“എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്. നമ്മുടെ ഇന്ത്യൻ പതാകയിലെ ആ നിറം എനിക്ക് ഏറ്റവും മനോഹരമായി തോന്നുന്നു,”പേർളി മാണി

0
32
നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ വിമർശനം നേരിട്ട നടി പേർളി മാണി വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിമർശനങ്ങൾക്ക് മറുപടി നൽകുകയും തന്റെ നിലപാട് ആവർത്തിക്കുകയും ചെയ്തത്.
സമാധാനത്തിനും സുരക്ഷയ്ക്കും അഹിംസയ്ക്കുമൊപ്പമാണ് തന്റെ നിലപാടെന്ന് പേർളി വ്യക്തമാക്കി. ഇത്രയും പേരെ അത് അസ്വസ്ഥരാക്കുമെന്ന് കരുതിയില്ലെന്നും, തന്റെ അഭിപ്രായം പറയാനുള്ള അവകാശം ആർക്കും നിഷേധിക്കാനാകില്ലെന്നും അവർ കുറിച്ചു.
വിമർശനങ്ങൾക്കിടയിലും തന്റെ അഭിപ്രായത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ പേർളി, “നിങ്ങൾ എനിക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകേണ്ടതില്ല. അത് എനിക്ക് ഇതിനകം ഉണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ പതിവ് പാവയല്ല. ഞാൻ പേർളി മാണിയാണ്,” എന്നും പ്രതികരിച്ചു.
സ്വന്തം കുടുംബത്തെ പരാമർശിച്ചുള്ള വിമർശനങ്ങൾക്കും താരം മറുപടി നൽകി. തന്റെ രണ്ട് പെൺമക്കളെ ചൂണ്ടിക്കാട്ടി നടത്തുന്ന പ്രതികരണങ്ങൾ തന്റെ നിലപാട് മാറ്റില്ലെന്നും, “നിങ്ങൾ തെറ്റായ ആളെയാണ് വെല്ലുവിളിക്കുന്നത്” എന്നുമാണ് പേർളി കുറിച്ചത്.
അതേസമയം, “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്. നമ്മുടെ ഇന്ത്യൻ പതാകയിലെ ആ നിറം എനിക്ക് ഏറ്റവും മനോഹരമായി തോന്നുന്നു,” എന്ന പരാമർശവും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയാണ്.
കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ട പേർളിയുടെ ആദ്യ പോസ്റ്റിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലും സിനിമാരംഗത്തും അനുകൂലവും പ്രതികൂലവുമായി വ്യാപക പ്രതികരണങ്ങളാണ് ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here