സിനിമകളിൽ കാണുന്നതുപോലെ നെഞ്ചുപിടിച്ച് പിടഞ്ഞുവീഴുന്ന നാടകീയ രംഗങ്ങളാകണമെന്നില്ല യഥാർഥ ജീവിതത്തിൽ ഹൃദയാഘാതത്തിന്റേത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ചെറിയ നെഞ്ചെരിച്ചിലോ, പടികയറുമ്പോഴുള്ള ശ്വാസംമുട്ടലോ, എസി മുറിയിലിരിക്കുമ്പോഴുള്ള അമിത വിയർപ്പോ ഒക്കെയാകാം നിശബ്ദമായി എത്തുന്ന ഈ വില്ലൻ്റെ ആദ്യ സൂചനകൾ. ജീവൻ രക്ഷിക്കാൻ ലഭിക്കുന്ന ആദ്യത്തെ 10 മിനിറ്റിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളാണ് ഒരുപക്ഷേ ആ വ്യക്തിയുടെ ജീവനും മരണവും നിർണയിക്കുന്നത്.
ഹൃദയാഘാതം ശ്രദ്ധിക്കാതെ പോവരുത് ഈ ലക്ഷണങ്ങൾ
കാർഡിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ ഹൃദയാഘാതം സംശയിക്കുന്ന ആദ്യ 10 മിനിറ്റാണ് രോഗിയുടെ ജീവനും ഹൃദയപേശികളുടെ ആരോഗ്യവും നിർണയിക്കുന്ന ഏറ്റവും നിർണായക സമയം. ഈ ചുരുങ്ങിയ സമയത്ത് എന്ത് സംഭവിക്കുന്നു എന്നത് ഹൃദയപേശികൾ എത്രത്തോളം അതിജീവിക്കുമെന്ന് തീരുമാനിക്കുന്നു. സമയം ഹൃദയപേശികളാണ് എന്ന വാചകം കാർഡിയോളജിസ്റ്റുകൾ ആവർത്തിക്കാറുണ്ട്. രക്തയോട്ടം തടസ്സപ്പെടുന്ന ഓരോ മിനിറ്റിലും ഹൃദയപേശികൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും അവ നശിക്കുകയും ചെയ്യുന്നു. ചികിത്സ വൈകുന്നതിനനുസരിച്ച് സ്ഥിരമായ ഹൃദയക്ഷതത്തിനും മരണത്തിനും സാധ്യത വർധിക്കുന്നു.
ഹൃദയാഘാതം തിരിച്ചറിയേണ്ടത് എങ്ങനെ
ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല. ശക്തമായ നെഞ്ചുവേദനയാണ് സാധാരണ ലക്ഷണമെങ്കിലും ചിലരിൽ വളരെ വ്യത്യസ്തമായ രീതിയിലും രോഗം പ്രകടമാകാം. നെഞ്ചിൽ അമർത്തുന്നതോ മുറുകുന്നതോ പോലുള്ള തോന്നൽ, ഇടത് കൈയിലേക്കോ തോളിലേക്കോ കഴുത്തിലേക്കോ താടിയിലേക്കോ പുറകിലേക്കോ പടരുന്ന വേദന, പെട്ടെന്നുള്ള ശ്വാസംമുട്ടൽ, തലകറക്കം അല്ലെങ്കിൽ ബോധക്ഷയം, അമിതമായ തണുത്ത വിയർപ്പ്, ഛർദി, അസാധാരണമായ ക്ഷീണം എന്നിവ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. സ്ത്രീകൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവരിൽ സാധാരണ നെഞ്ചുവേദനയില്ലാതെയും ഹൃദയാഘാതം സംഭവിക്കാം. അതിനാൽ ലക്ഷണങ്ങളെ നിസാരമായി കാണാതെ സംശയം തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം.
ഹൃദയാഘാതം സംശയിച്ചാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ
ആദ്യ നിമിഷങ്ങളിൽ സ്വീകരിക്കുന്ന ശരിയായ നടപടികൾ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് ബെംഗളൂരുവിലെ കണ്ണിങ്ഹാം റോഡിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി സീനിയർ കൺസൾട്ടൻ്റായ ഡോ. മിതേഷ് കുമാർ വ്യക്തമാക്കുന്നു.
അടിയന്തര വൈദ്യസഹായം തേടുക
രോഗികൾ ആശുപത്രിയിൽ എത്താൻ വൈകുന്നതിൻ്റെ പ്രധാന കാരണം രോഗം അംഗീകരിക്കാനുള്ള മടിയാണ്. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നുവെങ്കിൽ ഉടൻ തന്നെ നടപടിയെടുക്കണമെന്നും ലക്ഷണങ്ങൾ ശമിക്കുന്നത് വരെ കാത്തിരിക്കുകയോ അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് മാത്രമാണെന്ന് കരുതുകയോ ചെയ്യരുതെന്നും ഡോ. മിതേഷ് കുമാർ നിർദേശിക്കുന്നു. രോഗിയെ സ്വയം വാഹനം ഓടിച്ചോ സ്വന്തം വാഹനത്തിലോ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പലരും തയാറാകാറുണ്ട്. ഇത് പ്രായോഗികമാണെന്ന് തോന്നുമെങ്കിലും അത് എപ്പോഴും ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പല്ലെന്ന് അദ്ദേഹം പറയുന്നു.
