കോട്ടയത്ത് മകൾക്കും ഭാര്യയ്ക്കും പിന്നാലെ വിഷം കഴിച്ച ഗൃഹനാഥനും മരിച്ചു

0
27
കുടുംബത്തോടൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന മറ്റപള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (50) ആണ് മരിച്ചത്. കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കൂരോപ്പടയിലാണ് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെ തുടർന്നായിരുന്നു സംഭവം എന്നാണ് സൂചന.ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ കുടുംബത്തെ വീടിനുള്ളിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ശനിയാഴ്ച്ച പുലർച്ചെ 5.30-ഓടെയാണ് തോമസിന്റെ മകൾ മരിയ മരിച്ചത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാല് മണിയോടെ അമ്മ ജോസ്നയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.തിങ്കളാഴ്ച ഉച്ചമുതൽ ജോസ്നയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും കോൾ എടുത്തിരുന്നില്ല. സംശയം തോന്നി വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ നാലുപേരെയും വീടിനുള്ളിൽ ബോധരഹിതരായ നിലയിൽ കണ്ടെത്തുകയായിരുന്നു.പരിശോധനയിൽ കൂരോപ്പടയിലെ സഹകരണ ബാങ്കിന്റെ മറ്റപ്പള്ളി ശാഖയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങുന്ന പാസ് ബുക്കും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here