കാൻസസ് സിറ്റി: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശകരമായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ നേരിടാൻ ഒരുങ്ങുകയാണ് സ്വിറ്റ്സർലൻഡ്. മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകർ ഉന്നയിച്ച പ്രധാന ചോദ്യം ഒന്നുമാത്രമായിരുന്നു. ഈ ടൂർണമെന്‍റില്‍ അസാമാന്യ ഫോമിലുള്ള ലയണൽ മെസ്സിയെ സ്വിറ്റ്സർലൻഡ് എങ്ങനെ തടയും?
മാധ്യമപ്രവർത്തകരുടെ ഈ ചോദ്യത്തെ ചിരിയോടെയാണ് സ്വിസ് കോച്ച് മുരാത് യാക്കിൻ നേരിട്ടത്. “ഇതെന്നെ ഒട്ടും അത്ഭുതപ്പെടുത്താത്ത ചോദ്യമാണ്, മെസ്സിയെ തടയാൻ ഒരുപാട് വഴികളുണ്ട്. അതിൽ ഏറ്റവും മികച്ചത് ഞങ്ങൾ തിരഞ്ഞെടുക്കും. നാളെ മൈതാനത്ത് ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും. മികച്ച പാസുകളും ഹൈ-പ്രസ്സിങ് ഗെയിമുമായിരിക്കും ഞങ്ങളുടെ ആയുധം. വാക്കുകളേക്കാൾ പ്രധാനം മൈതാനത്തെ പ്രകടനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രായത്തെ തോൽപ്പിക്കുന്ന മെസ്സി മാജിക്
39-ാം വയസ്സിലും അർജന്‍റീനയെ മുന്നിൽ നിന്ന് നയിക്കുന്ന ലയണൽ മെസ്സി, ഈ ലോകകപ്പിലെ 5 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളാണ് ഇതിനകം അടിച്ചുകൂട്ടിയത്. പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനവുമായി കരിയറിലെ തന്നെ ഏറ്റവും മികച്ച ടൂർണമെന്‍റുകളിലൊന്നിലൂടെയാണ് മെസ്സി കടന്നുപോകുന്നത്. ഈ കഴിഞ്ഞ പ്രീ-ക്വാർട്ടറിൽ ഈജിപ്‌തിനെതിരെ ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും, പിന്നീട് ഒരു അസിസ്റ്റും ഒരു ഗോളുമായി മെസ്സി അർജന്‍റീനയെ തോളിലേറ്റി. ഒടുവിൽ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ ഹെഡർ ഗോളിലൂടെ 3-2 എന്ന നാടകീയ ജയത്തോടെയാണ് അർജന്‍റീന ക്വാർട്ടറിലെത്തിയത്.
സ്പേസ് നൽകില്ലെന്ന് ഗ്രാനിറ്റ് ഷാക്ക
90 മിനിറ്റും മെസ്സിയെ പൂർണ്ണമായി തടഞ്ഞുനിർത്തുക പ്രായോഗികമല്ലെന്ന് സ്വിസ് നായകൻ ഗ്രാനിറ്റ് ഷാക്ക സമ്മതിക്കുന്നു. “അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞങ്ങൾ സ്‌മാർട്ടായി കളിക്കണം. പ്രതിരോധ നിരകൾക്കിടയിലെ വിടവുകൾ അടച്ച് മെസ്സിക്ക് കളിക്കാൻ ഒട്ടും സ്ഥലം അനുവദിക്കരുത്. പരമാവധി പന്ത് ഞങ്ങളുടെ കൈവശം വെച്ച് കളിക്കാനാണ് ശ്രമിക്കുക, അങ്ങനെ വരുമ്പോൾ മെസ്സിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കില്ലായെന്ന് ഷാക്ക വ്യക്തമാക്കി.
72 വർഷത്തെ കാത്തിരിപ്പും 2014 ലെ പകരംവീട്ടലും
1954 ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന് ശേഷം സ്വിറ്റ്സർലൻഡ് ഇതുവരെ ക്വാർട്ടർ ഫൈനൽ കടന്നിട്ടില്ല. അന്ന് ഓസ്ട്രിയയോട് 7-5 ന് തോറ്റായിരുന്നു അവർ പുറത്തായത്. കൂടാതെ, 2014 ബ്രസീൽ ലോകകപ്പിലെ പ്രീ-ക്വാർട്ടറിൽ അർജന്‍റീനയോട് ഏറ്റ തോൽവിക്ക് പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണിത്. 118-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്‍റീന സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയത്.
അന്ന് ടീമിലുണ്ടായിരുന്ന ഷാക്കയ്ക്ക് ആ ഓർമ്മകൾ അത്ര സുഖകരമല്ല. “12 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും അർജന്‍റീനയ്ക്ക് മുന്നിലെത്തിയിരിക്കുന്നു. ഇത്തവണ പുതിയ മാനസികാവസ്ഥയുള്ള, പുതിയൊരു തലമുറയാണ് സ്വിസ് ടീമിലുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങളുടെ കളി ശൈലി ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഷാക്ക കൂട്ടിച്ചേർത്തു.
അപരാജിത കുതിപ്പിൽ സ്വിറ്റ്സർലൻഡ്
ടൂർണമെന്‍റില്‍ തോൽവിയറിയാതെയാണ് സ്വിറ്റ്സർലൻഡിന്‍റെ കുതിപ്പ്. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും അവർ വിജയിച്ചു. പ്രീ-ക്വാർട്ടറിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് വരുന്നത്. മറുവശത്ത് അർജന്‍റീന അവസാന രണ്ട് മത്സരങ്ങളിലും കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് ക്വാർട്ടറിലെത്തിയത്. അവസാന വിസിൽ മുഴങ്ങുന്നത് വരെ പോരാടുന്ന അർജന്‍റീനയുടെ അതേ മനോവീര്യം തങ്ങളും പുറത്തെടുക്കുമെന്ന് ഷാക്ക പറയുന്നു. ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇടം നേടുക എന്ന വലിയ സ്വപ്‌നവുമായാണ് സ്വിറ്റ്സർലൻഡ് നാളെ പോരാട്ടത്തിന് ബൂട്ട് കെട്ടുന്നത്.