ഹൃദയാഘാതം ശ്രദ്ധിക്കാതെ പോവരുത് ഈ ലക്ഷണങ്ങൾ
ആംബുലൻസ് സേവനം ലഭ്യമാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അടിയന്തര മെഡിക്കൽ സംഘത്തിന് വഴിയിൽ വച്ചുതന്നെ ചികിത്സ ആരംഭിക്കാനും ഹൃദയമിടിപ്പ് നിരീക്ഷിക്കാനും കഴിയും. ആവശ്യമെങ്കിൽ ജീവൻ രക്ഷിക്കുന്ന മരുന്നുകൾ നൽകാനും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ വിവരം അറിയിക്കാനും അവർക്ക് സാധിക്കും. യാത്രാമധ്യേ രോഗിയുടെ നില വഷളായാൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സാന്നിധ്യം അവിടെയുണ്ടാകും. ആശുപത്രിയിലെത്തുന്നതിന് മുൻപ് ലാഭിക്കുന്ന ഓരോ മിനിറ്റും ഹൃദയപേശികളെ സംരക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
രോഗിയെ ശാന്തനാക്കുക
സഹായത്തിനായി വിളിച്ചുകഴിഞ്ഞാൽ പിന്നെ ഡോക്ടറാകാനല്ല മറിച്ച് രോഗിയെ ശാന്തനാക്കാനാണ് ശ്രമിക്കേണ്ടത്. രോഗിയെ പൂർണമായും കിടത്താതെ അല്പം ചാരിയിരുത്താൻ സഹായിക്കുക. കഴുത്തിലോ നെഞ്ചിലോ മുറുക്കമുള്ള വസ്ത്രങ്ങളുണ്ടെങ്കിൽ അയച്ചുകൊടുക്കുക. സഹായം എത്തുന്നുണ്ടെന്ന് ഉറപ്പുനൽകുകയും അനാവശ്യമായി ചലിക്കാതെ വിശ്രമിക്കാൻ പ്രേരിപ്പിക്കുകയും വേണം. ഉത്കണ്ഠയുള്ള ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കുകയും ഭയപ്പെടുന്ന വ്യക്തി വേഗത്തിൽ ശ്വാസമെടുക്കുകയും ചെയ്യും. അതിനാൽ മെഡിക്കൽ സഹായം എത്തുന്നത് വരെ ചലനം പരമാവധി കുറയ്ക്കുന്നത് ഹൃദയത്തിൻ്റെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കും.
ആസ്പിരിൻ ഉപയോഗിക്കേണ്ട സാഹചര്യം
ആദ്യ മിനിറ്റുകളിൽ ഉപയോഗപ്രദമാകുന്ന ചുരുക്കം ചില മരുന്നുകളിൽ ഒന്നാണ് ആസ്പിരിൻ. എന്നാൽ ഇത് ശരിയായ സാഹചര്യങ്ങളിൽ മാത്രമേ നൽകാവൂ. രോഗിക്ക് ബോധമുണ്ടെങ്കിൽ ആസ്പിരിനോട് അലർജിയില്ലെന്നും ഗുരുതര രക്തസ്രാവം ഉണ്ടായിരുന്നില്ലെന്നും ഉറപ്പാണെങ്കിൽ ഒരു സാധാരണ ആസ്പിരിൻ ഗുളിക ചവച്ചുകഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. കുമാർ വിശദീകരിക്കുന്നു. എന്നാൽ ആസ്പിരിൻ നൽകുന്നതിന് മുൻപ് അടിയന്തര മെഡിക്കൽ സേവനത്തെ വിളിക്കുന്നതോ ആശുപത്രിയിൽ പോകുന്നതോ വൈകാൻ പാടില്ല. ഫോൺ വിളിക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്.
നൈട്രോഗ്ലിസറിൻ ഉപയോഗം
ആൻജിനയ്ക്കായി മുൻപ് ഡോക്ടർ നിർദേശിച്ച നൈട്രോഗ്ലിസറിൻ മരുന്ന് രോഗിയുടെ കൈവശമുണ്ടെങ്കിൽ അതേ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണം. മറ്റൊരാളുടെ മരുന്ന് ഒരിക്കലും നൽകാൻ പാടില്ല. ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ മറ്റ് പല അവസ്ഥകളുമായും സാമ്യമുള്ളതിനാൽ ഒരു രോഗിയെ സഹായിക്കുന്ന മരുന്നുകൾ മറ്റൊരു രോഗിക്ക് ദോഷം ചെയ്തേക്കാം.
