തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതിക്കായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അപൂർണമാണെന്നും ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗ റെയിൽ പാത: ഡിഎംആർസി റിപ്പോർട്ട് അപൂർണം
ഡിഎംആർസി തയ്യാറാക്കിയ റിപ്പോർട്ടിൽ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങൾ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മികച്ച സാമ്പത്തിക മാതൃകയിലല്ല റിപ്പോർട്ടുള്ളത്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത സംബന്ധിച്ചും വ്യക്തമായ പരാമർശമില്ല.
ഗതാഗത സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒഎസ്ഡിയും സാമ്പത്തിക, റെയിൽവെ, പാരിസ്ഥിതിക വിദഗ്ധരും അടങ്ങുന്ന സമിതി റിപ്പോർട്ട് പരിശോധിച്ച് സർക്കാരിന് കൈമാറിയിട്ടുണ്ട്. കെ-റെയിൽ പദ്ധതിക്ക് സംഭവിച്ചതുപോലെ പഠനങ്ങൾ പൂർത്തിയാക്കാതെ ഭൂമിയേറ്റെടുക്കലിലേക്ക് കടക്കുന്ന അബദ്ധം ആവർത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ യാത്രക്കാർക്ക് മാത്രമുള്ള പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. റോഡിലെ വാഹന സാന്ദ്രത കുറയ്ക്കുന്നതിനായി അതിവേഗ പാതയിൽ ചരക്ക് നീക്കം കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ പദ്ധതി ലാഭകരമാകില്ല. അതിനാൽ ചരക്കുഗതാഗത സാധ്യതകൾ, ബദൽ മാർഗങ്ങൾ, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ മെട്രോ, തുറമുഖം, ഉൾനാടൻ ജലഗതാഗതം എന്നിവയുമായുള്ള സംയോജനം എന്നീ കാര്യങ്ങളിൽ സർക്കാർ സ്വതന്ത്രമായി പഠനം നടത്തും.
കൃത്യമായ സാമ്പത്തിക മാതൃകയോ പാരിസ്ഥിതിക പഠനങ്ങളോ ഇല്ലാതെ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമോ നിർമാണ പ്രവർത്തനങ്ങളോ ആരംഭിക്കില്ല. പദ്ധതിയുടെ യഥാർഥ ആവശ്യകതയും സാമ്പത്തിക പ്രാധാന്യവും ബോധ്യപ്പെട്ടാൽ മാത്രമേ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിലേക്ക് കടക്കൂ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതികളുടെ ഏകോപനത്തിന് പുതിയ സെൽ
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനും പ്രൊജക്ട് മാപ്പിങ്ങിനുമായി പൊതുഭരണ വകുപ്പിന് കീഴിൽ ബിസിനസ് പ്രോസസ് ആൻഡ് റീ എൻജിനിയറിങ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചു. പദ്ധതികൾ നടപ്പാക്കാനുളള കാലതാമസം കാരണം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടപ്പെടുന്നത്.
രണ്ട് വർഷം കൊണ്ട് തീർക്കേണ്ട 100 കോടിയുടെ പദ്ധതികൾ 10 വർഷം കഴിഞ്ഞാലും പൂർത്തിയാകാത്ത അവസ്ഥയുണ്ട്. ഇതോടെ നിരക്ക് വർധനയും കരാറുകാരുടെ പ്രശ്നങ്ങളും കാരണം പദ്ധതിച്ചെലവ് 1000 കോടിയായി കുതിച്ചുയരുകയാണ്. ഇത് ഒഴിവാക്കാൻ കൃത്യമായ പ്രൊജക്ട് മാപ്പിങ് നടത്തി, പ്രൊജക്ട് പ്രോട്ടോക്കോൾ രൂപീകരിച്ച്, ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം നിശ്ചയിച്ചു നൽകും. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കുകയാണ് പുതിയ സെല്ലിലൂടെ ലക്ഷ്യമിടുന്നത്.
