തിരുവനന്തപുരം: കേരളത്തിൻ്റെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇത്തവണത്തെ ഓണം ബംബർ എത്തുന്നു. ഒന്നാം സമ്മാനം 25 കോടിയിൽനിന്ന് ഒറ്റയടിക്ക് 30 കോടിയായി ഉയർത്തി സർക്കാർ ഉത്തരവിറക്കിയതോടെ, രാജ്യത്തുതന്നെ ഇത്രയും ഉയർന്ന തുക നൽകുന്ന ഏക സംസ്ഥാനമായി കേരളം മാറി.
ഭാഗ്യക്കുറി വകുപ്പിൻ്റെ സമ്മാനഘടനയിൽ മറ്റ് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമായാണ് കുറച്ചത്. ടിക്കറ്റ് വിലയിൽ മാറ്റമില്ലാതെ 500 രൂപ തന്നെ തുടരും. അടിസ്ഥാന വിലയായ 357.14 രൂപയും 40 ശതമാനം ജിഎസ്ടിയും ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് 500 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഓണം ബംബർ പ്രകാശനം ചെയ്യുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ഏജൻ്റുമാർക്ക് നൽകാനായി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആവശ്യകത അനുസരിച്ചാകും കൂടുതൽ പ്രിൻ്റ് ചെയ്യുക. ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎൽ എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ഇത്തവണ ടിക്കറ്റുകൾ പുറത്തിറക്കുന്നത്.
സമ്മാനഘടനയുടെ പൂർണവിവരങ്ങൾ
ഒന്നാം സമ്മാനം: 30 കോടി രൂപ (ഒരാൾക്ക്).
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും രണ്ട് വീതം).
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും രണ്ട് വീതം).
നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നു വീതം).
അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നു വീതം).
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേർക്ക്.
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേർക്ക്.
എട്ടാം സമ്മാനം: 1000 രൂപ വീതം 1,24,200 പേർക്ക്.
ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്.
സമാശ്വാസ സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം ഒൻപത് പേർക്ക്.
ഓൺലൈൻ വിൽപനയ്ക്ക് വിലക്ക്
ആകെ 125 കോടി 54 ലക്ഷം രൂപയാണ് ഭാഗ്യശാലികൾക്കായി സമ്മാനത്തുകയായി നൽകുന്നത്. സെപ്റ്റംബർ 26ന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക. അതേസമയം, ടിക്കറ്റുകളുടെ ഓൺലൈൻ വിൽപന നിയമവിരുദ്ധമാണെന്ന് ഡയറക്ടർ മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള ഏജൻ്റുമാരിൽനിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ. സമൂഹമാധ്യമങ്ങൾ വഴിയോ ഡിജിറ്റൽ പേയ്‌മെൻ്റ് ലിങ്കുകളിലൂടെയോ യാതൊരു കാരണവശാലും ടിക്കറ്റുകൾ വാങ്ങരുതെന്നും കർശന നിർദേശമുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ലോട്ടറിയിലൂടെ ലഭിക്കുന്ന തുക കാരുണ്യ ഉൾപ്പെടെയുള്ള വിവിധ ജനക്ഷേമ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഓണം ബംബറിന് ലഭിച്ച വൻ സ്വീകാര്യത ഇത്തവണയും ആവർത്തിക്കുമെന്നാണ് ലോട്ടറി വകുപ്പിൻ്റെ പ്രതീക്ഷ.