ഹൃദയാഘാതവും കാർഡിയാക് അറസ്റ്റും
ഹൃദയാഘാതം ഉണ്ടാകുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചാൽ ഒരാൾ നിലത്തുവീഴുന്നതാണ് പലരും വിവരിക്കുക. എന്നാൽ അത് പലപ്പോഴും കാർഡിയാക് അറസ്റ്റിനെയാണ് സൂചിപ്പിക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ സമയത്ത് ഹൃദയം സാധാരണയായി മിടിച്ചുകൊണ്ടിരിക്കും. രോഗിക്ക് സംസാരിക്കാനും പ്രതികരിക്കാനും സാധിച്ചേക്കാം.
എന്നാൽ കാർഡിയാക് അറസ്റ്റ് വ്യത്യസ്തമാണ്. ഇവിടെ ഹൃദയം പെട്ടെന്ന് ഫലപ്രദമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുന്നു. രോഗി പെട്ടെന്ന് കുഴഞ്ഞുവീഴുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യും. സാധാരണ ശ്വാസോച്ഛ്വാസം നിലയ്ക്കുകയോ അസാധാരണമാകുകയോ ചെയ്യും. ആരെങ്കിലും കുഴഞ്ഞുവീഴുകയും പ്രതികരിക്കാതിരിക്കുകയും സാധാരണഗതിയിൽ ശ്വസിക്കാതിരിക്കുകയും ചെയ്താൽ ഉടൻ അടിയന്തര മെഡിക്കൽ സേവനങ്ങളെ വിളിക്കണം. പരിശീലനം ലഭിച്ചവരാണെങ്കിൽ ഉടൻ സിപിആർ ആരംഭിക്കുക. ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ ലഭ്യമാണെങ്കിൽ അത് ഓണാക്കി കാലതാമസമില്ലാതെ വോയ്സ് നിർദേശങ്ങൾ പാലിക്കുക. നൂതന വൈദ്യസഹായം എത്തുന്നതുവരെ നേരത്തെയുള്ള സിപിആർ, ഡിഫിബ്രിലേഷൻ എന്നിവ അതിജീവന സാധ്യത ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ഡോ. കുമാർ പറയുന്നു.
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ
ചില സമയങ്ങളിൽ ശരിയായ ഉപദേശത്തേക്കാൾ വേഗത്തിൽ തെറ്റായ ഉപദേശങ്ങൾ പ്രചരിക്കാറുണ്ട്. ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടായാൽ പലരും ചെയ്യുന്ന ചില തെറ്റുകൾ ജീവന് അപകടമാകുമെന്ന് കാർഡിയോളജിസ്റ്റുകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. കുറച്ചുകഴിഞ്ഞാൽ മാറുമെന്ന് കരുതി കാത്തിരിക്കരുത്. വൈദ്യപരിശോധനയില്ലാതെ ഗ്യാസ്, ദഹനക്കേട്, മസിൽ വേദന എന്നിവയാണെന്ന് സ്വയം തീരുമാനിക്കരുത്. ആശ്വാസം ലഭിക്കാൻ രോഗിയെ നടക്കാൻ നിർബന്ധിക്കരുത്. രോഗിയെ സ്വയം വാഹനം ഓടിച്ച് ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കരുത്. ലക്ഷണങ്ങൾ തുടരുമ്പോൾ ഇൻ്റർനെറ്റിൽ വീട്ടുവൈദ്യങ്ങൾ തിരഞ്ഞ് സമയം കളയരുത്. ഛർദി തോന്നുന്നവർക്ക് ഭക്ഷണമോ പാനീയമോ നിർബന്ധിച്ച് നൽകരുത്. വേദന ഇടയ്ക്ക് വരികയും പോവുകയും ചെയ്യുന്നുണ്ടെന്ന കാരണം പറഞ്ഞ് ചികിത്സ വൈകിക്കരുത്.
ആധുനിക കാർഡിയോളജി ഹൃദയാഘാതത്തെ ചികിത്സിക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. തടസ്സപ്പെട്ട ധമനികൾ പലപ്പോഴും തുറക്കാനും തകരാറിലായ രക്തയോട്ടം പുനഃസ്ഥാപിക്കാനും ജീവൻ രക്ഷിക്കാനും ഇന്ന് വൈദ്യശാസ്ത്രത്തിന് കഴിയുന്നുണ്ട്. എന്നാൽ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയ്ക്ക് പോലും വീണ്ടെടുക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. അത് ഇതിനകം നശിച്ചുപോയ ഹൃദയപേശികളാണ്. അതുകൊണ്ടാണ് സമയം ഹൃദയപേശികളാണ് എന്ന വാചകം കാർഡിയോളജിസ്റ്റുകൾ ആവർത്തിക്കുന്നത്. ചികിത്സയില്ലാത്ത ഓരോ മിനിറ്റും നാശനഷ്ടങ്ങൾ വർധിപ്പിക്കുന്നു. ലാഭിക്കുന്ന ഓരോ മിനിറ്റും വരും വർഷങ്ങളിൽ രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിൻ്റെ കഴിവിനെ കൂടുതൽ സംരക്ഷിക്കുന്നു.