ഗവൺമെൻ്റ് പ്ലീഡർ നിയമനത്തിൽ വിവാദമില്ല
ഗവൺമെൻ്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി നൽകി. കോളജ് പഠനകാലത്ത് എസ്എഫ്ഐ, എബിവിപി പ്രവർത്തകരായിരുന്ന രണ്ടുപേരെ പ്ലീഡർമാരായി നിയമിച്ചു എന്നതാണ് പ്രധാന ആരോപണം. എന്നാൽ ഈ പേരുകൾ സർക്കാരിന് നിർദേശിച്ചത് കോൺഗ്രസിൻ്റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആണ്. ലോയേഴ്സ് കോൺഗ്രസിൻ്റെ സംസ്ഥാന കമ്മിറ്റിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നൽകിയ പട്ടികയിലാണ് വിവാദമായ രണ്ടുപേരുടെ പേരുകളുമുള്ളത്. അല്ലാതെ തിരുവനന്തപുരം ലോ കോളജ് യൂണിറ്റ് കമ്മിറ്റിയല്ല പ്ലീഡർമാരെ തീരുമാനിക്കുന്നത്.
പട്ടിക ലഭിച്ചയുടനെ പേരുകൾ അന്ധമായി അംഗീകരിക്കുകയല്ല ചെയ്തത്. ഇരുവരും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിലെ അംഗങ്ങളും തികഞ്ഞ പ്രാഗത്ഭ്യമുള്ള അഭിഭാഷകരുമാണ്. ഇവരുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് നിയമനം നൽകിയത്. അഡ്വക്കേറ്റ് ജനറലിൻ്റെ അഭിപ്രായവും ഇതിൽ തേടിയിരുന്നു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് മുന്നിൽ ഇതുവരെ യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ മാത്രമാണ് ഇത്തരം പരാതികൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതികളിൽ മികച്ച അഭിഭാഷകരെയാണ് ആവശ്യമെന്നും നിയമനത്തിനായി സിപിഎമ്മിൻ്റെയോ കോൺഗ്രസിൻ്റെയോ പോഷക സംഘടനകളുടെ അനുമതി തേടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിൽ നിന്നും വന്ന അഞ്ചുപേർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായവരാണെന്നും ബിജെപിയിൽ നിന്നും ഒരാൾ വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ സർക്കാരിൻ്റെ കാലത്ത് യാതൊരു നടപടിക്രമവുമില്ലാതെയാണ് 16 പേരെ പ്ലീഡർമാരായി നിയമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പേഴ്സണൽ സ്റ്റാഫ് നിയമനം
കിഫ്ബി സമിതിയെ സഹായിക്കാൻ തൻ്റെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചതിൽ ഒരു ക്രമവിരുദ്ധതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന തൻ്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നത്. തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന ഒരു സംവിധാനം മാത്രമാണതെന്നും അതിൽ യാതൊരുവിധ അനൗചിത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതാവ് പി. രാജീവ് ചിന്തകനും ബുദ്ധിജീവിയും എഴുത്തുകാരനുമാണെന്നും താൻ ഒരു സാധാരണക്കാരനാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ശൈലിയല്ല തൻ്റേതെന്നും പരിഹസിച്ചു.
പത്മ പുരസ്കാരവും ധനസഹായവും
2027ലെ പത്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കേണ്ട നാമനിർദേശങ്ങളുടെ കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പേരുകൾ ശുപാർശ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കീഴ്‌വഴക്കം അനുസരിച്ച് പേരുകൾ ഇപ്പോൾ പുറത്തുവിടുന്നില്ല. ഇതിനുപുറമെ പൊലീസ് വാഹനം ഇടിച്ച് മരിച്ച സ്കൂൾ വിദ്യാർഥി ജിനരാജിൻ്റെ കുടുംബത്തിന് ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു.








