തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. കെഎസ്ആർടിസിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 11.84 ലക്ഷമായി ഉയർന്നു. അതേസമയം സ്വകാര്യ ബസ് മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ആദ്യ മാസം തന്നെ ഉണ്ടായത്.
പ്രിയദർശിനി പദ്ധതി സ്ത്രീ യാത്രക്കാരെ സംബന്ധിച്ച് വൻ വിജയമാണെന്നാണ് ആദ്യ മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം 11.84 ലക്ഷം സ്ത്രീകളാണ് നിലവിൽ കെഎസ്ആർടിസിയിയിൽ യാത്ര ചെയ്യുന്നത്. ഒരു മാസംകൊണ്ട് ഏകദേശം 95 കോടി രൂപയുടെ സൗജന്യ യാത്രയാണ് പൂർത്തിയായത്. മൂന്ന് കോടി സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്തു.
3125 ഓർഡിനറി ബസുകളാണ് സൗജന്യയാത്രയ്ക്കായി സർവീസ് നടത്തുന്നത്. സ്ത്രീ യാത്രക്കാരിൽ 40 ശതമാനംവരെ വർധനവുണ്ടായിട്ടുണ്ടെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ പറയുന്നത്. സാധാരണക്കാരായ സ്ത്രീ യാത്രക്കാർക്ക് പ്രതിമാസം വലിയ തുക ലാഭിക്കാൻ കഴിയുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
പ്രിയദർശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോൾ സർക്കാറിന് പൂർണ്ണ തൃപ്തിയുണ്ടെന്നാണ് ഗതാഗതമന്ത്രി സിപി ജോൺ പറയുന്നത്. മറ്റൊരു സർക്കാർ പദ്ധതിയും ജനങ്ങൾ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്ത് ഏറ്റെടുത്തിട്ടില്ല. സ്ത്രീകളുടെ ജീവിതത്തിൽ ഈ പദ്ധതി ഗുണപരമായ മാറ്റങ്ങൾ വരുത്തി. സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു. പൊതുജനങ്ങൾ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ, മറുവശത്ത് പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാമ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. വരുമാന ചോർച്ചയെ തുടർന്ന് സംസ്ഥാനത്ത് അഞ്ഞൂറിലധികം ബസുകളാണ് സർവീസ് പൂർണ്ണമായും നിർത്തിവെച്ചത്.
സ്ത്രീ യാത്രക്കാർ സ്വകാര്യ ബസ് ഉപേക്ഷിച്ചതോടെ ഡീസൽ അടിക്കാനുള്ള പണവും തൊഴിലാളികളുടെ കൂലിയും കണ്ടെത്താൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ബസ് ഉടമകൾ പറയുന്നു. സ്വകാര്യ ബസ് മേഖലയുടെ ഈ അടിയന്തര പ്രതിസന്ധി പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാറിൻ്റെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതിയാണ് വിഷയം പഠിക്കുന്നത്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, സ്വകാര്യ ബസുകൾക്ക് സബ്‌സിഡിയോ മറ്റ് ഇളവുകളോ നൽകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.








