ടാക്കുന്നത് പതിവാണ്. ചൊറിയണത്തിന്‍റെയും കാന്താരിയുടെയും ഇലകള്‍ അരിഞ്ഞു വച്ച് കഴിഞ്ഞാല്‍ കാന്താരി, വെളുത്തുള്ളി എന്നിവ ചതച്ച് ചേര്‍ക്കണം. തേങ്ങചേര്‍ത്ത് ഇവയെല്ലാം റെഡിയായി കഴിഞ്ഞാല്‍ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് പാകപ്പെടുത്തി എടുക്കാം. ഇത് ഉച്ചയൂണിനൊപ്പവും ചപ്പാത്തി, കഞ്ഞി എന്നിവയ്‌ക്കൊപ്പവും ചേര്‍ത്ത് മികച്ച തോരനാക്കി രുചിയോടെ കഴിക്കാം. ആയുര്‍വേദത്തില്‍ ചൊറിയണത്തിന്‍റെ വേര് മുതല്‍ പൂവ് വരെ സമൂലം ഔഷധമാണ്.
വിവിധ ത്വക്ക് രോഗങ്ങള്‍ക്കും വിര ശല്യം, ഉപ്പൂറ്റി വിണ്ടു കീറല്‍ എന്നിവയ്‌ക്കും ചൊറിയണം ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്. രക്ത ശുദ്ധിക്കും രക്ത പ്രവാഹം വ്യാപിപ്പിക്കാനും ചൊറിയണം ഉത്തമമാണ്. വൃക്ക, കരള്‍ ശുദ്ധീകരണത്തിനും ചൊറിയണം ഔഷധമായി ഉപയോഗിച്ച് വരുന്നു. ആയുര്‍വേദത്തിലെ ദുരാലഭാരിഷ്‌ടം ചൊറിയണം കൊണ്ട് ഉണ്ടാക്കുന്നതാണെന്ന് ഡോ. അബ്‌ദുറഹ്മാന്‍ പൊയിലിയന്‍ പറയുന്നു. കാത്സ്യത്തിന്‍റെ കലവറയായതിനാല്‍ വാത രോഗങ്ങള്‍ക്കും സന്ധി വേദനകള്‍ക്കും കൊടിത്തൂവ മികച്ച ഫലം ചെയ്യുന്നതാണ്.
മുന്തിരിയും കൊടിത്തൂവയിലയും ചേര്‍ത്ത് ചുമയ്‌ക്കും ശ്വാസം മുട്ടലിനുമുള്ള ഔഷധമായും തലചുറ്റലിനുള്ള കഷായമായുമൊക്കെ ഇത് ഉപയോഗിച്ച് വരുന്നുണ്ട്. മികച്ച ആന്‍റി ഓക്‌സിഡന്‍റ് കൂടിയാണ് ചൊറിയണം.








