
ന്യൂയോർക്ക് : യുഎസിൽ താൽകാലിക പെർമിറ്റിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ കമ്പനികൾക്ക് ഉത്തരവ് നൽകി യുഎസ് ഭരണകൂടം. യുഎസ് സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന നൽകുന്നതിൽ വളരെ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളാണ് ഇവർ.
നിലവിൽ യുഎസിൽ ഇവരുടെ താൽക്കാലിക ജോലി പെർമിറ്റുകളുടെ കാലാവധി അവസാനിക്കുന്നതോടെ, ഇവരെ എത്രയും വേഗം ജോലിയിൽ നിന്ന് ഒഴിവാക്കണം എന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി യുഎസ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
എന്താണ് ടെമ്പററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് ?
1990-ലാണ് യുഎസ് ഈ ടെമ്പററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് എന്ന പദവി കൊണ്ടുവന്നത്. മാനുഷിക പരിഗണന മുൻനിർത്തിയാണ് ഈ നിയമം അന്ന് പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഏതെങ്കിലും രാജ്യത്ത് ആഭ്യന്തര യുദ്ധം, കടുത്ത രാഷ്ട്രീയ പ്രതിസന്ധി, ഭൂകമ്പം പോലെയുള്ള വലിയ പ്രകൃതിദുരന്തങ്ങൾ എന്നിവ ഉണ്ടായാൽ ആ രാജ്യത്തെ ആളുകൾക്ക് താമസിക്കാൻ സാഹചര്യം ഇല്ലങ്കിൽ അവർക്ക് യുഎസിൽ താൽകാലികമായി താമസിക്കാനോ ജോലിചെയ്യാനോ അനുവദിക്കുന്നതാണ് ഈ നിയമം.
ആരൊക്കെയാണ് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ യുഎസിൽ താമസിക്കുന്നത്?
ഹൈതി, സിറിയ, മ്യാൻമർ, എത്യോപ്യ, സൊമാലിയ, ദക്ഷിണ സുഡാൻ, യെമൻ ഉൾപ്പെടെയുള്ള പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിദേശികൾ ഈ വിസകളിൽ അവിടെ കഴിയുന്നുണ്ട്.
നാഷണൽ ഇമിഗ്രേഷൻ ഫോറത്തിന്റെ കണക്കുകൾ പറയുന്നത് ഇതിൽ വലിയ അഞ്ചു രാജ്യങ്ങളിൽ നിന്ന് മാത്രം 20,000-ത്തോളം ടിപിഎസ് ഹോൾഡർമാർ യുഎസിൽ ഉണ്ട്. 3.3 ലക്ഷത്തിലധികം ഹൈതികളും, ആറായിരത്തിലധികം സിറിയക്കാരും ഉൾപ്പെടുന്നു.
എന്താണ് നിലവിൽ സംഭവിച്ചത്?
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ ഇമ്മിഗ്രേഷൻ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ശക്തമാക്കുകയും, ഈ ടിപിഎസ് സംരക്ഷണ പദവി അവസാനിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. ടിപിഎസ് സംരക്ഷണ പദവി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കോടതി ട്രംപ് ഭരണകൂടത്തിന് അനുകൂല വിധിയും പുറപ്പെടുവിച്ചിരുന്നു.
ഇതേ തുടർന്ന് കാലാവധി അവസാനിപ്പിക്കാൻ മണിക്കുറുകൾ മാത്രം അവശേഷിക്കെ ഭരണകൂടം ഇവർക്ക് കാലാവധി നീട്ടി നൽകി. എന്നാൽ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഇപ്പോൾ ഈ പദവിയിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ നിർദ്ദേശിച്ചു.
ഇത് പല കമ്പനികൾക്കും ആശയ കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എത്യോപ്യ, മ്യാൻമർ, സൊമാലിയ, ദക്ഷിണ സുഡാൻ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പെർമിറ്റ് ജൂലൈ 17നു അവസാനിക്കുന്ന രീതിയിലാണ് നീട്ടി നൽകിയിരിക്കുന്നത്. ഹൈതിയിൽ നിന്നുള്ള തൊഴിലാളികളുടെ പെർമിറ്റ് ജൂലൈ 24 ന് അവസാനിക്കും. ഇപ്പോൾ ഈ തീയതികളിൽ മാറ്റം വരുത്തിയതും കർശന നിയമവും കാരണം തൊഴിൽ ഉടമകൾ പ്രതിസന്ധിയിലാണ്.







